ലോകത്തിലെ ഏറ്റവും മനോഹരവും അപകടകരവുമായ വിമാനത്താവളം

Photo: Wikimedia Commons


തിമ്പു > 18,000 അടി ഉയരമുള്ള രണ്ട് കൊടുമുടികൾക്കിടയിലെ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങുന്ന കുഞ്ഞൻ വിമാനം. കുന്നുകളാൽ ചുറ്റപ്പെട്ട  വിമാനത്താവളത്തിന്റെ റൺവെ വായുവിൽ നിൽക്കുമ്പോൾ വെറും സങ്കൽപ്പം മാത്രം. ലാൻഡിങ്ങിന്റെ അവസാന നിമിഷം പൈലറ്റ് വളരെ നാടകീയമായ ഒരു ടേൺ വേഗത്തിൽ എടുത്ത് 3,900 അടി മാത്രമുള്ള റൺവേയിലേക്ക് വിമാനമിറക്കും. എന്തും സംഭവിക്കാമെന്ന് പേടിച്ച് ഒരു കൂട്ടം യാത്രക്കാർ കണ്ണുകളടച്ച് സീറ്റിലങ്ങനെ മുറുകെപ്പിടിച്ചിരിക്കും. മറ്റു ചിലർ പച്ചപ്പു നിറഞ്ഞ കുന്നുകൾക്കിടയിലെ താഴ്‍വരയിലേക്ക് വിമാനം പറന്നിറങ്ങുന്ന കാഴ്ച ആസ്വദിച്ച് മനസ്സു നിറക്കും. ലാൻഡിങ് സുരക്ഷിതമായി പൂർത്തിയായി എന്ന അനൗൺസ്മെന്റിനു പിന്നാലെ പൈലറ്റിന്റെ വൈദ​ഗ്ധ്യത്തിന് യാത്രക്കാരുടെ വക കരഘോഷം.   ഭൂട്ടാനിലെ പാരോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനമിറക്കുന്ന പൈലറ്റുമാർക്കും ജീവനക്കാർക്കും ഇതൊരു സാധാരണ സംഭവം മാത്രമാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമെന്നാണ് പാരോ അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുന്നത്. പാരോ നഗരത്തിൽ നിന്ന് ആറു കിലോമീറ്റർ ദൂരെ പാരോ ചു നദിയുടെ തീരത്താണിത്. ഏകദേശം 8,00,000 ജനങ്ങൾ മാത്രമുള്ള ഹിമാലയൻ രാജ്യമായ ഭൂട്ടാനിലേക്കുള്ള യാത്രയെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളിൽ ഈ വിമാനത്താവളവും അവിടുത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും കൂടി ഉൾപ്പെടുന്നുണ്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഭൂട്ടാനിൽ 97 ശതമാനത്തിലധികം പർവതങ്ങളാണ്. ഭൂട്ടാന്റെ തലസ്ഥാനമായ തിമ്പു സമുദ്രനിരപ്പിൽ നിന്ന് 7,710 അടി ഉയരത്തിലാണ്. സമുദ്ര നിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് പാരോ അന്താരാഷ്ട്ര വിമാനത്താവളം ഉള്ളത്. ചുറ്റുമുള്ള പർവതങ്ങളുടെ ഉയരം 18,000 അടി. ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെ സംയോജനം ഭൂട്ടാനിന്റെ മറ്റേതു ഭാ​​ഗത്തെയും പോലെ പാരോയും ഒറ്റകാഴ്ചയിൽ തന്നെ അതിശയിപ്പിക്കുന്നതാണ്. പാരോ വിമാനത്താവളത്തിലേക്ക് വിമാനം ഇറക്കുന്ന പൈലറ്റുമാരുടെ വൈദഗ്ധ്യവും അത്രമേൽ അതിശയിപ്പിക്കുന്നത് തന്നെ. പാരോ ഒരു കാറ്റഗറി സി എയർപോർട്ടാണ്, അതായത് ക്യാപ്റ്റൻ പദവിയുള്ള, പ്രത്യേക പരിശീലനം