ഉക്രെയ്നിൽ മിസൈൽ ആക്രമണം; റോയിട്ടേഴ്‌സിന്റെ സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു
കീവ് > ഉക്രെയ്നിൽ റോയിട്ടേഴ്സ് വാർത്താ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ റഷ്യൻ മിസൈൽ ആക്രമണം. റോയിട്ടേഴ്സിനൊപ്പം പ്രവർത്തിച്ചിരുന്ന സുരക്ഷാ ഉപദേഷ്ടാവ് കൊല്ലപ്പെട്ടു. മുപ്പത്തിയെട്ടുകാരനായ മുൻ ബ്രിട്ടിഷ് സൈനികൻ റയാൻ ഇവാൻസ് ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ട് മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റു. ഒരാളുടെനില ഗുരുതരമാണ്. ക്രമറ്റോർസ്‌ക് നഗരത്തിലെ ഹോട്ടൽ സഫയറിൽ ശനിയാഴ്‌ച വൈകുന്നേരമാണ് മിസൈൽ ആക്രമണമുണ്ടായത്. ഉക്രെയ്‌ൻ-റഷ്യ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ആറംഗ സംഘം താമസിച്ചിരുന്ന ഹോട്ടലിലേക്ക് റഷ്യയുടെ ഇസ്‌കന്ദർ-എം ബാലിസ്റ്റിക് മിസൈൽ ഇടിച്ചു കയറുകയായിരുന്നു. ആക്രമണത്തിൽ ഹോട്ടലിന് പുറത്തുണ്ടായിരുന്ന ബഹുനില കെട്ടിടവും തകർന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ സുരക്ഷിതരാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നിൽ റഷ്യയാണെന്ന് ഉക്രെയ്ൻ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഉക്രെയ്‌നിന്റെ കിഴക്കൻ ഖർകിവ് മേഖലയിലും ഞായറാഴ്ച റഷ്യൻ വെടിവെപ്പുണ്ടായാതായും നിരവധി പേർക്ക് പരിക്കേറ്റതായും റീജിയണൽ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. റഷ്യയിൽ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ ഉക്രേനിയൻ ഷെല്ലാക്രമണത്തിൽ അഞ്ച് റഷ്യക്കാർ മരിച്ചതായും റിപ്പോർട്ടുണ്ട്. Read on deshabhimani.com