സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാൻ പാർലമെന്റിന് അധികാരം നൽകി പാകിസ്ഥാൻ

photo credi: X


ഇസ്ലാമാബാദ്‌> സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുക്കാൻ  പാർലമെന്റിന്‌ അധികാരം നൽകി പാക്കിസ്ഥാൻ. ഇതുകൂടാതെ ചീഫ് ജസ്റ്റിസിന്റെ കാലാവധി മൂന്നുവർഷമാക്കിക്കുറച്ചും  പുതിയ ഭരണഘടനാഭേദഗതിക്ക്‌ അംഗീകാരം നൽകിയിരിക്കുകയാണ്‌ പാക്കിസ്ഥാൻ.  ഇരുപത്താറാം ഭരണഘടനാ ഭേദഗതി ബില്ലാണ്‌ ഞായർ രാത്രി നടന്ന പ്രത്യേക സമ്മേളനത്തിൽ പാർലമെന്റിന്റെ രണ്ടു സഭകളും മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ പാസാസാക്കിയത്‌. പൊതു അവധി ദിവസത്തിൽ പാർലമെന്റ്‌ കൂടിയതിൽ പ്രതിപക്ഷത്തുനിന്ന്‌ പ്രതിഷേധമുണ്ട്‌. പുതിയ നിയമം ജുഡീഷ്യറിയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ പാർടികൾ വിമർശിച്ചു. ചീഫ് ജസ്റ്റിസിനെ പ്രത്യേക പാർലമെന്ററി കമ്മിറ്റി നാമനിർദ്ദേശം ചെയ്യും.സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന മൂന്ന് ജഡ്‌ജിമാരിൽനിന്ന്‌ അടുത്ത ചീഫ്‌ ജസ്‌റ്റിസിനെ നിയമിക്കാൻ 12 അംഗ കമീഷൻ രൂപീകരിക്കും എന്നതുൾപ്പടെ  22 ഭേദഗതികളാണ്‌ ബില്ലിലുള്ളത്‌. ഷഹബാസ്‌ ഷെരീഫ്‌ സർക്കാരുമായി  കടുത്ത ഭിന്നതയിലുള്ള മസൂർ അലി ഷായെ  അടുത്ത ചീഫ്‌ ജസ്‌റ്റിസ്‌ പദവിയിൽ നിന്ന്‌ ഒഴിവാക്കാൻ വേണ്ടിയാണ്‌ പുതിയ ബില്ല്‌ പാസാക്കിയത്‌. തിങ്കളാഴ്ച പ്രസിഡന്റ്‌ ആസിഫ്‌ അലി സർദാരി ഒപ്പിട്ടതോടെ നിയമമായി.  നിലവിലെ ചീഫ് ജസ്റ്റിസ് ഖാസി ഫേസ് ഈസ ഈ വെള്ളിയാഴ്ച വിരമിക്കും. അതുകൊണ്ടാണ്‌ ദ്രുതഗതിയിലുള്ള ഈ ഭരണഘടനാഭേദഗതി. ജുഡീഷ്യറിക്കും നിയമനിർമ്മാണ സഭയ്ക്കും ഇടയിൽ പിരിമുറുക്കം സൃഷ്ടിച്ച് ഭരണപരമായ കാര്യങ്ങളിൽ ജുഡീഷ്യറി അതിരുകടന്ന്‌ ഇടപെടുന്നതായി ഷെഹബാസ്‌ ഷെരീഫ് പറഞ്ഞു. “ഇത് നമ്മുടെ ഭരണഘടനാ ചരിത്രത്തിലെയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിലെയും കറുത്ത ദിനമാണ്” എന്ന്‌ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ ഗോഹർ അലി ഖാൻ പറഞ്ഞു. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ  തെഹ്‌രീക്‌ ഇ ഇൻസാഫ്‌ (പിടിഐ) എംപിമാർ ബില്ല്‌ പാസാക്കുന്ന സെനറ്റ്‌ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. Read on deshabhimani.com

Related News