ബംഗ്ലാദേശിൽ വീണ്ടും 
ആളിക്കത്തി പ്രക്ഷോഭം



ധാക്ക> ഇരുനൂറിലേറെപേർകൊല്ലപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ ബം​ഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം ആളിക്കത്തുന്നു. പ്രധാനമന്ത്രി ഷേഖ്‌ ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിൽ 91 മരണം. പ്രക്ഷോഭകരുമായി പൊലീസും ഭരണപക്ഷമായ അവാമി ലീഗ്‌ പ്രവർത്തകരും തെരുവിൽ ഏറ്റുമുട്ടുന്നു. കൊല്ലപ്പെട്ടവരിൽ 14 പൊലീസുകാരുമുണ്ട്. നിസ്സഹകരണ സമരത്തിന്‌ പ്രക്ഷോഭകർ ആഹ്വാനം ചെയ്തു. രാജ്യത്ത്‌ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തി. ഹസീന രാജിവയ്ക്കാതെ പിരിഞ്ഞുപോകില്ലെന്ന്‌ പ്രഖ്യാപിച്ച് ധാക്കയിൽ ആയിരങ്ങൾ തടിച്ചുകൂടി. രാജ്യത്ത്‌ സാമൂഹ്യമാധ്യമങ്ങൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തി. അതിനിടെ, സൈന്യവും പ്രക്ഷോഭകർക്കൊപ്പമാണെന്ന അഭ്യൂഹം രാജ്യത്ത്‌ ശക്തമാണ്.  ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ധാക്കയിൽ കൂടിക്കാഴ്ച നടത്തിയ കരസേനാ മേധാവി, ബംഗ്ലാദേശ്‌ സൈന്യം എന്നും ജനങ്ങൾക്കൊപ്പമാണെന്ന്‌ വ്യക്തമാക്കി. മുൻകരസേന മേധാവികളും വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചു. വിമോചനയുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ് വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചത്. സുപ്രീംകോടതിയിൽനിന്ന്‌ അനുകൂല വിധി ഉണ്ടായതോടെ പ്രക്ഷോഭത്തിന്‌ തീവ്രത കുറഞ്ഞു. എന്നാൽ, ജയിലിലടച്ചവരെ വിട്ടയയ്ക്കാൻ സർക്കാർ തയാറായില്ല. തുടർന്നാണ് രാജ്യത്ത് പ്രക്ഷോഭം വീണ്ടും ആളിക്കത്തിയത്. ബം​ഗ്ലാദേശിലുള്ള ഇന്ത്യക്കാർ ജാ​ഗ്രതപുലർത്തണമെന്നും അവശ്യമെങ്കിൽ ബന്ധപ്പെടണമെന്നും ഇന്ത്യൻ ഹൈക്കമീഷൻ നിർദേശിച്ചു. Read on deshabhimani.com

Related News