ലങ്കൻ ദിശാനായകൻ

photo credit: Anura Kumara Dissanayake X


കൊളംബോ > ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റായി കമ്യൂണിസ്റ്റ്  നേതാവ്‌ അനുര കുമാര ദിസനായകെ (56) സത്യപ്രതിജ്ഞ ചെയ്തു. രാജ്യചരിത്രത്തിലെ ആദ്യ ഇടതുപക്ഷക്കാരനായ പ്രസിഡന്റാണ്‌ ജനതാ വിമുക്തി പെരമുന (ജെവിപി) നേതാവായ ഇദ്ദേഹം. പ്രസിഡൻഷ്യൽ സെക്രട്ടറിയറ്റിൽ തിങ്കളാഴ്ച ചീഫ്‌ ജസ്റ്റിസ്‌ ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനാധിപത്യം സംരക്ഷിക്കുമെന്നും രാഷ്ട്രീയപ്രവർത്തകരുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും പ്രസിഡന്റായുള്ള ആദ്യ പ്രസംഗത്തിൽ ദിസനായകെ പറഞ്ഞു. ‘‘കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ പെട്ടെന്ന്‌ അഭിവൃദ്ധിയിലേക്ക്‌ നയിക്കാനുള്ള മന്ത്രമൊന്നും കൈയിലില്ല. എന്നാൽ, നവോത്ഥാനത്തിന്റെ പുതുയുഗം കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തും. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനായി അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കും’’–- അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ഉറപ്പുനൽകി. വിക്രമസിംഗെ ഐഎംഎഫുമായി ഒപ്പുവച്ച ധാരണയിലെ മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച്‌, പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ദിസനായകെ പ്രഖ്യാപിച്ചു. 2022ൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന്‌ ഗോതബായ രജപക്‌സ പലായനംചെയ്‌ത ശേഷം ആദ്യമായി നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലാണ്‌ ശ്രീലങ്കൻ ജനത ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയത്‌. ചരിത്രത്തിൽ ആദ്യമായി രണ്ടാംഘട്ട വോട്ടെണ്ണൽ വേണ്ടിവന്നു. നാഷണൽ പീപ്പിൾസ്‌ പവർ എന്ന വിശാലസഖ്യത്തിന്റെ സ്ഥാനാർഥിയായിരുന്ന ദിസനായകെ എസ്‌ജെബിയുടെ സജിത്‌ പ്രേമദാസയെയാണ്‌ പരാജയപ്പെടുത്തിയത്‌.  പ്രസിഡന്റായിരുന്ന റനിൽ വിക്രമസിംഗെ ഒന്നാംഘട്ട വോട്ടെണ്ണലിൽത്തന്നെ പുറത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ തുടങ്ങിയവർ ദിസനായകയെ അഭിനന്ദിച്ചു. 2019ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മൂന്നുശതമാനം മാത്രം വോട്ട്‌ നേടിയ ജെവിപിയുടെ വോട്ടിൽ വൻ കുതിച്ചുചാട്ടമാണുണ്ടായത്‌. സാമ്പത്തികത്തകർച്ചയിലേക്ക്‌ രാജ്യത്തെ നയിച്ച ഗോതബായക്കുംപിന്നീട്‌ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങളെ നട്ടംതിരിച്ച വിക്രമസിംഗെയ്‌ക്കും എതിരായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അതേസമയം,  2022 ജൂലൈ മുതൽ പ്രധാനമന്ത്രിപദത്തിലുള്ള ദിനേഷ്‌ ഗുണവർധന രാജിവച്ചു. പുതിയ സർക്കാർ രൂപീകരണത്തിന്‌ വഴിയൊരുക്കാനാണ്‌ രാജി.  നവംബറില്‍ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ ഉണ്ടായേക്കും. Read on deshabhimani.com

Related News