കാനഡയുടെ ആരോപണങ്ങൾ ഗൗരവമുള്ളത്; ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് അമേരിക്ക
ന്യൂഡൽഹി> ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ഗൗരവമായി എടുക്കണമെന്ന് അമേരിക്ക. കാനഡയുടെ ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അവ ഗൗരവമായി കാണേണ്ടതുണ്ടെന്നും അമേരിക്ക പറഞ്ഞു. കൂടാതെ കാനഡയുടെ അന്വേഷണത്തിൽ ഇന്ത്യാ ഗവൺമെന്റ് സഹകരിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. നിജ്ജാർ വധക്കേസിൽ ഇന്ത്യൻ സ്ഥാനപതി അടക്കമുള്ള നയതന്ത്ര ഉദ്യോഗസ്ഥർ അന്വേഷണ പരിധിയിലാണെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കാനഡ അയച്ച സന്ദേശത്തോട് അതി രൂക്ഷമായി പ്രതികരിച്ച ഇന്ത്യ, കാനഡയിലെ ഇന്ത്യൻ ഹൈക്കമീഷണറേയും മറ്റ് ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചിരുന്നു. അതേസമയം ഹൈക്കമീഷണറടക്കം ആറ് ഉദ്യോഗാസ്ഥരെ പുറത്താക്കിയതായി കാനഡ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് കാനഡ എംബസിയിലെ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി. നേരത്തെ കാനഡയുടെ പരാമർശത്തിൽ എംബസയിലെ ചാർജ് ഡി അഫയേഴ്‌സിനെ കേന്ദ്രസർക്കാർ തിങ്കളാഴ്‌ച വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കാനഡയിലേക്ക് കുടിയേറി പൗരത്വം നേടിയ ഖലിസ്ഥാൻ വിഘടനവാദ നേതാവ് ഹർദീപ് സിങ് നിജ്ജാർ സിഖ് ക്ഷേത്രത്തിന് പുറത്ത് കൊലചെയ്യപ്പെട്ടതിൽ ഇന്ത്യൻ സർക്കാരിന് ബന്ധമുണ്ടെന്ന് കാനഡ ആരോപിച്ചത് മുതലാണ് ഇന്ത്യ–- കാനഡ ബന്ധം വഷളായത്. Read on deshabhimani.com