സൈന്യത്തിൽ നിന്ന് ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഒഴിവാക്കാൻ ട്രംപ്; റിപ്പോർട്ട്
വാഷിങ്ടൺ > നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സൈന്യത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള അംഗങ്ങൾ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. ട്രാൻസ്‌ജെൻഡറായിട്ടുള്ള ആളുകളെ സൈന്യത്തിൽ നിന്ന് പുറത്താക്കുന്ന ഉത്തരവ് ട്രംപ് അധികാരമേറ്റാൽ പാസാക്കാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. 2025 ജനുവരി 20 ന് അധികാരമേറ്റ ഉടൻ ട്രംപ് യുഎസ് സൈന്യത്തിലുള്ള ട്രാൻസ്‌ജെൻഡർമാരായ ആളുകളെ പിൻവലിക്കുന്ന ഉത്തരവിൽ ഒപ്പിടും. ഈ നീക്കം സായുധ സേനയിൽ നിന്ന് 15,000 ട്രാൻസ്‌ജെൻഡർ സർവീസ് അംഗങ്ങളെയാണ് അയോഗ്യരാക്കുക. ചില മുതിർന്ന ഉദ്യോഗസ്ഥർ സന്നദ്ധതയെക്കാൾ വൈവിധ്യം, തുല്യത എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുകയാണെന്ന് വാദിച്ചു. വലിയ ചികിത്സാ ചെലവുകളും മറ്റും കാരണം സായുധ സേനയിൽ ട്രാൻസ്‌ജെൻഡർമാരെ ഇനി അനുവദിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. 2019ൽ ട്രംപ് അധികാരത്തിലുള്ളപ്പോഴാണ് ഈ നിരോധനം നിലവിൽ വന്നത്. പ്രസിഡന്റ് ജോ ബൈഡൻ അധികാരമേറ്റതിന് ശേഷം ആ നയം മാറ്റി. ഇപ്പോൾ, ട്രംപ് ബൈഡന്റെ ഉത്തരവ് പിൻവലിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ സേവനമനുഷ്ഠിക്കുന്ന ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരെ നീക്കം ചെയ്തുകൊണ്ട് പഴയ നിരോധനം കടുപ്പിക്കുമെന്നും ടൈംസ് റിപ്പോർട്ട് ചെയ്തു. കുടിയേറ്റം സംബന്ധിച്ച കാര്യങ്ങളിലും ട്രംപ് കർക്കശമായ തീരുമാനങ്ങൾ എടുക്കുമെന്നാണ് സൂചന. ട്രംപ് തന്റെ പ്രചാരണ വേളയിൽ, യുഎസ് ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെയുള്ള ട്രാൻസ്‌ജെൻഡർ വിഭാഗത്തെ ലക്ഷ്യമിട്ട് ട്രാൻസ് വിരുദ്ധ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. എൽജിബിടി കമ്മ്യൂണിറ്റിക്കുള്ള പൗരാവകാശ സംരക്ഷണങ്ങൾ പിൻവലിക്കുമെന്നും ട്രാൻസ്‌ജെൻഡർ വിദ്യാർഥികളെ സ്‌പോർട്‌സിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com