പനാമ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപ്
വാഷിങ്ടൺ > ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിൽ ഒന്നായ പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജലപാതയിലൂടെയുള്ള യാത്രയ്ക്ക് യുഎസ് കപ്പലുകളിൽ പനാമ അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ചു. “ഞങ്ങളുടെ നാവികസേനയോടും വാണിജ്യത്തോടുമുള്ള സമീപനം അന്യായവും വിവേചനപരവുമാണ്. പനാമ ഈടാക്കുന്ന ഫീസ് പരിഹാസ്യമാണ്,”- ട്രംപ് ശനിയാഴ്ച സാമൂഹിക മാധ്യമത്തിൽ കുറിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിനെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നതാണണ് പനാമ കനാൽ. 1914-ൽ കനാൽ ഫ്രാൻസ് ഉപേക്ഷിച്ചതിന് ശേഷം അമേരിക്ക ഏറ്റെടുത്ത് നിർമാണം പൂർത്തീകരിക്കുകയായിരുന്നു. 81 കിലോമീറ്ററാണ് കനാലിന്റെ നീളം. 1999 ൽ കനാലിന്റെ നിയന്ത്രണം പൂർണ്ണമായും പനാമയ്ക്ക് കൈമാറിയിരുന്നു. പനാമ കനാലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അമിത നിരക്ക് ഈടാക്കുന്ന നടപടി തുടർന്നാൽ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് അരിസോണയിൽ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ട്രംപ് പറഞ്ഞു. Read on deshabhimani.com