ബസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ 18കാരൻ ഷോക്കേറ്റ് മരിച്ചു
കോലാലംപൂർ > മലേഷ്യയിൽ ബസിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. നവംബര്‍ ഒന്നിന് ബട്ടര്‍വര്‍ത്തിലെ പെനാങ് സെന്‍ട്രല്‍ ബസ് ടെര്‍മിനലിലായിരുന്നു സംഭവം. ക്വലാലംപുരിലേക്കുള്ള എക്‌സ്പ്രസ് ബസില്‍ യാത്രചെയ്യുകയായിരുന്നു 18കാരൻ. ബസിലെ സോക്കറ്റിൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ പെട്ടെന്ന് ഷോക്കേറ്റ് വീഴുകയായിരുന്നു. നിലവിളിച്ചുകൊണ്ട് ഇയാൾ താഴേക്ക് വീഴുകയായിരുന്നുവെന്ന് ബസിലെ മറ്റ് യാത്രക്കാർ പറഞ്ഞു. ഉടൻ തന്നെ എമർജൻസി സർവീസിൽ വിവരമറിയിച്ചെങ്കിലും മെഡിക്കൽ സംഘം എത്തിയപ്പോഴേക്കും മരിച്ചു. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. യുവാവിന് ശക്തമായ വൈദ്യുതാഘാതമേറ്റെന്ന് ബസിന്റെ ഡ്രൈവർ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവാവിന്റെ വിരലുകളിൽ ഷോക്കേറ്റ് പൊള്ളിയതിന്റെ പാടുകൾ ഉണ്ടായിരുന്നതായി സഹയാത്രികർ പറഞ്ഞു. ചാർജിങ് കേബിൾ ഉരുകിയ നിലയിലും ഫോൺ അമിതമായി ചൂടായ നിലയിലുമായിരുന്നു. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചതായി മലേഷ്യൻ ഗതാഗത മന്ത്രി വ്യക്തമാക്കി. Read on deshabhimani.com