ഹസീന ഇന്ത്യയിൽ തുടരും ; 190 നയതന്ത്ര 
ജീവനക്കാരെ ഇന്ത്യ 
തിരിച്ചുവിളിച്ചു



ന്യൂഡൽഹി ജനകീയ പ്രക്ഷോഭത്താൽ രാജ്യം വിടേണ്ടിവന്ന ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന തൽക്കാലം  ഇന്ത്യയിൽ തുടരുമെന്ന്‌ മകൻ സജീബ് വസേദ് ജോയ്‌ ജര്‍മന്‍ മാധ്യമത്തോട് പ്രതികരിച്ചു. ബ്രിട്ടനിൽ രാഷ്‌ട്രീയാഭയം തേടാനുള്ള ഹസീനയുടെ ശ്രമം പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ തുടരാൻ തീരുമാനിച്ചതിനാൽ രഹസ്യാന്വേഷണ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള സുരക്ഷിത ഭവനത്തിലേക്ക്‌ അവരെ മാറ്റും.  അഭയത്തിനായി അവര്‍ യുഎഇ  തെരഞ്ഞെടുത്തേക്കുമെന്നും റിപ്പോർട്ടുണ്ട്‌. കലാപം രൂക്ഷമായ ബംഗ്ലാദേശിൽനിന്ന്‌ ഇന്ത്യ 190 ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും തിരിച്ചുവിളിച്ചു.   ധാക്കയിലുള്ള ഹൈക്കമീഷനിൽനിന്നും  മറ്റിടങ്ങളിലെ  കോൺസുലേറ്റുകളിൽനിന്നുമാണ്‌ അനിവാര്യമല്ലാത്ത ജീവനക്കാരെ തിരിച്ചുവിളിച്ചത്‌. എയർ ഇന്ത്യയുടെ പ്രത്യേകവിമാനത്തിൽ ഇവരെ ഇന്ത്യയിലെത്തിച്ചു. പതനത്തിന്‌ വഴിയൊരുക്കിയത് സൈന്യം നിര്‍ണായകഘട്ടത്തില്‍ സൈന്യം ഇടഞ്ഞതാണ് ബംഗ്ലാദേശിൽ ഷെയ്‌ഖ്‌ ഹസീന സർക്കാരിന്റെ പതനത്തിന്‌ വഴിവെച്ചതെന്ന് വിലയിരുത്തൽ. സർക്കാർ വിരുദ്ധ കലാപമായി പരിണമിച്ച വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ ഹസീന നിർദേശിച്ച കർഫ്യൂ ഉൾപ്പെടെയുള്ള മാർഗങ്ങൾ പൂർണമായ തോതിൽ നടപ്പാക്കാൻ സൈന്യം തയ്യാറായില്ലെന്ന് റോയിറ്റേഴ്‌സ്‌ റിപ്പോർട്ട്‌ ചെയ്യുന്നു. ഹസീന രാജിവച്ചതിന്റെ തലേന്ന്‌ വൈകിട്ട്‌ സൈനിക മേധാവി വഖർ ഉസ്‌ സമാന്റെ നേതൃത്വത്തിൽ ഉന്നത സേനാ മേധാവികൾ യോഗം ചേർന്ന്‌ സ്ഥിതിഗതി വിലയിരുത്തി. സൈന്യം ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രക്ഷോഭകർക്കുനേരെ വെടിവയ്ക്കാൻ ഉൾപ്പെടെയുള്ള സർക്കാർ തീരുമാനങ്ങൾ നടപ്പാക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പിന്നീട്‌ ഹസീനയെ ഓഫീസിലെത്തി കണ്ട വഖർ ഉസ്‌ സമാൻ, സൈന്യം സർക്കാരിനൊപ്പമല്ലെന്ന്‌ അവരെ അറിയിച്ചു. ഇതോടെയാണ്‌ 15 വർഷം നീണ്ട ഹസീനയുടെ ഭരണത്തിന്‌ അവസാനമായത്‌. രാജിക്ക്‌ തൊട്ടുമുമ്പും അതിനുശേഷവും സൈന്യം കൈക്കൊണ്ട നിലപാടുകൾ പ്രതിപക്ഷത്തിന്‌ അനുകൂലമാണെന്ന ആരോപണവും ഉയരുന്നു. കലാപത്തിന്റെ മറവിൽ ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ടുണ്ട്. വിഖ്യാത ബം​ഗ്ലാദേശി സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടും ആക്രമിക്കപ്പെട്ടു.   Read on deshabhimani.com

Related News