ട്രംപിന് നേരെ വെടിവെയ്പ്പ്; വൻ സുരക്ഷാവീഴ്ച്ച
ഷിക്കാഗോ > സീക്രട്ട് സർവീസിന്റെ കർശന മേൽനോട്ടത്തിൽ നടന്ന ഡോണൾഡ് ട്രംപിന്റെ പ്രചാരണ പരിപാടിയിൽ ഉണ്ടായത് വൻ സുരക്ഷാവീഴ്ച. പരിപാടി തുടങ്ങുംമുമ്പ് അക്രമിയായ തോമസ് മാത്യു ക്രൂക്ക് വേദിക്ക് സമീപത്തുള്ള കെട്ടിടങ്ങൾക്ക് മുകളിലൂടെ ചാടിയോടുന്നത് കണ്ടതായി ദൃക്സാക്ഷികൾ. വെടിവയ്ക്കാൻ പറ്റിയ സ്ഥലം തേടുകയായിരുന്നു ഇയാളെന്നാണ് നിഗമനം. എന്നാൽ, പരിസരത്തുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ ഇയാൾ വേദിക്ക് ഏതാണ്ട് 150 മീറ്റർ മാത്രം അകലെയുള്ള നിർമാണ പ്ലാന്റിന് മുകളിലെത്തി സ്ഥാനം ഉറപ്പിച്ച് ലക്ഷ്യമിട്ട് വെടിവയ്ക്കുംവരെ ഇതൊന്നുമറിഞ്ഞില്ല. മില്ലി സെക്കൻഡിന്റെ വ്യത്യാസത്തിൽ ട്രംപ് തല തിരിച്ചില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു. ലോകോത്തര ഏജൻസിയെന്ന് അവകാശപ്പെടുന്ന അമേരിക്കൻ സീക്രട്ട് സർവീസിന് വീഴ്ച സംഭവിച്ചത് അവിടെ മാത്രമല്ല. മുൻ പ്രസിഡന്റും നിലവിലെ പ്രസിഡന്റ് സ്ഥാനാർഥിയുമായ ട്രംപിനും പരിപാടിക്കെത്തിയ ജനാവലിക്കുമിടയിൽ വളരെ കുറച്ച് ദൂരമാണ് ഉണ്ടായിരുന്നത്. ട്രംപിന് വെടിയേറ്റ് ഏതാനും നിമിഷങ്ങൾക്കുശേഷം മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ എത്തി അദ്ദേഹത്തിന് കവചം തീർത്തത്. ഈ സമയം ഉദ്യോഗസ്ഥർക്ക് വെടിയേൽക്കുന്നതിൽനിന്ന് സംരക്ഷണം നൽകുന്ന ഷീൽഡുകൾ ഇല്ലായിരുന്നു. വേദിയിൽനിന്ന് മനുഷ്യകവചം തീർത്ത് ട്രംപിനെ വാഹനത്തിലേക്ക് മാറ്റുമ്പോഴും അദ്ദേഹത്തിന്റെ തല പൂർണമായും മറഞ്ഞിരുന്നില്ല. കൂടുതൽ അക്രമികൾ ഉണ്ടായിരുന്നെങ്കിൽ അപ്പോൾ വേണമെങ്കിലും വെടിവയ്ക്കാമായിരുന്നു എന്നർഥം. സംസാരിച്ചു തുടങ്ങിയ ഉടൻ ആക്രമണം പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ പൊതുയോഗത്തിൽ ട്രംപ് സംസാരിക്കാൻ എത്തിയത് ശനി വൈകിട്ട് 6.02നാണ്. തിങ്ങിക്കൂടിയ റിപ്പബ്ലിക്കൻ പാർടിക്കാരെ അഭിവാദ്യം ചെയ്തും പ്രസിഡന്റും എതിർ സ്ഥാനാർഥിയുമായ ജോ ബൈഡനെ കടന്നാക്രമിച്ചും പ്രസംഗം തുടങ്ങി. ബൈഡന്റെ കുടിയേറ്റ നയത്തെ വിമർശിച്ച്, അനധികൃതമായി രാജ്യത്തെത്തുന്നവരുടെ എണ്ണം പറയുന്ന ചാർട്ടിലേക്ക് സദസ്സിന്റെ ശ്രദ്ധക്ഷണിച്ച ഉടൻ, 6.15നായിരുന്നു ആക്രമണം. വലതുചെവി പൊത്തിപ്പിടിച്ച് ഒരു നിമിഷം സ്തബ്ധനായി നിൽക്കുന്ന ട്രംപിനെ വീഡിയോയിൽ കാണാം. കൂടിയിരുന്നവർ ‘കുനിഞ്ഞിരിക്കൂ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ട്രംപ് കുനിയുമ്പോഴും വെടിശബ്ദം തുടർന്നു. സംഭവത്തെപ്പറ്റി ട്രംപ് പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘എനിക്ക് വെടിയേറ്റു. വെടിയുണ്ട എന്റെ വലതുചെവിയുടെ മുകൾഭാഗം തുളച്ചു. ദൈവം അമേരിക്കയെ രക്ഷിക്കട്ടെ.’ മിൽവാകിയിൽ തിങ്കളാഴ്‌ച നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ ട്രംപ് പങ്കെടുക്കും. Read on deshabhimani.com