നേടിയ  പൈലറ്റുമാർക്ക് മാത്രമേ അവിടെ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും കഴിയൂ. അൻപതിൽ താഴെ പൈലറ്റ്മാർക്ക് മാത്രമാണ് നിലവിൽ പാരോയിലേക്ക് പറക്കാൻ അനുമതിയുള്ളത്. ഇവിടേക്ക് സർവ്വീസുകൾ നടത്തുന്നതാകട്ടെ ഡ്രൂക് എയറും ,ഭൂട്ടാൻ എയർലൈൻസും മാത്രവും. പാരോയിലെക്ക് വലിയ വിമാനങ്ങൾക്ക് എത്താനാകില്ല. ഏയർബസ് എ 319, എ 320, എടിആർ 42 തുടങ്ങിയ എയർക്രാഫ്റ്റുകളാണ് സർവ്വീസ് നടത്തുന്നത്. പരമാവധി യാത്രക്കാരുടെ എണ്ണം 150 മാത്രം. പൈലറ്റുമാർ പർവ്വത ശിഖരങ്ങൾക്കു മുകളിലൂടെ കൃത്യമായ ആസൂത്രണത്തോടെ പറക്കുകയും എല്ലായിപ്പോഴും പ്രവചനാതീതമായ കാറ്റിനെ നേരിടാൻ തയ്യാറായിരിക്കുകയും വേണം. റഡാർ സംവിധാനങ്ങളുടെ സഹായം ഇല്ലാതെ സ്വയം ലാൻഡിങ് നടത്തണം. റൺവേയിലേക്ക് ഇറങ്ങുന്നതിന് തൊട്ടു മുൻപ് മാത്രമേ കോക്പിറ്റിൽ നിന്ന് റൺവേ കാണാനാകൂ. അതുകൊണ്ട് തന്നെ വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രകൃതി അറിയേണ്ടത് വളരെ പ്രധാനമാണ്. ജാനവാസമുള്ളതുമായ മലനിരകൾക്കിടയിലൂടെ വേണം വിമാനത്താവളത്തിലേക്ക് പറന്നിറങ്ങാൻ. ഒരിഞ്ച് പിഴച്ചാൽ ആരുടെയെങ്കിലും വീടിന് മുകളിൽ ആയിരിക്കും ലാൻഡിങ്. സവിശേഷമായ ഭൂപ്രകൃതിക്കു പുറമെ കാലവസ്ഥയാണ് മറ്റൊരു വെല്ലുവിളി. ഏത് സമയത്തും ശക്തമായ കാറ്റ് വീശിയേക്കാം. പ്രഭാതങ്ങൾ പൊതുവെ ശാന്തമാണ്. ഉച്ചക്ക് ശേഷം കാറ്റിന്റെ തീവ്രത വർധിക്കും. അതുകൊണ്ട് തന്നെ എല്ലാ വിമാനങ്ങളും ഉച്ചയ്ക്ക് മുമ്പ് ലാൻഡ് ചെയ്യുന്ന രീതിയിലാണ് സമയക്രമീകരണം. ടേക്ക്ഓഫിന് കാറ്റ് വലിയ പ്രശ്‌നമല്ല. അതിനാൽ ഉച്ചക്ക് ശേഷവും പാരോയിൽ നിന്ന് വിമാനങ്ങൾ പറന്നുയരാറുണ്ട്. മൺസൂൺ സീസണിൽ ശക്തമായ ഇടിമിന്നലുണ്ടാകും. ഗോൾഫ് ബോളുകളുടെ വലുപ്പത്തിലാണ് ആലിപ്പഴം പൊഴിയുന്നത്. ദിവസങ്ങളോളം മഴ നിർത്താതെ പെയ്യുന്ന സാഹചര്യങ്ങളുണ്ടാകും. പാരോ ഇന്റർനാഷണൽ എയർപോർട്ടിലേക്കും തിരിച്ചും വിമാനം പറത്തുന്ന ഒരു പൈലറ്റിന്റെ പരിശീലനത്തിന്റെ പ്രധാനഭാഗം എങ്ങനെ പറക്കണമെന്ന് അറിയുക മാത്രമല്ല, എപ്പോൾ പറക്കരുത് എന്ന് അറിയുക കൂടിയാണ്. റഡാർ സംവിധാനങ്ങളുടെ അഭാവം കാരണം പാരോയിലേക്കും തിരിച്ചും രാത്രികാല വിമാനങ്ങളൊന്നും തന്നെയില്ല. രാത്രിയിൽ എമർജൻസി ലാൻഡിങ് വേണ്ടി വന്നാൽ അതിനുള്ള മാർഗ്ഗങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇതുവരെ ഇവിടെ കാര്യമായ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ദേയമാണ്. Read on deshabhimani.com

Related News