കവിതയുടെ മൃത്യുഞ്ജയം



 കവിതയുടെ മൃത്യുഞ്ജയം ക്ളാസിസത്തിന്റെ പിടിയിലായിരുന്ന മലയാളകവിത പിന്നീട്് കാല്‍പനികപ്രസ്ഥാനം തുറന്നിട്ട ഭാവനയുടെ സ്വര്‍ഗത്തിലേക്ക് കടന്നത് പെട്ടെന്നായിരുന്നു. ജീവിതയാഥാര്‍ഥ്യത്തിന്റെ ഉപ്പുനുണഞ്ഞ് അനുഭൂതിയുടെ ദിവ്യതലത്തിലേക്ക് ഉയരാന്‍ കാല്‍പനിക കവികള്‍ ശ്രമിച്ചു. അവരെ ഭരിച്ചത് വികാരമായിരുന്നു. പില്‍ക്കാലത്ത് അതിവൈകാരികതയിലേക്ക് പറന്നുയര്‍ന്നതിന്റെ ഫലമായി കാല്‍പനികതയും നിലംകുത്തിവീണു. പിന്നീട് ആ സ്ഥാനമേറ്റെടുത്തത് റിയലിസമാണ്. ജീവിതയാഥാര്‍ഥ്യങ്ങളെയും സാമൂഹ്യപ്രശ്നങ്ങളെയും കൃത്രിമവും യാന്ത്രികവുമായി ആവിഷ്കരിക്കുന്ന റിയലിസത്തില്‍ വികാരത്തിനുപകരം വിചാരം കൊടികുത്തി വാണു. ഹൃദയദൌര്‍ബല്യത്തിന്റെ ജല്‍പനങ്ങളായി കാല്‍പനികതയും മണ്ണിന്റെ മണമായ റിയലിസവും പിന്നീട് അധഃപതിക്കുകയുണ്ടായി. എന്നാല്‍ ഇവ രണ്ടിനെയും യഥോചിതം കോര്‍ത്തിണക്കി പുതിയൊരു കാവ്യസൌന്ദര്യം സൃഷ്ടിച്ചെടുക്കാന്‍ വൈലോപ്പിള്ളി ശ്രമിച്ചു. ഈ പുതുഭാവുകത്വം മലയാള കവിതയില്‍ പുതിയ 'കാലാവസ്ഥ'തന്നെ ഉണ്ടാക്കി. 'പുതിയ കാഴ്ചപ്പാട്' എന്ന കവിതയിലൂടെ കവിതയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് കവി തുറന്ന് പ്രഖ്യാപിച്ചു.  'തുടുവെള്ളാമ്പല്‍പ്പൊയ്കയല്ല  ജീവിതത്തിന്റെ കടലേ കവിതയ്ക്ക് ഞങ്ങള്‍ക്ക് മഷിപ്പാത്രം!'   ജീവിതത്തിന്റെ കൊടിപ്പടം ജീവിതമാണ് കവിതയുടെ അസംസ്കൃതവസ്തു. ജീവിതാനുഭവങ്ങളെ സ്വാംശീകരിക്കാനും അവയ്ക്ക് കലാത്മകമായ സൌന്ദര്യംനല്‍കി സ്വയമാവിഷ്കരിക്കാനും കവി ശ്രമിച്ചു. ബാഹ്യമായ സൌന്ദര്യമല്ല, ജീവിതമാകുന്ന കടലിന്റെ ആഴത്തിലും പരപ്പിലും കണ്ടെത്തുന്ന ക്രൂരസത്യങ്ങളെ കലയുടെ അടിസ്ഥാന തത്ത്വങ്ങളിലൂടെ ആവിഷ്കരിച്ച് സൃഷ്ടിച്ചെടുക്കുന്ന സൌന്ദര്യം. അത് ജീവിതത്തിന്റെ സത്യമായി ശാശ്വതീകരിക്കുന്നു.  കാലംമാറുമ്പോള്‍ ജീവിതവും മാറുന്നു. സൌന്ദര്യത്തിന് പുതിയ അര്‍ഥമുണ്ടാകുന്നു. ഈ പുതുമ നിറഞ്ഞ സൌന്ദര്യം മലയാള കവിതയില്‍ വികസിച്ചത് വൈലോപ്പിള്ളിയാണ്. ദുഃഖമാണ് വൈലോപ്പിള്ളിക്കവിതയിലെ സൌന്ദര്യം. ജീവിതത്തിന്റെ ഉപ്പുചാലിലെ ദുരന്തങ്ങളില്‍, ദാരിദ്യ്രങ്ങളില്‍, വൈകൃതങ്ങളില്‍ കവി സൌന്ദര്യം കണ്ടെത്തി. അനുഭവങ്ങള്‍ പഴച്ചാറായി കുടിച്ച് തീര്‍ക്കാതെ കരുതിവച്ച് പുളിപ്പിക്കുന്നു. അനുഭവങ്ങളില്‍ വീണ്ടും അനുഭവങ്ങള്‍ പകര്‍ന്ന് നുരകുത്തുന്ന ഭാവന, ഈ അനുഭവങ്ങള്‍ ചവച്ചരച്ച് തത്ത്വചിന്തയോ ദര്‍ശനമോ ആയി മാറുന്നതാണ് വൈലോപ്പിള്ളിക്കവിത. അതുകൊണ്ട് സമകാലികരായ ജി ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി എന്നിവരെപോലെ വികാരത്തിന്റെ ഭാഷയിലല്ല അദ്ദേഹം കവിതകളില്‍ സംസാരിച്ചത്. ചിലപ്പോള്‍ പ്രബോധകനായി അദ്ദേഹം കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു. നോക്കുക.  'നീ കുതുകമോടാലപിച്ചാലു- മേക ജീവിതാനശ്വരഗാനം' (കന്നിക്കൊയ്ത്ത്).  'കര്‍മപൌരുഷം  വേള്‍ക്കാതുള്ളൊരു നീതിച്ചൊല്ലേ മന്നില്‍ നിന്നെക്കാള്‍ ദയനീയമായ് മറ്റെന്തുള്ളൂ..?' (ഇരുളില്‍) 'ആകുമോ ഭവാന്മാര്‍ക്ക് നികത്താന്‍ ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ സ്നേഹസുന്ദരപാതയിലൂടെ...? വേഗമാകട്ടെ.... വേഗമാകട്ടെ!' (കുടിയൊഴിക്കല്‍) 'ചോര തുടിക്കും ചെറുകയ്യുകളേ പേറുകവന്നീ പന്തങ്ങള്‍' (പന്തങ്ങള്‍) ജീവിതത്തില്‍ അധ്യാപക വേഷമണിഞ്ഞ വൈലോപ്പിള്ളി പക്ഷേ കവിതകളില്‍ എന്നും ജീവിതത്തോട് ചോദ്യങ്ങള്‍ ചോദിച്ച ജിജ്ഞാസുവായ കുട്ടിയായിരുന്നു. അതുകൊണ്ട് വിധികര്‍ത്താവിന്റെ ജീവിത വിധിയെക്കുറിച്ച് കവിയുടെ വിധിയെഴുത്തുകളായി മാറുന്നു അദ്ദേഹത്തിന് കവിത.   വിതയുടെയും  കൊയ്ത്തിന്റെയും  തത്ത്വശാസ്ത്രം ജീവിതത്തെ പകര്‍ത്തുന്ന കവിത, സത്യത്തിന്റെ ക്രൂരമുഖങ്ങളാണ് കാട്ടിത്തരുന്നത്. അതുകൊണ്ട് കവി എന്നും സത്യത്തിന്റെ സുന്ദരകല ആവിഷ്കരിക്കാന്‍ ഒരേയൊരു ചായമാണ് ഉപയോഗിക്കുന്നത്. അതില്‍ മുഷിച്ചില്‍ തോന്നിയവര്‍ക്ക് കവി നല്‍കുന്ന മറുപടിയാണ് 'ഭേരി' എന്ന കവിത. കവി തന്നെ തുറന്നുപറഞ്ഞ ഈ സത്യം അദ്ദേഹത്തിന്റെ എല്ലാ കവിതകളിലും അന്തര്‍ധാരയായി വര്‍ത്തിക്കുന്നു. കന്നിക്കൊയ്ത്തും മകരക്കൊയ്ത്തുമെഴുതിയ വൈലോപ്പിള്ളിക്ക് 'വിതയും' 'കൊയ്ത്തും' ജീവിത പ്രതീകങ്ങളാണ്. ജീവിതം വിതയേറ്റി മൃത്യുകൊയ്യുവാനെത്തുന്ന പാടം സുഖവും ദുഃഖവും കെട്ടു പിണയുന്ന മനുഷ്യജീവിതത്തിന്റെ ചരിത്രം പറയുന്നു.  