പാക്കിസ്ഥാനിൽ ആദിവാസി ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി; 46 മരണം
കുറാം > പാക്കിസ്ഥാനിലെ കുറാം ജില്ലയിൽ ആദിവാസി ഗോത്രങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ആഴ്ചകളോളം നീണ്ട വെടിവെയ്പ്പിൽ 46 പേർ മരിക്കുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകരും ആദിവാസി മൂപ്പന്മാരും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ആക്രമണം നിർത്തിയിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്കു ശേഷം ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സംഘർഷം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനത്തിലെത്തുമെന്ന് ഉറപ്പുണ്ടെന്നും കുറാം ഡെപ്യൂട്ടി കമ്മീഷണർ ജാവേദുല്ല മെഹ്‌സൂദ് പറഞ്ഞു. അതിർത്തി തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഖൈബർ പഖ്തൂൺഖ്വയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പർവതപ്രദേശമാണ് കുറാം. 700,000 ആളുകൾ ഉള്ള കുറാം ജില്ലയിൽ ഏറെയും ഷിയ സമുദായത്തിലുള്ളവരാണ്. ഷിയാ, സുന്നി ഭൂരിപക്ഷ ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയ സംഘട്ടനത്തിന്റെ ചരിത്രമുള്ള ഈ പ്രദേശത്ത് തീവ്രവാദ ഗ്രൂപ്പുകളും സജീവമാണ്. Read on deshabhimani.com