പ്രസിഡന്റിനെ വിചാരണ ചെയ്യാനാകില്ല; ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് റദ്ദാക്കി
ന്യൂയോർക്ക് > അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസ് റദ്ദാക്കി. സിറ്റിങ് പ്രസിഡന്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന അമേരിക്കയുടെ ദീർഘകാല നയത്തിന്റെ ഭാഗമായാണ് ട്രംപിനെതിരായ കേസ് റദ്ദാക്കിയത്. പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുന്നതോടെ നടപടിക്രമങ്ങൾ പുനരാരംഭിക്കും. 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡോണൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങൾ അദ്ദേഹം പുതിയ പ്രസിഡന്റായി ചുമതല ഏൽക്കുന്നതിന് മുൻപ് തള്ളിക്കളയാൻ പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്. കേസ് മരവിപ്പിക്കേണ്ടത് പ്രതിക്കെതിരായ ആരോപണങ്ങൾ ശക്തമല്ലാത്തതുകൊണ്ടോ വ്യാജമായതുകൊണ്ടോ അല്ലെന്നും നടപടിക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നും യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തന്യ ചുട്കനു നൽകിയ പ്രമേയത്തിൽ ജാക്ക് സ്മിത്ത് ചൂണ്ടിക്കാണിക്കുന്നു. നിലവിലെ നിയമങ്ങൾ അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന് പ്രമേയം പരിഗണിച്ച അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വിലയിരുത്തിയതിന് പിന്നാലെ കേസ് റദ്ദാക്കുകയായിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനമൊഴിയുമ്പോൾ ഈ വിധി കാലഹരണപ്പെടുമെന്നും കേസുമായി ബന്ധപ്പെട്ട നടപടികൾ തുടരുമെന്നും ജഡ്ജി വിധി നായത്തിൽ വ്യക്തമാക്കി. ട്രംപിനെതിരായ കേസുകൾ അവസാനിപ്പിക്കാനുള്ള തീരുമാനം നിയമവാഴ്ചയുടെ വലിയ വിജയമാണെന്നും അമേരിക്കൻ ജനതയും പ്രസിഡന്റ് ട്രംപും നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപിന്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ചിയുങ് പ്രതികരിച്ചു. ജനുവരി 20നാണ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. Read on deshabhimani.com