ട്രംപിനെതിരെ വധശ്രമം ; എന്തിന് വെടിവച്ചു ? വെളിപ്പെട്ടത് ഗുരുതരവീഴ്ച
ഷിക്കാഗോ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുനേരെയുള്ള വധശ്രമത്തിനു പിന്നിലെ കാരണം കണ്ടെത്താനാകാതെ അന്വേഷകസംഘം. പ്രതി തോമസ് മാത്യു ക്രൂക്‌സിന് മറ്റാരുടെയും പിന്തുണ ലഭിച്ചിട്ടില്ലെന്നും ഒറ്റയ്‌ക്ക് കൃത്യം നിർവഹിച്ചതായുമാണ് എഫ്‌ബിഐയുടെ പ്രാഥമിക നിഗമനം. പ്രതി സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടെങ്കിലും ട്രംപിനെതിരായ വധശ്രമം സംബന്ധിച്ച് ശാസ്‌ത്രീയ അന്വേഷണം നടത്തുമെന്ന് എഫ്ബിഐ ഡയറക്ടർ ക്രിസ്റ്റഫർ റേ പറഞ്ഞു. ട്രംപിനെ വെടിവയ്‌ക്കാൻ ഇരുപതുകാരനായ പ്രതിയെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കണ്ടെത്താനുള്ള തെളിവുകൾ അന്വേഷക സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. പ്രതിയുടെ വീട്ടിലും കാറിലും നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിന് ഉപയോഗിക്കാവുന്ന ചില വസ്തുക്കൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പ്രതി ഇതിനുമുമ്പ് ഏതെങ്കിലും അക്രമസംഭവങ്ങളിൽ പങ്കെടുത്തതായി തെളിവ് ലഭിച്ചിട്ടില്ല. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ അരിച്ചു പെറുക്കിയിട്ടും അക്രമാഹ്വാനങ്ങളുടെ വിവരങ്ങളും ലഭിച്ചില്ല. ട്രംപിനും റിപ്പബ്ലിക്കൻ പാർടി നയങ്ങൾക്കുമെതിരായ പ്രസ്‌താവനകളും കണ്ടില്ല. റിപ്പബ്ലിക്കൻ പാർടിക്കാരനാണ് തോമസ് ക്രൂക്‌സ്. പെൻസിൽവാനിയയിൽ ട്രംപ് റാലി നടത്തിയ ബട്‌ലറിൽനിന്ന് 70 കിലോമീറ്റർ അകലെ ബെഥേൽ പാർക്കിലാണ് തോമസ് ക്രൂക്‌സ് താമസിച്ചിരുന്നത്. ബെഥേൽ പാർക്ക് സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായിരുന്ന തോമസ് ക്രൂക്‌സ് അന്തർമുഖനായിരുന്നെന്നും ഗെയിമുകളുടെയും വീഡിയോകളുടെയും ലോകത്താണ് കൂടുതൽ സമയം ചെലവഴിച്ചിരുന്നതെന്നും സ്‌കൂൾ അധികൃതർ പറയുന്നു. ട്രംപിനെ വെടിവച്ച സമയം തോമസ് ക്രൂക്‌സ് തോക്കു പ്രേമികളുടെ ‘ഡെമോളിഷൻ റാൻഞ്ച്' എന്ന യുട്യൂബ് ചാനലിന്റെ ടീ ഷർട്ടാണ് ധരിച്ചിരുന്നത്. നിയമപ്രകാരം വാങ്ങിയ തോക്കാണ് വെടിവയ്‌ക്കാൻ ഉപയോഗിച്ചത്. വെളിപ്പെട്ടത് ഗുരുതരവീഴ്ച പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വെടിയേറ്റ സംഭവത്തിൽ അമേരിക്കൻ സീക്രട്ട് സർവീസ് ഡയറക്‌ടർ 22ന് ജനപ്രതിനിധിസഭയ്‌ക്ക് മുമ്പാകെ ഹാജരാകണം. ജനപ്രതിനിധികളുടെ സുരക്ഷ സംബന്ധിച്ച സമിതിക്ക് മൊഴി നൽകാനാണ് ഡയറക്‌ടർ കിംബർലി ചീറ്റിലിനെ വിളിപ്പിച്ചത്. ട്രംപിന് വെടിയേൽക്കാനിടയായ സംഭവത്തിൽ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കെതിരെ വിമർശം വ്യാപകമായി. ട്രംപിന്റെ തെരഞ്ഞെടുപ്പ് പരിപാടിക്ക് സുരക്ഷ ഒരുക്കുന്നതിൽ ഉത്തരവാദിത്വമുണ്ടായിരുന്നവര്‍ പൂർണമായും പരാജയപ്പെട്ടെന്നാണ് ആക്ഷേപം. ട്രംപ് നിന്നിരുന്ന പൊതുയോഗ സ്ഥലത്തിന് 130 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിലാണ് തോക്കുധാരിയായ തോമസ് ക്രൂക്‌സ് നിലയുറപ്പിച്ചത്. പൊതുയോഗസ്ഥലത്തിന് ഇത്രയും അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് തോക്കുമായി ഒരാൾക്ക് എത്തിപ്പെടാനായത് ഗുരുതരമായ വീഴ്‌ചയായി. വെടിയേറ്റസമയം ട്രംപിനെ വെടിയുണ്ടകളിൽനിന്ന് സുരക്ഷിതനാക്കാനായുള്ള ഷീൽഡുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്നില്ല. വേദിയിൽനിന്ന് മനുഷ്യകവചം തീർത്താണ് ട്രംപിനെ വാഹനത്തിലേക്ക് മാറ്റിയത്. സംഭവത്തെത്തുടർന്ന് പ്രതിയെ ജീവനോടെ പിടികൂടാതെ തത്സമയം വെടിവച്ചുകൊന്നത് ശരിയായ അന്വേഷണത്തിന്റെ വഴി അടയ്‌ക്കാനാണെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്. എന്നാൽ, എന്താണ് സംഭവിച്ചത് എന്നതിനേക്കുറിച്ച് സീക്രട്ട് സർവീസും സ്വതന്ത്രാന്വേഷണം നടത്തുമെന്ന് ഡയറക്‌ടർ കിംബർലി ചീറ്റിൽ പ്രതികരിച്ചു. തോമസ് ക്രൂക്‌സ് ഷൂട്ടിങ് ക്ലബ് അംഗം അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുനേരെ വെടിയുതിർത്ത തോമസ് ക്രൂക്‌സ് പെൻസിൽവാനിയയിലെ ക്ലെയർടൺ സ്‌പോർട്‌സ്‌മെൻ ഷൂട്ടിങ് ക്ലബ് അംഗം. തോമസ് ക്രൂക്‌സ് തങ്ങളുടെ ഷൂട്ടിങ് ക്ലബ്ബിലെ അംഗമാണെന്ന് ക്ലബ് പ്രസിഡന്റ് ബിൽ സെലിറ്റോ സ്ഥിരീകരിച്ചു. 200 യാർഡ് റൈഫിൾ റേഞ്ചുള്ള ക്ലബ്ബിലെ അംഗമാണെന്നതിലുപരി മറ്റ് കാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. Read on deshabhimani.com