രാഷ്ട്രീയ നാടകങ്ങൾക്കിടെ പട്ടാള നിയമം പിൻവലിച്ച് ദക്ഷിണ കൊറിയ



സോൾ > ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം പിൻവലിച്ചു. പ്രസിഡന്റ്‌ യൂൺ സുക്‌ യോളാണ് ചൊവ്വാഴ്ച രാത്രി ഏറെ വിവാദങ്ങളുടെ അകമ്പടിയോടെ കൊണ്ടുവന്ന പട്ടാള നിയമം പിൻവലിക്കുന്നതായി പറഞ്ഞത്. പട്ടാളനിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വള​ഞ്ഞിരുന്നു. തുടർന്ന് സൈനിക ഭരണം നിരസിച്ച് പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിനു പിന്നാലെ സൈനികരെ സർക്കാർ പിൻവലിച്ചെന്നും പട്ടാളനിയമം പിൻവലിക്കുകയാണെന്നും പ്രസിഡന്റ് അറിയിച്ചു. ചൊവ്വ രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ്‌ രാജ്യത്ത് പട്ടാളനിയമം നടപ്പാക്കുന്നതായി പ്രഖ്യാപിച്ചത്. ഉത്തര കൊറിയയോട്‌ അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ്‌ നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായതോടെയാണ് പ്രസിഡന്റിന്റെ അറ്റകൈനീക്കമെന്നും റിപ്പോർട്ടുണ്ടായിരുന്നു. നിയമം പുറപ്പെടുവിച്ചതോടെ പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രം​ഗത്തുവന്നിരുന്നു. സ്‌പീക്കർ വൂ വോൻഷിക്‌ നാഷണൽ അസംബ്ലിയിലെത്തി പട്ടാളനിയമം സംബന്ധിച്ച്‌ സഭയിൽ വോട്ടെടുപ്പ്‌ നടത്തി.  300 അം​ഗ സഭയിൽ   ഭരണപ്രതിപക്ഷ അം​ഗങ്ങളടക്കം 190പേരും പട്ടാളനിയമം പിൻവലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു. ബജറ്റിനെച്ചൊല്ലി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടി ശക്തമായ പ്രതിഷേധം തുടരുന്നതും പ്രസിഡന്റിനെ പ്രതിസന്ധിയിലാക്കി. ഏപ്രിലിൽ നടന്ന പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ 300ൽ 192 സീറ്റും  ഡെമോക്രാറ്റിക്‌ പാർടി നേടിയിരുന്നു.  സ്വന്തം  പീപ്പിൾസ് പവർ പാർടിയെപോലും  അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം.   Read on deshabhimani.com

Related News