സിറിയൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യവുമായി അറബ്‌ കമ്യൂണിസ്‌റ്റ്‌ 
പാർടികൾ



അബുദാബി ഇസ്രയേലിലെ സയണിസ്റ്റ്‌ സർക്കാരിന്റെ കടന്നാക്രമണത്തിൽ നട്ടംതിരിയുന്ന സിറിയൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അറബ്‌ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർടികൾ. ഗോലാൻ കുന്നുകളടക്കമുള്ള മേഖലകളിലെ ഇസ്രയേൽ സൈന്യത്തിന്റെ കടന്നുകയറ്റവും സൈനികകേന്ദ്രങ്ങളിലേക്കുള്ള ആക്രമണവും സിറിയയെ നാൾക്കുനാൾ കൂടുതൽ അപകടത്തിലാക്കുകയാണ്‌. ആക്രമണം ശക്തമാക്കി സിറിയയുടെ കൂടുതൽ മേഖലകൾ കൈയടക്കുമെന്ന ഇസ്രയേൽ പ്രഖ്യാപനം അറബ്‌ രാജ്യങ്ങളടക്കം ലോകം നിശബ്ദരായി നോക്കിനിൽക്കുന്നത്‌ അപലപനീയമാണെന്നും അറബ്‌ കമ്യൂണിസ്റ്റ്‌  പാർടികൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സൈനികശക്തിയെ അപ്പാടെ തകർക്കുന്നത്‌ ഇസ്രയേലിലെ സയണിസ്റ്റ്‌ സർക്കാരിനെതിരായ സിറിയയുടെ ചെറുത്തുനിൽപ്പ്‌ ഇല്ലാതാക്കാനാണെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. സയണിസ്റ്റ്‌ നയങ്ങൾക്കെതിരെ നിൽക്കുന്നവരെ തുടച്ചുനീക്കുന്നത്‌  സ്വാഭാവികവൽക്കരിക്കാനാണ്‌ ഇസ്രയേൽ നീക്കം. അമേരിക്കയുടെയും നാറ്റോയുടെയും സഹായത്തോടെ പലസ്‌തീൻ ജനതയെ ഇല്ലാതാക്കാനും പശ്ചിമേഷ്യയിൽ പാശ്ചാത്യ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കാനുമുള്ള ‘പുതിയ പശ്ചിമേഷ്യ’ പദ്ധതിയാണ്‌ ഇസ്രയേൽ നടപ്പാക്കുന്നത്‌.സയണിസ്റ്റ്‌ വ്യാപന പദ്ധതിയും അതുയർത്തുന്ന അപകടങ്ങളും ചെറുത്തുതോൽപ്പിക്കാൻ സിറിയയുടെ ഏകീകരണവും ജനാധിപത്യവൽക്കരണവും അത്യന്താപേക്ഷിതമാണ്‌. സിറിയ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകത്തെ കമ്യൂണിസ്റ്റ്‌, പുരോഗമന, സ്വതന്ത്ര, ജനാധിപത്യ, ഇടത്‌ സംഘടനകൾ ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നുംപ്രസ്‌താവന ആവശ്യപ്പെട്ടു. Read on deshabhimani.com

Related News