യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി മിസൈല്‍; ആക്രമണം ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദർശനത്തിനിടെ
മനാമ > യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഹുതി മിസൈല്‍. ലക്ഷ്യത്തിലെത്തും മുമ്പ് മിസൈല്‍ വെടിവെച്ചിട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും ബാലിസ്റ്റിക് മിസൈലിന്റെ അവിശിഷ്ടങ്ങള്‍ ജനവാസ മേഖലകള്‍ക്ക് പുറത്ത് പതിച്ചതായും മന്ത്രാലയം പ്രസ്‌താവനയില്‍ സ്ഥിരീകരിച്ചു. ഞായര്‍ അര്‍ധരാത്രിക്കുശേഷമാണ് മിസൈല്‍ ആക്രമണം. ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ സന്ദര്‍ശന വേളയിലാണ് ആക്രമണ ശ്രമമുണ്ടായത്. ജനുവരി 24 ന് അബുദാബിയെ ലക്ഷ്യമിട്ട് എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ 17ന് രാവിലെ് ഹുതി ഡ്രോണ്‍ ആക്രമണത്തെതുടര്‍ന്ന് അബുദാബി മുസഫയില്‍ ടാങ്കര്‍ ട്രക്കുകള്‍ പൊട്ടിത്തെറിച്ച് രണ്ട് പഞ്ചാബ് സ്വദേശികളടക്കം മൂന്നു പേര്‍ മരിച്ചിരുന്നു. Read on deshabhimani.com