ഗാസ വെടിനിർത്തൽ ; രക്ഷാസമിതി പ്രമേയം വീറ്റോചെയ്ത് അമേരിക്ക
ഐക്യരാഷ്ട്ര കേന്ദ്രം/ ഗാസ സിറ്റി ഗാസയിൽ ഇസ്രയേൽ തുടരുന്ന വംശഹത്യക്ക് എല്ലാ സഹായവും നൽകുന്ന അമേരിക്ക, മുനമ്പിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന യു എൻ പ്രമേയം വീറ്റോ ചെയ്തു. ഗാസയിലെ സ്ഥിതിഗതികൾ ചൂണ്ടിക്കാട്ടി, സ്ഥിരാംഗങ്ങളല്ലാത്ത പത്ത് രാജ്യങ്ങൾ ചേർന്നാണ് രക്ഷസമിതിയിൽ ബുധനാഴ്ച പ്രമേയം അവതരിപ്പിച്ചത്. മറ്റ് 14 അംഗങ്ങളും പിന്തുണച്ച പ്രമേയത്തെ സ്ഥിരാംഗമായ അമേരിക്ക വീറ്റോ ചെയ്ത് മുടക്കുകയായിരുന്നു. പ്രമേയത്തിൽ ബന്ദിമോചനം ആവശ്യപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി. പ്രശ്‌നത്തിൽ ഒത്തുതീർപ്പ് സാധ്യമാക്കാൻ രക്ഷാസമിതി അംഗങ്ങൾ ശ്രമിക്കുന്നില്ലെന്ന് പറഞ്ഞ യു എന്നിലെ അമേരിക്കൻ ഡെപ്യൂട്ടി അംബാസഡർ റോബർട്ട് വുഡ്, നിരുപാധിക വെടിനിർത്തലിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി. ഇസ്രയേൽ കടന്നാക്രമണത്തിൽ ഗാസയിൽ ഇതുവരെ 43,985 പേരാണ് കൊല്ലപ്പെട്ടത്. വടക്കൻ ഗാസയിൽ മാസങ്ങളായി കടുത്ത ആക്രമണം നടത്തുന്നു. ഭക്ഷ്യക്ഷാമവും പട്ടിണിയും രൂക്ഷമാണ്. ബുധനാഴ്ച പട്ടിണിയാൽ അവശനിലയിലായ 17 കുട്ടികളെ കമാൽ അവ്‌ദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരിച്ചടി ടെൽ അവീവിൽ: ഹിസ്‌ബുള്ള ബെയ്‌റൂട്ടിലെ സർക്കാർ ഓഫീസുകളിലേക്ക് ഇസ്രയേൽ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടി ടെൽ അവീവിന്റെ ഹൃദയഭാഗത്തുതന്നെ നൽകുമെന്ന് ഹിസ്‌ബുള്ള മേധാവി നയിം ഖാസെം. ലബനന്റെ പരമാധികാരം അടിയറവ് വച്ചുള്ള ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. അമേരിക്കൻ പ്രതിനിധി മുന്നോട്ടുവച്ച ഒത്തുതീർപ്പ് നിർദേശത്തോട് ഹിസ്‌ബുള്ള അനുകൂലമായാണ് പ്രതികരിച്ചത്. ഇസ്രയേൽ ആക്രമണം തുടർന്നാൽ നീണ്ട യുദ്ധത്തിന് സംഘടന തയ്യാറാണ്. ഇസ്രയേലിന് ഹിസ്‌ബുള്ളയെ തോൽപ്പിക്കാനാകില്ല–- ബുധനാഴ്ച നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സൈനിക യൂണിഫോമിൽ നെതന്യാഹു ഗാസയിൽ ഗാസയിലെമ്പാടും രൂക്ഷമായ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, മുനമ്പിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രസിഡന്റ് ബെന്യാമിൻ നെതന്യാഹു. ജാക്കറ്റും ഹെൽമെറ്റുമടക്കം സൈനിക യൂണിഫോം ധരിച്ചായിരുന്നു സന്ദർശനം. കടൽത്തീരത്തുനിന്ന് ‘ഹമാസിന് ഇനി മടങ്ങിവരവില്ല’ എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. മുനമ്പിലെ കടന്നാക്രമണത്തിന് നേതൃത്വം നൽകുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും ഒപ്പമായിരുന്നു നെതന്യാഹുവിന്റെ സന്ദർശനം. ‘‘ഗാസയിൽ അവശേഷിക്കുന്ന 101 ബന്ദികൾക്കായി തിരച്ചിൽ തുടരും. ഓരോ ബന്ദിക്കും 50 ലക്ഷം ഡോളർ വീതം സഹായം നൽകും. ഇവരെ ഉപദ്രവിക്കുന്നവരെ വേട്ടയാടിപ്പിടിച്ച് ഇല്ലാതാക്കും’’–- നെതന്യാഹു പറഞ്ഞു. ഹമാസിന്റെ സൈനികശേഷി പൂർണമായും നശിപ്പിച്ചെന്നും സംഘടനയെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. Read on deshabhimani.com