2024ലെ ഭൗതികശാസ്ത്ര നൊബേൽ ജോൺ ജെ ഹോപ്ഫീൽഡിനും ജെഫ്റി ഇ ഹിന്റണും

ഹോപ്‌ഫീൽഡ് / ജെഫ്രി ഹിന്റണ്‍


സ്‌റ്റോക്‌ഹോം നിര്‍മിത ബുദ്ധി(എഐ)യുമായി ബന്ധപ്പെട്ട ​ഗവേഷണത്തിന് അമേരിക്കൻ ശാസ്ത്രജ്ഞൻ ജോൺ ജെ ഹോപ്‌ഫീൽഡും(91) ബ്രിട്ടീഷ്‌–- കനേഡിയൻ കംപ്യൂട്ടർ വിദ​​​ഗ്ധന്‍ ജെഫ്രി ഇ ഹിന്റണും(76) ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പങ്കിട്ടു. "നിർമിതബുദ്ധിയുടെ തലതൊട്ടപ്പൻ' എന്ന വിശേഷണമുള്ള ജെഫ്രി ഹിന്റൺ, നിർമിത ബുദ്ധിയിലൂടെ മനുഷ്യരെ മറികടക്കാന്‍ കഴിയുന്ന യന്ത്രങ്ങളെക്കുറിച്ച് ലോകത്തിന്‌ മുന്നറിയിപ്പ്‌ നൽകിയാണ് 2023ല്‍ ​ആ​ഗോള സേര്‍ച്ച് എന്‍ജിന്‍ ഭീമന്‍ ​ഗൂ​ഗിളില്‍ നിന്നും രാജിവച്ചത്. നിര്‍മിത ബുദ്ധിയുടെ അടിസ്ഥാനമായ "മെഷീൻ ലേണിങ്‌' സങ്കേതങ്ങൾ വികസിപ്പിച്ചതിനാണ്‌ ഇവരെ പുരസ്കാരം തേടിയെത്തിയത്. കംപ്യൂട്ടറിന്  വിവരങ്ങൾ സൃഷ്ടിക്കാൻ സ്വയം പരിശീലിപ്പിക്കാൻ കഴിയുന്നതിനുള്ള സങ്കേതമാണിത്.  "മെഷീൻ ലേണിങ്‌' സംവിധാനത്തിന്‌ അടിത്തറ പാകിയത് ഇരുവരുടെയും പഠനങ്ങളാണെന്ന് പുരസ്കാര സമിതി വിലയിരുത്തി. കംപ്യൂട്ടറിന് ഓർമിച്ചുവയ്ക്കാൻ പറ്റുന്ന അനുബന്ധ മെമ്മറി (അസോഷ്യേറ്റീവ്‌ മെമ്മറി) വികസിപ്പിച്ചത്‌ ഹോപ്‌ഫീൽഡാണ്‌. വസ്തുക്കൾ ഡാറ്റയായി ഓർമിച്ചുവയ്ക്കാൻ കംപ്യൂട്ടറിനെ സഹായിക്കുന്ന മാതൃക ജെഫ്രി ഹിന്റൺ വികസിപ്പിച്ചു. ഫേഷ്യൽ–- വോയ്‌സ്‌ റെക്കഗ്‌നിഷൻ, വിവർത്തനം, വിനോദ പ്ലാറ്റ്‌ഫോമുകളിൽ ഉപയോക്താവിന്റെ താൽപ്പര്യം അനുസരിച്ച്‌ സേവനങ്ങളുടെ മുൻഗണന നിർണയിക്കുക തുടങ്ങി  ദൈനംദിന ജീവിതത്തിന്റെ ഭാഗമായ സംവിധാനങ്ങൾ തയ്യാറാക്കുന്നതിനുവരെ ഇരുവരുടെയും പഠനമാണ്‌ അടിസ്ഥാനമായത്‌. നിർമിതബുദ്ധിയുടെ ദൂഷ്യവശങ്ങളെപ്പറ്റി എന്നും മുന്നറിയിപ്പ്‌ നൽകിയയാളാണ്‌ ഹിന്റണെന്നും നൊബേൽ സമിതി ചൂണ്ടിക്കാട്ടി. വ്യവസായ വിപ്ലവത്തിന്‌ സമാനമായ മാറ്റങ്ങൾ ലോകത്ത്‌ കൊണ്ടുവരാൻ നിർമിതബുദ്ധിക്കാവുമന്ന്‌ ഹിന്റൺ പറഞ്ഞു. യന്ത്രങ്ങൾ  മനുഷ്യരുടെ ശാരീരികാധ്വാനത്തിന്‌ പകരമായെങ്കിൽ അതേ യന്ത്രങ്ങളെ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയാക്കുകയാണ്‌ നിർമിതബുദ്ധി ചെയ്യുന്നത്‌. മനുഷ്യരെക്കാൾ ബുദ്ധിയുള്ള മെഷീനുകൾ ഉണ്ടാക്കുന്ന അപകടത്തെക്കുറിച്ച്‌ ജാഗ്രതയുണ്ടാകണം–- അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News