നാട്ടറിവിന്റെ ചന്തം
കവുങ്ങിൻപാള വട്ടത്തിൽ മുറിച്ചെടുത്ത് രണ്ടു ദ്വാരമിട്ട് ചായം തേച്ച് കണ്ണും മൂക്കും വായയും കോന്ത്രൻപല്ലും വരച്ചാൽ മുഖപ്പാളയായി. പിന്നെ വാഴയിലയോ തെങ്ങോലയോ തോരണമായി കീറിയെടുത്ത് ഉടുക്കുന്നു. അവകൊണ്ടുതന്നെ കൈവളയും കാൽവളയും കെട്ടുന്നു. ചുള്ളിക്കമ്പുകൾ കൂട്ടിക്കെട്ടി നീളത്തിലും വട്ടത്തിലും തെയ്യമുടി കെട്ടിയൊരുക്കുന്നു. തകരപ്പാട്ടയിലോ പ്ലാസ്റ്റിക് ബക്കറ്റിലോ ചരടിട്ട് കഴുത്തിൽ തൂക്കി ചെണ്ട കൊട്ടുന്നു. അങ്ങനെ ചെണ്ടക്കാരും കുഞ്ഞൻതെയ്യങ്ങളും അണിനിരന്ന് ആർപ്പുവിളികളുമായി തെയ്യംകളി പൊടിപാറുകയായി. ഇങ്ങനെയുള്ള കുറേ കുട്ടിക്കൂട്ടങ്ങളും കാഴ്ചകളുമുണ്ട് ഉത്തരമലബാറിലെ നാട്ടിൻ പുറങ്ങളിൽ. സ്കൂൾ വേനലവധിക്കാലത്താവും ചിലരുടെ തിമിർപ്പ്. സമൂഹ മാധ്യമങ്ങളിൽ ഇത്തരം വീഡിയോകൾ നമ്മൾ ധാരാളം കണ്ടിട്ടുണ്ടല്ലോ. കാവുകളിൽ കണ്ട തെയ്യക്കാലമാണ് തനതുരീതിയിൽ കുട്ടികൾ കെട്ടിയാടുക. ഒരു കണക്കിന് അവരുടെ നാട്ടുജീവിതത്തെക്കുറിച്ചുള്ള പഠനക്കളരിയാണ് കൂട്ടം കൂടിയുള്ള ഇതുപോലുള്ള ചമഞ്ഞുകളികൾ. ഏതു ദേശമായാലും ഏതു കാലമായാലും കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഉള്ളിൽ പതിഞ്ഞവയാണ് തനത് നാടൻ കലകളും കളികളും കഥകളും പാട്ടുകളും അറിവുകളും. അവ ചിലപ്പോൾ ആചാരങ്ങളുമായും അനുഷ്ഠാനങ്ങളുമായും ഇഴചേർന്ന് കിടക്കുന്നവയുമാകാം. അതിനാൽ ഒരുദേശത്തെയും ദേശക്കാരെയും പഠിക്കുവാൻ അവിടുത്തെ നാടൻ അറിവുകൾക്ക് അഥവാ നാടോടി വിജ്ഞാനീയത്തിന് വലിയ സ്ഥാനമുണ്ട്. ഒരുകൂട്ടം ആളുകൾക്കിടയിൽ (ഫോക്) നിലനിന്നു പോവുന്ന ഇത്തരം അറിവുകളാണ് (ലോർ)പിന്നീട് ഫോക്‌ലോർ എന്ന് പ്രചാരത്തിലായത്. ഫോക്‌ലോർ എന്ന ഈ പദം ആദ്യം പ്രയോഗിച്ചത് ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ വില്യം ജോൺ തോംസ് ആണ്. 1846 അഗസ്റ്റ് 22 ന് അഥീനിയം മാസികയുടെ പത്രാധിപർക്ക് അദ്ദേഹം എഴുതിയ കത്തിലാണ് ഈ പദം ആദ്യമായി പ്രയോഗിക്കപ്പെട്ടത്. ഫോക്‌ലോർ പഠനത്തിന്റെ പ്രാധാന്യം ഉന്നിപ്പറയുന്നുണ്ട് ആ കത്തിൽ. പാശ്ചാത്യനാടുകളിൽ ഇവയുടെ പഠനം അതിവേഗം വളർന്നു. എന്നാൽ അമേരിക്കൻ ഫോക്‌ലോറിസ്റ്റ് ആയ അലൻ ഡൻഡിസ് ആണ് ഇന്ന് കാണുന്ന വിശാലമായ അതിന്റെ സാധ്യതകളെ തിരിച്ചറിഞ്ഞത്. 