യുകെയിലെ ലേബർ പാർടി യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നു; പുതിയ പരാതിയുമായി ട്രംപ്



വാഷിങ്ടൺ > ബ്രിട്ടണിലെ ലേബർ പാർടി യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടപെടുന്നുവെന്ന പരാതിയുമായി റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർഥി കമല ഹാരിസിനെ വിജയിപ്പിക്കാൻ ലേബർ പാർടി ശ്രമിക്കുന്നുവെന്നു കാട്ടി ട്രംപ് ഫെഡറൽ ഇലക്ഷൻ കമീഷന് പരാതി നൽകി. ഈ ആഴ്ചം ആദ്യം നൽകിയ പരാതിയിൽ ലേബർ പാർടിയും കമലാ ഹാരിസിൻ്റെ പ്രചാരണ സംഘവും തമ്മിലുള്ള കൂട്ടുകെട്ടിന്റെ തെളിവായി മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളുമടക്കം ട്രംപ് സമർപ്പിച്ചിട്ടുണ്ട്. ലേബർ പാർടിയിലെ സ്ട്രാറ്റജിസ്റ്റ് ടീം ഹാരിസിന്റെ പ്രചാരണവിഭാഗവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും 100ഓളം സ്റ്റാഫ് മെമ്പർമാർ പ്രധാനപോരാട്ടം നടക്കുന്ന യുഎസ് സ്റ്റേറ്റുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് പറയുന്നു. കമല ഹാരിസ് നിയമവിരുദ്ധമായി രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നും സംഭാവനകൾ സ്വീകരിച്ചു എന്നും ട്രംപ് പരാതിയിൽ ആരോപിക്കുന്നു. എന്നാൽ വിദേശത്ത് നിന്നുള്ള വോളണ്ടിയർമാർക്ക് യുഎസ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിക്കാം. ഇതിന് പ്രതിഫലം വാങ്ങരുതെന്ന് മാത്രമാണ് നിബന്ധന. അതുകൊണ്ട് തന്നെ ട്രംപിന്റെ പരാതിക്ക് ഏതെങ്കിലും തരത്തിലുള്ള സ്വാധിനമുണ്ടാക്കാൻ കഴിയില്ല എന്നാണ് വിലയിരുത്തുന്നത്.   Read on deshabhimani.com

Related News