പാക്കിസ്ഥാനെ ലക്ഷ്യമിട്ട്‌ താലിബാൻ; വ്യോമാക്രമണത്തിൽ തിരിച്ചടിക്കുമെന്ന്‌ അഫ്ഗാനിസ്ഥാൻ

photo credit: X


കാബൂൾ > അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടിക്കാൻ ഒരുങ്ങി താലിബാൻ. പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിന് പ്രതികാരമായാണ്‌ താലിബാൻ സൈന്യം പാകിസ്ഥാനിൽ "പല പോയിന്റുകൾ" ലക്ഷ്യമിട്ടിട്ടുള്ളതെന്ന്‌ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാൻ അഫ്‌ഗാനിസ്ഥാൻ തർക്കം നിലനിൽക്കുന്ന അതിർത്തിക്കടുത്തായിരിക്കും താലിബാന്റെ ആക്രമണമെന്നും സൈന്യം നൽകിയ സൂചനയിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്‌ച പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 46 പേർ കൊല്ലപ്പെട്ടതായി താലിബാൻ വക്താവ് എഎഫ്‌പിയോട് പറഞ്ഞിരുന്നു. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്ന്‌  താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. വ്യോമാക്രമണത്തിൽ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിക്കുകയും  ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് അന്നുതന്നെ പാക്കിസ്ഥാന്‌  മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ  പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായത്‌. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ്‌ ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം  പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ പറഞ്ഞു. വ്യോമാക്രമണത്തെ "ഭീരുത്വം" എന്നാണ്‌  പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്‌.  അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ  പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്‌. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.   Read on deshabhimani.com

Related News