ജനരോഷത്തിലുലഞ്ഞ്‌ ഇസ്രയേൽ ; തെരുവിലിറങ്ങിയത്‌ ഏഴരലക്ഷം പേർ



ടെൽ അവീവ്‌ ബന്ദികളെ തിരിച്ചെത്തിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ ഇസ്രയേലിൽ ജനരോഷം ആളിക്കത്തുന്നു. വെടിനിർത്തലിനുള്ള ചർച്ചകളിൽ കടുംപിടിത്തം തുടരവെ പതിനായിരക്കണക്കിന്‌ ഇസ്രയേലികളാണ്‌ ടെൽ അവീവിലും ജറുസലേമിലുമായി ശനിയാഴ്‌ച തെരുവിലിറങ്ങിയത്‌. ഹമാസ്‌ ബന്ദികളാക്കിയവരിൽ ആറുപേരുടെ മൃതദേഹം റാഫയിൽനിന്ന്‌ കണ്ടെത്തിയതിനെതുടർന്ന്‌ കഴിഞ്ഞ ഞായർ മുതൽ നടന്നുവരുന്ന പ്രതിഷേധം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായി മാറി. ഏഴരലക്ഷം ആളുകളാണ്‌ ഇതുവരെ പ്രതിഷേധത്തിന്റെ ഭാഗമായത്‌. ടെൽ അവീവിലെ പ്രതിഷേധ റാലികളിൽ ഒരാഴ്‌ചയ്ക്കുള്ളിൽ അഞ്ചുലക്ഷംപേർ പങ്കെടുത്തു. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്തവർ രണ്ടരലക്ഷത്തോളം വരും. ബന്ദി മോചനത്തിന്‌ ഉടൻ കരാർ ഉണ്ടാക്കണം എന്നാവശ്യപ്പെട്ട്‌ കുടുംബാംഗങ്ങളാണ്‌ പ്രതിഷേധത്തിന്‌ നേതൃത്വം വഹിക്കുന്നത്‌. ഒക്‌ടോബർ മുതൽ രാജ്യത്ത്‌ പ്രതിഷേധപ്രകടനങ്ങൾ നടന്നുവരുന്നുണ്ട്‌. നെതന്യാഹുവിന്റെ നയത്തിൽ ഇസ്രയേലുകാർക്ക്‌ വിശ്വാസം നഷ്‌ടപ്പെട്ടതാണ്‌ വമ്പൻ ജനകീയ പ്രക്ഷോഭത്തിലൂടെ വെളിവാകുന്നത്‌. Read on deshabhimani.com

Related News