ദക്ഷിണ കൊറിയയിൽ പട്ടാളനിയമം ; എതിര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും
സോൾ ദക്ഷിണ കൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. ചൊവ്വ രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയാണ് പ്രഖ്യാപനം. ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചാണ് നടപടി. രാജ്യത്ത് ഭരണവിരുദ്ധ വികാരം ശക്തമായതോടെയാണ് പ്രസിഡന്റിന്റെ അറ്റകൈനീക്കമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷവും ഭരണപക്ഷവും പ്രസിഡന്റിനെതിരെ രംഗത്തുവന്നു. സ്‌പീക്കർ വൂ വോൻഷിക് നാഷണൽ അസംബ്ലിയിലെത്തി പട്ടാളനിയമം സംബന്ധിച്ച് സഭയില്‍ വോട്ടെടുപ്പ് നടത്തി. 300 അംഗ സഭയില്‍ ഭരണപ്രതിപക്ഷ അംഗങ്ങളടക്കം 190പേരും പട്ടാളനിയമം പിന്‍വലിക്കണമെന്ന പ്രമേയത്തെ അനുകൂലിച്ചു. പ്രത്യേക സേനാംഗങ്ങൾ നാഷണൽ അസംബ്ലി മന്ദിരത്തിലും പ്രക്ഷോഭകര്‍ സഭയുടെ പുറത്തും നിലയുറപ്പിച്ചിട്ടുണ്ട്. ബജറ്റിനെച്ചൊല്ലി പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ടി ശക്തമായ പ്രതിഷേധം തുടരുന്നതും പ്രസിഡന്റിനെ പ്രതിസന്ധിയിലാക്കി. ഏപ്രിലിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 300ൽ 192 സീറ്റും ഡെമോക്രാറ്റിക് പാർടി നേടിയിരുന്നു. സ്വന്തം പീപ്പിള്‍സ് പവര്‍ പാര്‍ടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം. Read on deshabhimani.com