ജപ്പാന്‍ കമ്പനിയുടെ വിക്ഷേപണദൗത്യം വീണ്ടും പരാജയം
ടോക്യോ ജപ്പാനിലെ സ്വകാര്യ സംരംഭമായ സ്‌പേസ് വണ്ണിന്റെ രണ്ടാമത്തെ വിക്ഷേപണദൗത്യവും പരാജയം. കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായി മധ്യജപ്പാനിലെ വകയാമയിൽ നിന്ന് വിക്ഷേപിച്ച കൈറോസ് നമ്പർ ടു റോക്കറ്റ് മിനിട്ടുകൾക്കുള്ളിൽ തകർന്നുവീണു. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ സഞ്ചാരപാതയിൽനിന്ന് റോക്കറ്റ് വ്യതിചലിച്ചതിനാൽ ദൗത്യം ഉപേക്ഷിച്ചെന്നും പിന്നാലെ റോക്കറ്റ് നശിപ്പിച്ചെന്നും കമ്പനി അറിയിച്ചു. വിക്ഷേപിച്ച് മൂന്നുമിനിട്ടുകൊണ്ട് ഭൗമോപരിതലത്തിൽനിന്ന് നൂറുകിലോമീറ്റർ മുകളിൽ ബഹിരാകാശത്തെത്തിയ റോക്കറ്റ് പ്രത്യേക സുരക്ഷാ സംവിധാനം ഉപയോഗിച്ചാണ് തകർത്തത്. ആദ്യദൗത്യം പരാജയപ്പെട്ടതിനെതുടർന്ന് എട്ടുമാസത്തെ തയ്യാറെടുപ്പോടെയാണ് രണ്ടാമത്തെ വിക്ഷേപണം കമ്പനി നടത്തിയത്. തയ്‌വാന്റേതടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ റോക്കറ്റ് വഹിച്ചിരുന്നു. Read on deshabhimani.com