അമേരിക്ക ട്രംപിന്റെ വഴിയേ ; സെനറ്റിലും പ്രതിനിധി സഭയിലും 
റിപ്പബ്ലിക്കൻ പാർടിക്ക്‌ ഭൂരിപക്ഷം



ന്യൂയോർക്ക്‌ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയെ ഇനി ആ​ഗോള തീവ്രവലതുപക്ഷത്തിന്റെ നായകന്‍ ഡോണൾഡ്‌ ട്രംപ്‌ നയിക്കും. നാലുവര്‍ഷത്തിനുശേഷം വൈറ്റ്ഹൗസില്‍ തിരിച്ചെത്തുന്ന ട്രംപ് അടുത്ത നാലുവര്‍ഷം ലോകരാഷ്ട്രീയത്തിന്റെ ​ഗതി നിശ്ചയിക്കും. ജനകീയ വോട്ടിലും ഇലക്‌ടറൽ വോട്ടിലും മുന്നിലെത്തിയ ഈ റിപ്പബ്ലിക്കൻ  സ്ഥാനാർഥി ആധികാരിക വിജയത്തോടെയാണ്‌ അമേരിക്കയുടെ 47–-ാം പ്രസി‍ഡന്റാവുന്നത്‌. രാജ്യചരിത്രത്തിലെ ഏറ്റവും പ്രായമേറിയ പ്രസിഡന്റ്‌ എന്ന സവിശേഷതകൂടി ഈ 78കാരനുണ്ട്‌.  2004ൽ ജോർജ്‌ ബുഷിന്‌ ശേഷം ആദ്യമായാണ്‌ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇലക്ടറർ വോട്ടിനുപുറമെ ജനകീയ വോട്ടിലും ഭൂരിപക്ഷം നേടി പ്രസിഡന്റാകുന്നത്‌. അമേരിക്ക ഒരിക്കലും കാണാത്ത രാഷ്ട്രീയ വിജയമാണിതെന്ന്  ട്രംപ് വിജയ പ്രഖ്യാപന പ്രസം​ഗത്തില്‍ പറഞ്ഞു. സെനറ്റര്‍ ജെ ഡി വാന്‍സിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചു. ഔദ്യോ​ഗിക അന്തിമ ഫല പ്രഖ്യാപനം 2025 ജനുവരി ആറിന്‌. അകെ 279 ഇലക്ടറൽ വോട്ട്‌ ട്രംപ്‌ നേടിയപ്പോൾ  ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയായ വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസിന്‌ 223 ഇലക്‌ടറൽ  വോട്ട്‌ നേടാനേ കഴിഞ്ഞുള്ളൂ. ചാഞ്ചാട്ട സംസ്ഥാനങ്ങളായ പെൻസിൽവാനിയ, വിസ്‌കോൺസിൻ, മിഷിഗൺ, നെവാഡ, ജോർജിയ, നോർത്ത്‌ കാരലിന, അരിസോണ എന്നിവ ട്രംപിനൊപ്പം നിന്നു. 2020ൽ നോർത്ത്‌ കരോലിനയിൽ മാത്രമാണ്‌ ട്രംപിനെ തുണച്ചത്‌.  ഒഹിയോ, വെസ്റ്റ്‌ വിർജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചതോടെ നാല്‌ വർഷത്തിന്‌ ശേഷം ഉപരിസഭയായ സെനറ്റിലും റിപ്പബ്ലിക്കൻ പാർടിക്ക്‌  ഭൂരിപക്ഷമായി.   പ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർടിക്കാണ്‌ ഭൂരിപക്ഷം. ഇലക്ടറൽ വോട്ടുകളുടെ മാത്രം പിൻബലത്തിലാണ്‌ 2016ൽ ട്രംപ്‌ അധികാരത്തിലെത്തിയത്‌. ട്രംപിനേക്കാൾ കൂടുതൽ ജനകീയ വോട്ടുകൾ അന്നത്തെ ഡെമോക്രാറ്റിക്‌ സ്ഥാനാർഥി ഹിലരി ക്ലിന്റന്‍ നേടി. എന്നാൽ ഇത്തവണ ആകെ പോൾ ചെയ്‌തവോട്ടിന്റെ 51 ശതമാനം ട്രംപിനാണ്‌.  