ബ്രിട്ടീഷ്‌ പ്രധാനമന്ത്രി : മത്സരിക്കാൻ പെന്നി മോഡന്റ്‌ ; പുതിയ നേതാവിനെ 
കണ്ടെത്തുന്നത് ഇങ്ങനെ



ലണ്ടൻ ലിസ് ട്രസ് രാജിവച്ചതോടെ പുതിയ പാർലമെന്ററി പാർടി ലീഡറെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ കൺസർവേറ്റീവ് പാര്‍ടിയില്‍ വീണ്ടും വോട്ടെടുപ്പ്‌. മന്ത്രിസഭാം​ഗം കൂടിയായ പെന്നി മോഡന്റ് പാര്‍ടി നേതൃസ്ഥാനത്തേക്ക് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച്  രം​ഗത്തെത്തി. ഇന്ത്യൻ വംശജൻ ഋഷി സുനക്,  മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുടങ്ങിയവരും മത്സരസന്നദ്ധത ഉടന്‍ പരസ്യമാക്കും. ധനമന്ത്രി ജറമി ഹണ്ട്‌ മത്സരിക്കാനില്ലെന്ന്‌ നേരത്തേ വ്യക്തമാക്കി മത്സരത്തിൽനിന്ന്‌ ഒഴിവായ പ്രതിരോധ സെക്രട്ടറി ബെൻ വാലസ്‌ ബോറിസിനെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി. 28ന്‌ അടുത്ത പ്രധാനമന്ത്രി ആരെന്ന പ്രഖ്യാപനമുണ്ടാകും.    നാമനിർദേശപത്രിക നൽകാൻ 100 എംപിമാരുടെ പിന്തുണ വേണം. ഋഷി സുനകിനെ പിന്തുണച്ച് ഇതുവരെ  72 എംപിമാര്‍ പരസ്യമായി രം​ഗത്തുവന്നു. ബോറിസ്‌ ജോൺസന്‌ 41 എംപിമാരും പെന്നി മോഡന്റിന്‌ 17 എംപിമാരും പിന്തുണ അറിയിച്ചു. ബോറിസ്‌ ജോൺസൺ രാജിവച്ചതിനെത്തുടർന്ന്‌ പാര്‍ടിയില്‍ 57 ശതമാനം പേരുടെ പിന്തുണ നേടിയാണ്‌ ലിസ്‌ ട്രസ്‌ പ്രധാനമന്ത്രിപദം നേടിയത്‌. 43 ശതമാനം വോട്ടാണ്‌ ഇന്ത്യൻ വംശജനായ ഋഷി സുനകിന്‌ ലഭിച്ചത്‌. പ്രതിസന്ധി മറികടക്കാൻ ഋഷി തന്നെ വരണമെന്ന്‌ ചിന്തിക്കുന്നവരാണ്‌ കൂടുതൽ. പുതിയ നേതാവിനെ 
കണ്ടെത്തുന്നത് ഇങ്ങനെ നൂറ് കൺസർവേറ്റീവ് എംപിമാരുടെ പിന്തുണയുള്ള ഏത് എംപിക്കും നേതൃസ്ഥാനത്തേക്ക് മത്സരിക്കാം. 357 എംപിമാർ ഉള്ളതിനാൽ പരമാവധി മൂന്നുപേർക്ക് മത്സരിക്കാം. ഒരാൾക്കു മാത്രമേ 100 പേരുടെ പിന്തുണ ലഭിക്കുന്നുള്ളൂവെങ്കിൽ മറ്റു മത്സരങ്ങൾ ഇല്ലാതെ അയാൾ നേതാവാകും. മൂന്നുപേർ ഉണ്ടെങ്കിൽ ആദ്യം എംപിമാർക്കിടയിൽ വോട്ടെടുപ്പ് നടത്തും. ഏറ്റവും കുറവ് വോട്ട് ലഭിക്കുന്നയാളെ ഒഴിവാക്കും. ബാക്കിയുള്ള രണ്ടുപേരിൽ ഒരാളെ തെരഞ്ഞെടുക്കാൻ കൺസർവേറ്റീവ് പാർടിയിലെ  ഒന്നരലക്ഷത്തിലധികം വരുന്ന അംഗങ്ങളുടെ ഓൺലൈൻ വോട്ടെടുപ്പ് നടത്തും. മുന്നിലെത്തുന്ന എംപി കൺസർവേറ്റീവ് പാർടി നേതാവും പ്രധാനമന്ത്രിയുമാകും. ഈ മാസം 25 മുതൽ 27 വരെയാകും വോട്ടെടുപ്പ്. 28നു പ്രധാനമന്ത്രിയെ പ്രഖ്യാപിക്കും.  31നു പുതിയ ധനമന്ത്രിക്ക് ഇടക്കാല ധന നയം പ്രഖ്യാപിക്കേണ്ടിവരും. ഇതനുസരിച്ച് നവംബർ മൂന്നിന് ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന് പുതിയ പലിശനിരക്ക് പ്രഖ്യാപിക്കണം.   Read on deshabhimani.com

Related News