സംയമനം പാലിക്കണം: യു എൻ
ലണ്ടൻ രാഷ്ട്രീയ അനിശ്ചിത്വത്തിലായ ബംഗ്ലാദേശിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പാർടികളും ജനങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന. സമാധാനപൂർണമായ അധികാരക്കൈമാറ്റം ഉറപ്പാക്കണം. അക്രമങ്ങളിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതായും യു എൻ ഉപവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. അതേസമയം, സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ യുഎന്നിന്റെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടു. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കലാപവും ജീവനഷ്ടവുമാണ് സംഭവിച്ചത്. ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നതായി ചൈന പറഞ്ഞു. ഇടക്കാല സർക്കാർ രൂപീകരണം ജനാധിപത്യപരമായിരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഷെയ്‌ഖ് ഹസീനയുടെ അവസ്ഥയിൽ ആശങ്കയുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പറഞ്ഞു. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന കാലത്ത് ഹസീന സഹായിച്ചിരുന്നു. ഖാലിദ സിയയുടെ മോചനത്തെ സ്വാഗതം ചെയ്ത വിക്രമസിംഗെ, ഇതിന് ഹസീന നേരത്തേ തയ്യാറായിരുന്നെങ്കിൽ അധികാരം നഷ്ടമാകില്ലായിരുന്നു എന്നും പറഞ്ഞു. Read on deshabhimani.com