ബ്രസീൽ വിമാനദുരന്തം: ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെത്തി



വെൻഹിദോ> ബ്രസീലിൽ യാത്രാവിമാനം തകർന്ന്‌ 61 പേർ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ബ്രസീൽ പൊലീസും വ്യോമയാന വിഭാഗവുമാണ്‌ അന്വേഷിക്കുന്നത്‌. മൃതദേഹാവിഷ്‌ടങ്ങൾ മോർച്ചറിയിലേക്ക്‌ മാറ്റി. ബന്ധുക്കളെ വിളിച്ചുവരുത്തി തിരിച്ചറിയൽ പരിശോധന ആരംഭിച്ചു. വിമാനത്തിന്റെ ബ്ലാക്ക്‌ ബോക്‌സ്‌ കണ്ടെടുത്തതായി സാവോപോളോയിലെ പൊതുസുരക്ഷാ സെക്രട്ടറി ഗിൽഹേം ഡറിറ്റ്‌ അറിയിച്ചു. അപകടകാരണം ഉടൻ വ്യക്തമാക്കുമെന്ന്‌ ബ്രസീല വ്യോമസേന അന്വേഷണ വിഭാഗം തലവൻ ഹെൻറിക്‌ ബാൾഡി പറഞ്ഞു. തണുത്ത കാലാവസ്ഥയുള്ള വെൻഹിദോയിൽ പൊടുന്നനെ ആകാശത്ത്‌ മഞ്ഞുപാളികൾ ശക്തമായതാണ്‌ അപകട കാരണമെന്ന്‌ ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. എന്നാൽ അപകടകാരണം എന്താണെന്ന്‌ പറയാറായിട്ടില്ലെന്നും മഞ്ഞുമാത്രമല്ല കാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്നും ബ്രസീലിലെ വൈമാനിക വിദഗ്‌ധൻ ലിറ്റോ സൗസ വ്യക്തമാക്കി. വെള്ളിയാഴ്‌ച പകലാണ്‌ പരാന സംസ്ഥാനത്തൈ കസ്‌കവെല്ലിൽനിന്നും സാവോപോളോയിലെ കറുവസ്‌ അന്താരാഷ്‌ട്ര വിമാനത്തിലേക്ക്‌ പോയ  എടിആർ 72 വിമാനം ജനവാസ കേന്ദ്രമായ വെൻഹിദോയിൽ തകർന്നുവീണത്. 57 യാത്രികരും നാല്‌ ജീവനക്കാരുമാണ്‌ വിമാനത്തിലുണ്ടായിരുന്നത്‌.   Read on deshabhimani.com

Related News