19ാം നൂറ്റാണ്ടിലാണ് ഇവയുടെ പഠനം സജീവമാകുന്നത്. പാരമ്പര്യമായും വാമൊഴിയായും പ്രചരിച്ചു വരുന്നവയ്ക്ക് ഊന്നൽ നല്കുന്ന രീതിയായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് നരവംശശാസ്ത്രം, ഭാഷാശാസ്ത്രം, മനശാസ്ത്രം, സാഹിത്യം എന്നിവയുമൊക്കെയായുള്ള ബന്ധം തെളിഞ്ഞുവന്നു. ഇന്ത്യയിൽ 1774-ൽ പ്രസിദ്ധീകരണം ആരംഭിച്ച ‘ജേർണൽ ഓഫ് ദി റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ’ എന്ന പത്രികയിലാണ് ആദ്യമായി നാടോടിക്കഥകളും നാടൻപാട്ടുകളും പ്രത്യക്ഷപ്പെട്ടത്. ‘ഫോക്‌ലോർ’ എന്ന പേരിൽ 1856-ൽ കൽക്കത്തയിലാണ് ഫോക്‌ലോറിനായി മാത്രം മാസികയുണ്ടാവുന്നത്. നാട്ടറിവിൽ എന്തെല്ലാം? പഴഞ്ചൊല്ലുകൾ, കഥകൾ, കടങ്കഥകൾ തുടങ്ങി നാടോടി നൃത്തരൂപങ്ങൾ, നാടകരൂപങ്ങൾ, നാടോടി വിശ്വാസങ്ങൾ, നാട്ടാചാരങ്ങൾ, നാടോടിവൈദ്യം, ഉത്സവങ്ങൾ, കരകൗശലം, നാടോടി വാസ്തുവിദ്യ, നാടൻകളികൾ, നാടൻ ഭക്ഷണം, ഇങ്ങനെ പരമ്പരാഗതമായി കൈമാറി വന്നവയെല്ലാം ഫോക്‌ലോർ എന്ന നിർവചനത്തിൽ ഉൾപ്പെടും. തെയ്യം, തിറ, മുടിയേറ്റ്, പടയണി, ചിമ്മാനക്കളി, കുമ്മാട്ടി, അയ്യപ്പൻ തീയാട്ട്, അറബനമുട്ട്, കോൽക്കളി, പൂരക്കളി, ഗദ്ദിക, കാക്കാരശ്ശി നാടകം, ചവിട്ടുനാടകം, യക്ഷഗാനം, നാട്ടിപ്പാട്ട്, കൊയ്ത്തുപാട്ട്, കെന്ത്രോൻപാട്ട്, കളംപാട്ട്, പുള്ളുവൻപാട്ട് ഇങ്ങനെ പറഞ്ഞാൽ തീരാത്തത്രയും നാടൻകലകൾ നമുക്കുണ്ട്. ഇവയെല്ലാം തന്നെ ഓരോ നാടിന്റെയും തനതു സന്ദർഭങ്ങളിൽ അവതരിപ്പിക്കുമ്പോഴാണ് അവയ്‌ക്ക് ചന്തമേറുക. ലോകമെമ്പാടുമുള്ള ഓരോ ദേശങ്ങൾക്കും ഇത്തരത്തിൽ വൈവിധ്യമേറിയ കാഴ്ചകളും അറിവുകളുമുണ്ട്. പഠിച്ചാൽ തീരാത്തത്രയും അറിവുകളുടെ അക്ഷയഖനിയാണത്. കണ്ണൂർ ചിറക്കലാണ് കേരള നാടൻകലാ അക്കാദമിയുടെ ആസ്ഥാനം. കാണാനും പഠിക്കാനും ധാരാളമുണ്ട് നാടൻകലാ അക്കാദമിയിൽ. നമ്മുടെ സ്കൂൾ പാഠ്യപദ്ധതിയിലും പാഠപുസ്തകങ്ങളിലും നാടൻകലാപഠനത്തിനായി പാഠങ്ങളും പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുമുണ്ട്. Read on deshabhimani.com