ടെല്‍ അവീവിലുണ്ടായ വെടിവയ്പ്പില്‍ 6 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ടെല്‍ അവീവ് > ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പില്‍ 6 പേര്‍ മരിച്ചു. പത്തോളം പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തിരികെ നടത്തിയ ആക്രമണത്തില്‍ പൊലീസ് രണ്ട് തോക്കുധാരികളെ വധിച്ചു. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം എട്ടായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ട്രെയിനിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുമായിരുന്നു ആക്രമണം. തോക്കുധാരികള്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. തോക്കും കത്തികളുമുപയോഗിച്ചായിരുന്നു ആക്രമണം. ലബനനിലെ ഇസ്രയേലിന്റെ കരയാക്രമണത്തിന് പിന്നാലെയായിരുന്നു ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷമുണ്ടായത്. 180ഓളം മിസൈലുകള്‍ വര്‍ഷിച്ചതായി ഇറാന്‍ പറഞ്ഞു. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം. ഇരുനൂറോളം ബാലിസ്‌റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തതെന്നും അവയെ പ്രതിരോധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ജനവാസമേഖലകളില്‍ മിസൈലുകള്‍ പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ആക്രമണത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി അടച്ച ഇസ്രയേല്‍ വ്യോമപാത ഇന്ന് തുറന്നു. Read on deshabhimani.com