ഭരണം തുടങ്ങും മുമ്പേ വിവാദം; ട്രംപിന്റെ പ്രതിരോധ സെക്രട്ടറിക്കെതിരായ പീഡന പരാതി പുറത്ത്



വാഷിങ്ടൺ > നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വിശ്വസ്‌തരെ ഉൾപ്പെടുത്തി കൊണ്ട് പുതിയ ക്യാബിനറ്റ് പ്രഖ്യാപിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്. തീവ്ര യാഥാസ്ഥിതികരെയും വികസനവിരുദ്ധരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള കാബിനറ്റ് അധികാരത്തിലെത്തും മുമ്പേ തന്നെ വിവാദങ്ങളിലും വിമർശനങ്ങളിലും നിറയുകയാണ്. പ്രതിരോധ സെക്രട്ടറിയായി ട്രംപ് നാമനിർദേശം ചെയ്തിട്ടുള്ള പീറ്റ് ഹെഗ്‌സെത്തിനെതിരായ ലൈം​ഗിക പിഡന പരാതിയുടെ വിവരങ്ങൾ പുറത്തു വന്നതാണ് ഏറ്റവും പുതിയ വിവാദം. ഫോക്‌സ് ന്യൂസ് അവതാരകനും സൈനിക വിദഗ്‌ധനുമായ പീറ്റ് ഹെഗ്‌സെത്ത് തന്നെ ഹോട്ടൽ റൂമിൽ വച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്ന കാലിഫോർണിയ സ്വദേശിയായ യുവതി നൽകിയ പരാതിയുടെ വിശദാംശങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മാധ്യമങ്ങൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജി പ്രകാരം കാലിഫോർണിയ, മോണ്ടെറിയിലെ സിറ്റി അറ്റോർണി ഓഫീസാണ് 22 പേജുള്ള റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. 2017 ഒക്‌ടോബർ എട്ടിന് ഹയാത്ത് റീജൻസി മോണ്ടേറി ഹോട്ടൽ ആൻഡ് സ്പായിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവമെന്ന് റിപ്പോർട്ടിൽ പറയുന്നു. നാല് ദിവസത്തിന് ശേഷം ഒക്ടോബർ 12ന് യുവതി ഇതെക്കുറിച്ച് പൊലീസിൽ പരാതി നൽകി. ഹോട്ടൽ റൂമിൽ നിന്ന് പുറത്തു പോകാൻ ശ്രമിക്കവെ പീറ്റ് ഹെഗ്‌സെത്ത് തന്നെ ബലമായി തടഞ്ഞുവെന്നും തന്റെ ഫോൺ പിടിച്ചുവാങ്ങുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. എന്നാൽ യുവതിയുമായി തനിക്കുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പീറ്റ് ഹെഗ്‌സെത്ത് പറയുന്നത്. പരാതിയിൽ ഹെഗ്‌സെത്തിനെതിരെ കുറ്റം ചുമത്തിയിട്ടില്ല. 2020 ൽ ഹെഗ്‌സെത്ത് പരാതിക്കാരിയുമായി ഒത്തുതീർപ്പ് കരാറിൽ ഏർപ്പെട്ടതായും ഇതുമായി ബന്ധപ്പെട്ട് പണമിടപാട് അടക്കം നടത്തിയിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ തിമോത്തി പാർലറ്റോർ  പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതിനാലാണ് പീറ്റ് ഹെഗ്‌സെത്തിനെതിരെ കുറ്റം ചുമത്താത്തതെന്നാണ് അഭിഭാഷകന്റെ വാദം. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. ഏതായാലും പീഡന പരാതി സംബന്ധിച്ച പൊലീസ് റിപ്പോർട്ട് പുറത്തു വന്നത് ഹെഗ്‌സെത്തിൻ്റെ പ്രതിരോധ സെക്രട്ടറി സ്ഥാനത്തേക്കുള്ള കടന്നുവരവിന് വെല്ലുവിളിയായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.   Read on deshabhimani.com

Related News