കമലയ്‌ക്ക്‌ ലഭിച്ചത് 47.3 ശതമാനം. അമേരിക്കയിലെ തീവ്രവലതുപക്ഷത്തിന്റെ വോട്ടും അഭ്യന്തര പ്രശ്നങ്ങളെ അതിജീവിച്ച് റിപ്പബ്ലിക്കന്‍ വോട്ടുബാങ്കും നിലനിര്‍ത്താന്‍ ട്രംപിനായി. എന്നാല്‍, കമലയ്‌ക്ക്‌ ഡെമോക്രാറ്റിക്‌ വോട്ടുകളും പുരോ​ഗമനപക്ഷത്തിന്റെ വോട്ടുകളും ഏകോപിപ്പിക്കാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗ്രീൻ പാർടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജിൽ സ്റ്റെയ്‌ൻ ആറര ലക്ഷത്തോളം വോട്ടുനേടി. കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍ ​ഗ്രീന്‍പാര്‍ടി സ്ഥാനാര്‍ഥിക്ക് കിട്ടിയതിന്റെ നാലിരട്ടിവരുമിത്.  മുൻ പ്രസിഡന്റ്‌ ജോൺ എഫ്‌ കെന്നഡിയുടെ മരുമകൻ റോബർട്ട്‌ കെന്നഡിയും ലിബറേഷൻ പാർടിയുടെ ചേസ്‌ ഒലിവറും ആറുലക്ഷത്തോളം വീതം വോട്ടുപിടിച്ചത്‌  ഡെമോക്രാറ്റുകൾക്ക്‌ തിരിച്ചടിയായി.   ഡെമോക്രാറ്റുകളെ അനുകൂലിച്ച കറുത്തവംശജരും അറബ്, ലാറ്റിന്‍ വംശജരും ഇത്തവണ നിസ്സം​​ഗ നിലപാട് സ്വീകരിക്കുകയോ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയോ ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ചരിത്രം വഴിമാറി 127 വർഷത്തിന്‌ ശേഷം തുടർച്ചയായല്ലാതെ ഒരാൾ വീണ്ടും യുഎസ്‌ പ്രസിഡന്റാകുന്നു എന്ന പ്രത്യേകത ഇക്കുറിയുണ്ട്.  2016ൽ ജയിച്ച ട്രംപ്‌ 2020ൽ ജോ ബൈഡനോട്‌ പരാജയപ്പെട്ടിരുന്നു.  1885ലും 1893-ലും  പ്രസിഡന്റായ ഡെമോക്രാറ്റിക്‌ പാർടിയുടെ ഗ്രോവർ ക്ലീവ്‌ലാൻഡാണ്‌ ഇതിന്‌ മുമ്പ്‌ ഇടവേളയ്‌ക്ക്‌ ശേഷം പ്രസിഡന്റായത്‌.   ഗുരുതരക്രിമിനല്‍ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടിട്ടും പ്രസിഡന്റ് പദത്തിലെത്തുന്ന ആദ്യ വ്യക്തിയാണ് ട്രംപ്. രഹസ്യബന്ധം പുറത്തുപറയാതിരിക്കാന്‍ നടിക്ക്‌ പണം നല‍്കിയെന്ന കേസിലായിരുന്നു ശിക്ഷ. രണ്ട് തവണ ഇംപീച്ച്മെന്റ് നടപടി നേരിട്ട ആദ്യ പ്രസിഡന്റ് കൂടിയാണ് ട്രംപ്. ഡോണൾഡ്‌ ട്രംപ്‌ ● അമേരിക്കൻ പ്രസിഡന്റായ ഏറ്റവും പ്രായമേറിയ വ്യക്തി (78 വയസ്സ്‌) ● ഒരു തവണത്തെ ഇടവേളയ്‌ക്കുശേഷം രണ്ടു തവണ യുഎസ്‌ പ്രസിഡന്റായ രണ്ടാമത്തെ വ്യക്തി ● ഗുരുതര കുറ്റകൃത്യത്തിന്‌ ശിക്ഷിക്കപ്പെട്ടിട്ടും യുഎസ്‌ പ്രസിഡന്റായ ആദ്യ വ്യക്തി ● രഹസ്യബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നടി സ്‌റ്റോമി ഡാനിയേൽസിന്‌ പണം കൊടുക്കുകയും ബിസിനസ്‌ രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്ത കേസില്‍ ട്രംപ്‌ കുറ്റക്കാരനെന്ന്‌ കോടതി വിധിച്ചു ● കഴിഞ്ഞ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കാൻ ശ്രമിച്ചു, ജോ ബൈഡന്റെ സ്ഥാനാരോഹണം തടസ്സപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ  ക്രിമിനൽ കേസുകളും നേരിടുന്നു ● അമേരിക്കൻ കോൺഗ്രസ്‌ രണ്ടു തവണ ഇംപീച്ച്‌ ചെയ്‌ത ഏക യുഎസ്‌  പ്രസിഡന്റ്‌ ● റിയൽ എസ്‌റ്റേറ്റ്‌ വ്യവസായ ഗ്രൂപ്പ്‌ ട്രംപ്‌ ഓർഗനൈസേഷന്റെ തലവൻ ● 2005ൽ മെലാനിയയെ വിവാഹം കഴിച്ചു. ഒരു മകൻ. മുൻ വിവാഹങ്ങളിൽ നാലു മക്കൾ നാലാമൂഴത്തിന്‌ 
ബേണി സാൻഡേഴ്‌സ്‌ ഡെമോക്രാറ്റുകളുമായി സഹകരിച്ച്‌ സ്വതന്ത്രനായി മത്സരിച്ച ബേണി സാൻഡേഴ്‌സ്‌ തുടർച്ചയായ നാലാം തവണയും യുഎസ്‌ സെനറ്റിലേക്ക്‌ ജയിച്ചുകയറി. പുമോഗമനവാദികൾക്ക്‌ പ്രിയങ്കരനാനയ അദ്ദേഹം ആകെ പോൾ ചെയ്‌ത വോട്ടിന്റെ 63.3 ശതമാനം നേടി. 88കാരനായ ബെർണി സാൻഡേഴ്‌സ്‌ 2020ൽ അടക്കം രണ്ട്‌ തവണ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ സ്ഥനാർഥിത്വത്തിന്‌ അടുത്തെത്തിയിരുന്നു. യുഎസ്‌ 
കോൺഗ്രസിൽ ആദ്യമായി 
ട്രാൻസ്‌ വനിത അമേരിക്കൻ കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ട്രാൻസ്‌ജെൻഡർ വനിതയായി സാറ മക്‌ബ്രൈഡ്‌. ഡെലവെയര്‍ സെനറ്ററായിരുന്ന മക്‌ബ്രൈഡ്‌ റിപ്പബ്ലിക്കൻ സ്ഥാനാർഥി  ജോൺ വെലനെ എഴുപത്തിഅയ്യായിരത്തിൽപരം വോട്ടിന് പരാജയപ്പെടുത്തിയാണ്‌ സാറ അമേരിക്കൻ കോൺഗ്രസിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ആരോഗ്യപരിപാലനം, ശമ്പളത്തോടുകൂടിയുള്ള ലീവ്‌, ശിശുസംരക്ഷണം തുടങ്ങിയ ജനകീയ നയങ്ങൾ മുൻനിർത്തിയാണ്‌ സാറ തെരഞ്ഞെടുപ്പ്‌ പ്രചാരണം നടത്തിയത്‌. സാറയുടെ പാർട്ടിയായ ഡെമൊക്രാറ്റുകൾ ട്രാൻസ്‌ അവകാശങ്ങളെ പിന്തുണയ്ക്കുമ്പോൾ എതിരാളികളായ റിപ്പബ്ലിക്കൻമാർ ലൈംഗിക വ്യക്തിത്വത്തിന്റെ വൈവിധ്യത്തെ ശക്തമായി എതിർക്കുന്നു. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും ട്രാൻസ്‌ വ്യക്തികളുടെ അവകാശങ്ങൾ ചർച്ചയായി. പ്രതിനിധി 
സഭയിലേക്ക്‌ 
നാൻസി പെലോസി യുഎസ്‌ പ്രതിനിധി സഭയിലേക്ക്‌ ഡെമോക്രാറ്റിക്‌ നേതാവ്‌ നാൻസി പെലോസി തെരഞ്ഞെടുക്കപ്പെട്ടു. 1987ൽ സഭയിൽ അംഗമായ നാൻസി പ്രതിനിധി സഭ സ്‌പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതയാണ്‌. 2003 മുതൽ പ്രതിനിധി സഭയിൽ ഡെമോക്രാറ്റുകളെ നയിക്കുന്നു.   Read on deshabhimani.com

Related News