വൈറ്റ് ഹൌസില്‍ മാധ്യമവിലക്ക്



വാഷിങ്ടണ്‍ > ജനാധിപത്യത്തെയും സ്വാതന്ത്യ്രത്തെയുംകുറിച്ച് വാതോരാതെ സംസാരിക്കുന്ന അമേരിക്കയുടെ ഭരണസിരാകേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യമങ്ങള്‍ക്കെതിരായ യുദ്ധം ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തവിധം വഷളായി. ബിബിസി, സിഎന്‍എന്‍, ഗാര്‍ഡിയന്‍, ന്യൂയോര്‍ക് ടൈംസ് തുടങ്ങിയ ലോകപ്രശസ്ത മാധ്യമങ്ങള്‍ക്കാണ് വൈറ്റ് ഹൌസില്‍ പ്രവേശനം നിഷേധിച്ചത്. തന്റെ ഭരണത്തെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ അമേരിക്കയുടെ ശത്രുക്കളാണെന്ന് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. വൈറ്റ് ഹൌസിലെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍നിന്നാണ് മുഖ്യധാരാ മാധ്യമങ്ങളെ ഒഴിവാക്കിയത്. ട്രംപിനെ അനുകൂലിക്കുന്ന യാഥാസ്ഥിതിക മാധ്യമസ്ഥാപനങ്ങളുടെ പ്രതിനിധികളെമാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസറുടെ വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനം. പതിവിനുവിരുദ്ധമായി ചോദ്യോത്തര സെഷന്‍ ക്യാമറയില്ലാതെയാണ് നടത്തുന്നതെന്നും വൈറ്റ് ഹൌസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. സാധാരണ വാര്‍ത്താസമ്മേളനം നടത്താറുള്ള മുറി ഒഴിവാക്കി സ്പൈസറുടെ വെസ്റ്റ്വിങ് ഓഫീസിലാണ് വാര്‍ത്താസമ്മേളനം നടത്തിയത്. ഇതേത്തുടര്‍ന്ന് സ്പൈസറും മാധ്യമപ്രവര്‍ത്തകരുമായി വാഗ്വാദമുണ്ടായി. ഡെയ്ലി മെയില്‍, ബസ്ഫീഡ്, ലൊസാഞ്ചലസ് ടൈംസ്, പൊളിറ്റിക്കോ, ന്യൂയോര്‍ക് ഡെയ്ലി ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍, ട്രംപിന്റെ തീവ്ര വലതുപക്ഷനയങ്ങളെ അനുകൂലിക്കുന്ന യാഥാസ്ഥിതിക മാധ്യമങ്ങളായ വാഷിങ്ടണ്‍ ടൈംസ്, വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്‍ക്ക്, എന്‍ബിസി, സിബിഎസ്, ഫോക്സ്, എബിസി തുടങ്ങിയവയ്ക്ക് വൈറ്റ് ഹൌസ് പ്രവേശനാനുമതി നല്‍കി. വൈറ്റ് ഹൌസ് നടപടിക്കെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. വാര്‍ത്താ ഏജന്‍സിയായ അസോസിയറ്റഡ് പ്രസും ടൈമും ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വാര്‍ത്താസമ്മേളനം ബഹിഷ്കരിച്ചു. Read on deshabhimani.com

Related News