ഗാസയിൽ മണിക്കൂറിൽ ഒരു കുട്ടി കൊല്ലപ്പെടുന്നു: യുഎൻ
അമ്മൻ ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ മണിക്കൂറിൽ ഒരു കുട്ടിവീതം കൊല്ലപ്പെടുന്നെന്ന് പലസ്തീൻ അഭയാർഥികൾക്കായുള്ള യു എൻ ഏജൻസി. മനുഷ്യജീവന്റെ നീതീകരിക്കാനാകാത്ത അപഹരണമാണ് ഗാസമുനമ്പിൽ നടക്കുന്നതെന്നും ഏജൻസി സമൂഹമാധ്യമത്തിൽ പങ്കിട്ട റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 14,500 കുട്ടികളാണ് കൊല്ലപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ കൊല്ലുന്നത് നീതീകരിക്കാനാകില്ല. വീടും വിദ്യാഭ്യാസവും നഷ്ടപ്പെട്ട കുട്ടികൾ തെരുവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഭക്ഷണം തിരയുകയാണ്. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ ഇടപെടണം–- റിപ്പോർട്ടിൽ പറഞ്ഞു. അതിനിടെ, ഗാസയിലേക്കുള്ള അവശ്യസാധനങ്ങൾ കൊള്ളയടിക്കാൻ ഇസ്രയേൽ എല്ലാ സഹായവും ചെയ്യുന്നതായി ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതിനായി, ചരക്കുവണ്ടികളുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഇസ്രയേൽ സൈന്യം വെടിവയ്ക്കുന്നതായി മന്ത്രാലയം പറഞ്ഞു. 2023 ഒക്ടോബർ ഏഴുമുതൽ ഇസ്രയേൽ 723 പൊലീസുകാരെയും മറ്റ് സന്നദ്ധപ്രവർത്തകരെയും കൊന്നൊടുക്കി–- റിപ്പോർട്ട് ചൂണ്ടിക്കാട്ടി. Read on deshabhimani.com