'ഹാ, വിജിഗീഷു മൃത്യുവിന്നാമോ  ജീവിതത്തിന്‍കൊടിപ്പടം താഴ്ത്താന്‍' എന്ന് ജീവിതത്തിന്റെ അജയ്യത പ്രഖ്യാപിക്കുകയുംചെയ്യുന്നു. ജീവിതംകൊണ്ട് മരണത്തെ ജയിക്കാനുള്ള ഈ ത്വര 'മാമ്പഴ'ത്തിലുമുണ്ട്. മാമ്പൂ തല്ലിക്കൊഴിച്ചതിന്റെ പേരില്‍ ശിക്ഷിച്ച അമ്മയോട് നീരസം ഭാവിച്ച് മരണത്തിലേക്ക് പോയ മകന്‍, എന്നാല്‍ സ്വര്‍ഗത്തില്‍ ചിരിച്ചും കളിച്ചും രസിച്ച് മരണത്തെ തോല്‍പിക്കുന്നു. പിണങ്ങിപ്പോയാലും വിളിക്കുമ്പോള്‍ കുണുങ്ങിക്കുണുങ്ങി തിരിച്ച് വരാറുള്ള മകനുവേണ്ടി മാമ്പഴം കരുതിവയ്ക്കുന്നതിലൂടെ അമ്മ മരണത്തിന്റെ ക്രൂരതയെ ലഘൂകരിക്കുന്നു. 'കുടിയൊഴിക്ക'ലിലാകട്ടെ ജീവിതത്തിന്റെ പടയോട്ടത്തില്‍ ചവിട്ടിമെതിക്കപ്പെടുന്ന മനുഷ്യന്‍ മണ്ണട്ടയായി പുനര്‍ജനിക്കുന്നു.   കവിതയുടെ ജയഭേരി മനുഷ്യജീവിതത്തിന്റെ ക്രൂരസത്യത്തോട് ജീവിതംകൊണ്ട് പോരാടാന്‍ ആഹ്വാനംചെയ്യുന്ന കവി വിഷാദത്തിന്റെ സ്വരമല്ല, വീര്യത്തിന്റെ ഭേരീനാദമാണ് കവിതയിലൂടെ മുഴക്കുന്നത്. ക്രൂരമായ പ്രകൃതിയുടെ മേല്‍ ധീരമായ ശബ്ദം മുഴക്കുന്ന 'പടയാളി'കളിലെ വേട്ടുവനും വേട്ടുവത്തിയും കാളിന്ദീനദിയുടെ അഹന്തയെ കീഴ്പ്പെടുത്തി തന്റെ ഇച്ഛയ്ക്കൊത്ത് തിരിച്ചുവിടുന്ന ബലഭദ്രര്‍, വിപ്ളവകാരിയായ കര്‍ഷകനാണ്. 'മലതുരക്കലി'ലാകട്ടെ പര്‍വതത്തിനോട് ഏറ്റുമുട്ടി മനുഷ്യശക്തി വിജയിക്കുന്നു. ഇപ്രകാരം മനുഷ്യനും പ്രകൃതിയുംചേര്‍ന്ന സജീവതയാണ് വൈലോപ്പിള്ളിക്ക് ജീവിതവും കവിതയും.  കര്‍മപൌരുഷം വേള്‍ക്കാത്ത നീതിച്ചൊല്ലില്‍ കവി വിശ്വസിക്കുന്നില്ല. വാക്കിന്റെ അര്‍ഥമായി ജീവിതം മാറണമെന്ന കവിതയുടെ രചനാരഹസ്യം വൈലോപ്പിള്ളിക്കറിയാം. ഈ അറിവ് സാധാരണക്കാര്‍ക്കുണ്ടാവണമെന്നില്ല. അവരുടെ കൂട്ടത്തില്‍ കവിയാകുന്നവര്‍ക്കുമാത്രമാണ് ഈ കഴിവുള്ളത്.  വേദനിക്കാനും വേനലിനെ കനിയാക്കി മാറ്റാനും വിധിക്കപ്പെട്ടവനാണ് കവി. ജീവിതത്തിന്റെ പാടവരമ്പിലിരുന്ന് തലമുറകള്‍ക്കുവേണ്ടി പാടുകയെന്നതാണ് കവിയിലേല്‍പ്പിച്ച ദൌത്യം. കഴിഞ്ഞതും വരാനിരിക്കുന്നതുമായ തലമുറകളുടെ പാട്ടുകാരന്‍. വൈലോപ്പിള്ളിയും കാലങ്ങളില്‍വീണ്ടും ജനിക്കുന്ന കവിയാണ്. ചീവീടായും മഹാബലിയായും ലില്ലിപ്പൂവായും ഭൂഗര്‍ഭത്തില്‍നിന്ന് വീണ്ടും ഉയിര്‍ക്കുന്ന കവി! അതുകൊണ്ട് വൈലോപ്പിള്ളിക്കവിതകള്‍ മൃത്യുഞ്ജയകവിതകളായിത്തീരുന്നു.  Read on deshabhimani.com

Related News