ചരക്കുപേടകത്തിൽ ദുർഗന്ധം ; ബഹിരാകാശ നിലയത്തിൽ ആശങ്ക



ഫ്ലോറിഡ ചരക്കുമായെത്തിയ പേടകത്തിൽ ദുർഗന്ധം വമിച്ചത്‌ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മണിക്കൂറുകളോളം ആശങ്ക പരത്തി. ഇതിനെ തുടർന്ന്‌ നിലയത്തിലേക്ക്‌ ചരക്ക്‌ നീക്കുന്നത്‌ രണ്ട്‌ ദിവസം മുടങ്ങി. ബഹിരാകാശ നിലയത്തിലെ റഷ്യൻ ഭാഗത്തേക്കുള്ള ഭക്ഷണവും ഉപകരണങ്ങളുമായി ശനിയാഴ്‌ച എത്തിയ പ്രോഗ്രസ്‌ പേടകത്തിലാണ്‌ ദുർഗന്ധമുണ്ടായത്‌. നിലയവുമായി ഡോക്ക്‌ ചെയ്‌തതിനു പിന്നാലെ റഷ്യൻ ബഹിരാകാശ സഞ്ചാരികൾ പേടകത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോഴാണ്‌ ദുർഗന്ധം ശ്രദ്ധയിൽപെട്ടത്‌. വിവരം നാസയുടേയും റഷ്യയുടേയും കൺട്രോൾ റൂമുകളെ അടിയന്തരമായി അറിയിച്ചു. അപകട സാധ്യത പരിഗണിച്ച്‌ വാതിൽ തുറക്കുന്നത്‌ മാറ്റിവയ്‌ക്കാനും നിലയത്തിനുള്ളിലെ സ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിക്കാനും നിർദേശം ലഭിച്ചു. കൂടുതൽ സുരക്ഷിത മാർഗങ്ങൾ സ്വീകരിച്ച ശേഷം പേടകത്തിന്റെ വാതിൽ പിന്നീട്‌ തുറന്നതായി നാസ അറിയിച്ചു. ചരക്കുകൾ നീക്കി തുടങ്ങിയിട്ടുണ്ട്‌. ദുർഗന്ധത്തിന്‌ കാരണമെന്തെന്ന്‌ പരിശോധിച്ചു വരികയാണ്‌. ബഹിരാകാശ സഞ്ചാരികൾക്ക്‌ ഭീഷണിയില്ലെന്നും നാസ പറഞ്ഞു. നിലവിൽ സുനിതാ വില്ല്യംസടക്കം ഏഴു പേരാണ്‌ നിലയത്തിലുള്ളത്‌. അതിനിടെ ബഹിരാകാശ മാലിന്യത്തിന്റെ ഭീഷണി മൂലം ഒരാഴ്‌ചക്കിടെ രണ്ടാം തവണ നിലയത്തിന്റെ പഥം ഉയർത്തി. തിങ്കളാഴ്‌ച മൂന്നര മിനിട്ട്‌ ഇന്ധനം ജ്വലിപ്പിച്ചാണ്‌ പഥം ഉയർത്തിയത്‌. Read on deshabhimani.com

Related News