അമേരിക്ക പോളിങ് ബൂത്തിൽ; അർദ്ധരാത്രിയോടെ ആദ്യ ഫലസൂചന
വാഷിങ്ടൺ > അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. അമേരിക്കൻ സമയം രാവിലെ ഏഴിന് തുടങ്ങിയ വോട്ടിങ് വൈകിട്ട് ഏഴിന് അവസാനിക്കും. ആറ് വോട്ടർമാർ മാത്രമുള്ള ന്യൂ ഹാംപ്ഷയറിലെ ഡിക്സ്‍വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടുകൾ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പോളിങ് അവസാനിക്കുന്ന മുറയ്‌ക്ക് വോട്ടെണ്ണിത്തുടങ്ങും. രാത്രി പന്ത്രണ്ടോടെ ആദ്യ ഫലസൂചനകൾ പുറത്തു വരും. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. ആർക്കും വ്യക്തമായ മുൻതൂക്കം പ്രവചിക്കാനാകാത്ത തെരഞ്ഞെടുപ്പെന്ന പ്രത്യേക കൂടി ഇത്തവണയുണ്ട്. ന്യൂയോർക്ക് ടൈംസ് സർവെ പ്രകാരം ഡെമോക്രാറ്റിക് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസിന് നേരിയ മുൻതൂക്കമുണ്ട്. പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക. പെൻസിൽവാനിയയിൽ ട്രംപിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നത് റിപ്പബ്ലിക്കൻ ക്യാമ്പിന് പ്രതീക്ഷയേകുന്നു. 2016ൽ പെൻസിൽവാനിയും വിസ്‌കോൺസിനും മിഷിഗണും ട്രംപിനൊപ്പമായിരുന്നു. പെൻസിൽവാനിയയിലായുന്നു കമലയുടെ അവസാനഘട്ട പ്രചാരണം. ട്രംപ് അവസാനവട്ട പ്രചരണത്തിനിറങ്ങിയത് മിഷിഗണിയാലിരുന്നു. മുൻകൂർ വോട്ട് സൗകര്യം ഉപയോഗപ്പെടുത്തി 7.4 കോടി പേർ ഇതിനോടകം വോട്ട് ചെയ്‌തു. ഇന്ന് ഒമ്പത് കോടി പേർ പോളിങ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാടിസ്ഥാനത്തിൽ നിജപ്പെടുത്തിയിട്ടുള്ള ആകെ 538 ഇലക്ടറൽ വോട്ടുകളിൽ 270 നേടുന്നവരാണ് ജയിക്കുക. ജനകീയ വോട്ടിൽ ഭൂരിപക്ഷം നേടിയാലും ഇലക്ടറൽ വോട്ടിൽ പിന്നിലായാൽ ജയിക്കാനാകില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധി സഭയിലേക്കും 34 സെനറ്റ് സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. Read on deshabhimani.com