ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേൽ പദ്ധതി ചോർന്നു
ജെറുസലേം>ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ രഹസ്യ രേഖകൾ ചോർന്നെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട് ചെയ്‌തു. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ കൈയിൽ നിന്നാണ് രേഖകൾ പുറത്തുപോയത്. ഇസ്രയേലിന് പുറമെ സഖ്യകക്ഷികളായ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യുകെ എന്നീ രാജ്യങ്ങൾക്കും രേഖകളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും എപി റിപ്പോർട് ചെയ്‌തു. ഒക്‌ടോബർ 15, 16 തീയതികളിൽ തയാറാക്കിയ രഹസ്യ സ്വഭാവമുള്ള രേഖകളാണ് ചോർന്നത്. കഴിഞ്ഞ ദിവസം മുതൽ മിഡിൽ ഈസ്റ്റ് സ്‌പെക്‌ടേറ്റർ എന്ന ടെലഗ്രാം അക്കൗണ്ടിലൂടെയാണ് ഇവ പ്രചരിച്ചത്. ആക്രമണത്തിന് മുന്നോടിയായി യുദ്ധോപകരണങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട രേഖയും ആക്രമണത്തിനായി ഇസ്രയേൽ വ്യോമസേന നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള രേഖയുമാണ് ചോർന്നത്. രേഖകൾ ചോർന്നതിന് പിന്നാലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്തെത്തി. അന്വേഷണം പ്രഖ്യാപിച്ച് അമേരിക്ക വാഷിങ്‌ടൺ> രേഖകൾ ചോർന്ന സംഭവത്തിൽ പെന്റഗൺ അന്വേഷണം ആരംഭിച്ചു. ഇതിനൊപ്പം എഫ്ബിഐയും യുഎസ് ഇന്റലിജൻസ് ഏജൻസിയും അന്വേഷണം നടത്തും. യുഎസ് ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചും ഇന്റലിജൻസ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ചുമാണ് പ്രധാനമായും അന്വേഷിക്കുക. രേഖകൾ ചോർന്ന വിവരം അമേരിക്ക സ്ഥിരീകരിച്ചു. Read on deshabhimani.com