ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഓടിച്ചു കയറ്റി: ഭീകരാക്രമണം എന്ന് സംശയം; രണ്ട് പേർ കൊല്ലപ്പെട്ടു
ബെർലിൻ > ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി ഒരു കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. 68 പേർക്ക് പരിക്കേറ്റു. കിഴക്കൻ ജർമൻ പട്ടണമായ മാഗ്‌ഡെബർഗിലെ ക്രിസ്മസ് മാർക്കറ്റിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ സൗദി അറേബ്യക്കാരനായ തലേബ് എ എന്ന അൻപതുകാരനെ അറസ്റ്റ് ചെയ്തു. സൈക്കാട്രി വിഭാഗം ഡോക്ടറായ ഇയാൾ ജർമനിയിൽ സ്ഥിരതാമസക്കാരനാണ്. മാർക്കറ്റിൽ ഉണ്ടായത് ഭീകരാക്രമണമാണെന്നാണ് പ്രാദേശിക ഭരണകൂടങ്ങൾ ആരോപിക്കുന്നത്. ആക്രമണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് പ്രതികരിച്ചു. സംഭവത്തിൽ സൗദി അടക്കമുള്ള ലോകരാജ്യങ്ങൾ ദുഃഖം രേഖപ്പെടുത്തി. അപകടം നടക്കുന്ന സമയത്ത് നൂറുകണക്കിന് ആളുകളാണ് മാർക്കറ്റിൽ ഉണ്ടായിരുന്നത്. കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യു കാർ ആൾക്കൂട്ടത്തിലേക്ക് അതിവേഗം പാഞ്ഞുകയറുന്നതും ആളുകൾ ചിതറിയോടുന്നതുമായ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചിരിക്കുന്നുണ്ട്. യുദ്ധ സമാനമായ സാഹചര്യമായിരുന്നുവെന്നാണ് മാർക്കറ്റിലുണ്ടായിരുന്നവർ പറയുന്നത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. അക്രമി ഒറ്റക്കാണെന്നാണ് കരുതുന്നതെന്നും നഗരത്തിൽ കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയില്ലെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന് തൊട്ടുമുമ്പ് പ്രതി കാർ വാടകയ്‌ക്കെടുത്തതായാണ് പൊലീസ് പറയുന്നത്. അപകടം നടന്ന മാഗ്‌ഡെബർഗിലും അറസ്റ്റിലായയാൾ താമസിക്കുന്ന ബെർൺബർഗിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Read on deshabhimani.com