വിദേശികള്‍ ഒഴിഞ്ഞുപോകുന്ന മേഖലകളില്‍ സൗദിവല്‍ക്കരണ അനുപാതം മാറ്റുന്നു



മനാമ >  സൗദിയില്‍ വിദേശികള്‍ ഒഴിഞ്ഞുപോകുന്ന മേഖലകളില്‍ സ്വദേശിവല്‍ക്കരണ തോതില്‍ മാറ്റം വരുത്തുന്നു. വിദേശികള്‍ കൂട്ടത്തോടെ രാജ്യം വിടുന്ന പക്ഷം തൊഴില്‍ മേഖലകളിലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണിത്. രണ്ടു മാസത്തിനകം ആവശ്യമായ സൗദിവല്‍ക്കരണ അനുപാതം തീരുമാനിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  സൗദികള്‍ കൂടുതലോ കുറവോ ആയ തൊഴില്‍ മേഖലകള്‍ പ്രത്യേകം നിര്‍ണയിക്കും. ഏതൊക്കെ തൊഴിലുകളിലാണ് സൗദികള്‍ കുറവുള്ളത് എന്നത് തൊഴില്‍ മന്ത്രാലയം കണ്ടെത്തി ഉചിതമായ സ്വദേശിവല്‍ക്കരണ അനുപാതം നിര്‍ണയിച്ച് ബന്ധപ്പെട്ട മന്ത്രാലയങ്ങളെ അറിയിക്കും. ഇത്തരം മേഖലകളില്‍ തൊഴില്‍ സുരക്ഷ യാഥാര്‍ഥ്യമാക്കുകയും സൗദികള്‍ക്ക് തൊഴില്‍ പരിശീലനം നടപ്പാക്കുകയും വേണം. സ്വദേശികള്‍ കുറഞ്ഞ മേഖല നിര്‍ണയിച്ച് ഈ തൊഴിലുകള്‍ നിര്‍വഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.   ചില പ്രത്യേക തൊഴില്‍ മേഖലകളില്‍ വിദേശികളെ എത്രമാത്രം ആശ്രയിക്കുന്നുണ്ടെന്നും തൊഴില്‍ വിപണിയുടെ ആവശ്യങ്ങളുമായി രാജ്യത്തെ വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കോഴ്സുകള്‍ ഒത്തുപോകുന്നുണ്ടോ എന്നതും അന്വേഷിക്കും.  ക്ലീനിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍, പെയിന്റിംഗ്, മെക്കാനിക്ക്, കാര്‍ റിപ്പയറിംഗ്, എയര്‍ കണ്ടീഷനര്‍ റിപ്പയറിംഗ്, വെല്‍ഡിംഗ്, ഹെവി എക്വിപ്മെന്റ്-ലോറി ഡ്രൈവിംഗ്, കാര്‍ വാഷിംഗ് സര്‍വീസ്, മുടിവെട്ട്, കൃഷിപ്പണി, കെട്ടിട നിര്‍മാണം, റോഡ് നിര്‍മ്മാണം, കാര്‍ഗോ, വസ്ത്രം അലക്കല്‍-ഇസ്തിരിയിടല്‍, ജെന്റ്സ് ടൈലറിംഗ്-എംബ്രോയിഡറി, പാദരക്ഷ വില്‍പന, കശാപ്പ്, മലിനജലം, തുകല്‍ ഊറക്കിടല്‍ എന്നീ തൊഴില്‍ മേഖലകള്‍ സൗദികളെ തീരെ കിട്ടാനില്ലാത്തതോ സ്വദേശികള്‍ വിരളമോ ആയവയാണ്. ഈ തൊഴിലുകളുടെ പട്ടിക സ്വകാര്യ മേഖലാ കമ്പനികള്‍ നേരത്തെ തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നു. ഈ പാശ്ചാത്തലത്തിലാണ് തീരുമാനം.   Read on deshabhimani.com

Related News