ട്രംപ് "പണി' തുടങ്ങി ; പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിനെ പുറത്താക്കുമെന്ന് ട്രംപ്
വാഷിങ്‌ടൺ വൈറ്റ് ഹൗസിൽ അധികാരമേറ്റ് രണ്ട് സെക്കൻഡിനുള്ളിൽ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്തിനെ പുറത്താക്കുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റേഡിയോ അഭിമുഖത്തിലാണ് ട്രംപിന്റെ മുന്നറിയിപ്പ്. 2022-ൽ അറ്റോർണി ജനറൽ മെറിക്ക് ഗാർലൻഡാണ് പ്രത്യേക അഭിഭാഷകനായി ജാക്ക് സ്‌മിത്തിനെ നിയമിച്ചത്. 2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള ശ്രമങ്ങൾക്കും രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്‌തതിനും ട്രംപിനെതിരെ കുറ്റം ചുമത്തുന്നതിൽ നിർണായകമായത് ജാക്ക് സ്‌മിത്തിന്റെ ഇടപെടലാണ്. സ്‌മിത്തിനെ നിരന്തരം നിലപാടെടുത്ത ട്രംപ് താൻ പ്രസിഡന്റായാൽ അദ്ദേഹത്തെ പുറത്താക്കുമെന്ന് മുമ്പ് പലതവണ വ്യക്തമാക്കിയിരുന്നു. ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ സ്‌മിത്തിനെ പുറത്താക്കാൻ നീതിന്യായ വകുപ്പിനോട് ഉത്തരവിടാനാകും. സ്‌മിത്തിനെ മുൻ പ്രസിഡന്റ് ജോ ബൈഡൻ നേരിട്ട് നിയമിച്ചതല്ലാത്തതിനാൽ ട്രംപിന് സ്വന്തം നിലയ്‌ക്ക് സ്‌മിത്തിനെ പുറത്താക്കാനാകില്ല. ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ ഇടിവ് ഇലക്‌ട്രറൽ വോട്ടിലും ജനകീയ വോട്ടിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വൈറ്റ്‌ഹൗസിലേക്ക് എത്തിയ റിപ്പബ്ലിക്കൻ നേതാവ് ഡോണൾഡ് ട്രംപിനെ തുണച്ചത് വോട്ടിങ് ശതമാനത്തിലെ ഇടിവ്. 2020ലെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ ട്രംപിന് കിട്ടിയ ജനകീയ വോട്ട് 7.42 കോടിയാണ്. ഇത്തവണ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ട്രംപിന് സമാഹരിക്കാനായത് 7,26,52,827 വോട്ടാണ്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഒരു പക്ഷേ 2020ൽ കിട്ടിയ ജനകീയ വോട്ടിനെ മറികടക്കാനായേക്കും. പക്ഷേ അപ്പോഴും കഴിഞ്ഞതവണ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് ലഭിച്ച 8.13 കോടി വോട്ടിന്റെ അടുത്തുപോലും എത്താൻ ട്രംപിന് കഴിയില്ല. ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിന് ഇതുവരെ ലഭിച്ചത് 6,79,41,881 വോട്ടാണ്. 294 ഇലക്‌ടറൽ വോട്ടുകളാണ് ഇതുവരെ ട്രംപിന് ലഭിച്ചത്. കമലയ്‌ക്ക് 223 ഇലക്‌ടറൽ വോട്ടുകളും ലഭിച്ചു. നാല് വർഷം കൊണ്ട് ട്രംപിന്റെ ജനപിന്തുണ മെച്ചപ്പെട്ടിട്ടില്ലെന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. പോൾ ചെയ്‌ത വോട്ട് കുത്തനെ കുറഞ്ഞതാണ് ട്രംപിന് അനുഗ്രഹമായത്. വോട്ട് ചെയ്യാതിരുന്നവരിൽ ഭൂരിഭാഗവും കഴിഞ്ഞതവണ ഡെമോക്രാറ്റുകളെ അനുകൂലിച്ചവരാണെന്ന് വ്യക്തം. ഇതുകൂടാതെ ഗ്രീൻ പാർടിയും സ്വതന്ത്രരും ഡെമോക്രാറ്റിക് പാർടിയുടെ വോട്ടിൽ വിള്ളലും വീഴ്‌ത്തി. Read on deshabhimani.com