വരുന്നു അപോഫിസ്‌



350 മീറ്ററോളം വലിപ്പം വരുന്ന ഒരു വലിയ പാറക്കല്ല്. അത്‌ ബഹിരാകാശത്തുകൂടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അപോഫിസ് (Asteroid 99942 Apophis) എന്ന ഈ കല്ലാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ശാസ്‌ത്രലോകം തുടർച്ചയായി നിരീക്ഷിക്കുകയാണ്‌ ഈ അതിഥിയെ. ഈ ഉൽക്ക ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യത കൂടുതലാണത്രെ.... 2029ൽ അരികെ 2004 ജൂണിലാണ് അപോഫിസ്‌ വാനനിരീക്ഷകരുടെ ദൃഷ്‌ടിയിൽപ്പെടുന്നത്‌. അമേരിക്കയിലെ കിറ്റ് പീക്ക് നാഷണൽ ഒബ്സർവേറ്ററിയിലെ ശാസ്ത്രജ്ഞരായിരുന്നു ഈ കണ്ടെത്തലിനുപിന്നിൽ. 2004 ഡിസംബറിൽ ഈ കല്ല് ഭൂമിയിൽനിന്ന് 1.4 കോടി കിലോമീറ്റർ അകലെക്കൂടി കടന്നുപോയി. കൃത്യമായ പാത കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. അവസാനം 2021 മാർച്ചിൽ നടത്തിയ നിരീക്ഷണമാണ് പാത കൂടുതൽ കൃത്യതയോടെ നിർണയിക്കാൻ സഹായിച്ചത്. 2029ൽ ഭൂമിയുമായി അടുത്തുവരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെങ്കിൽപ്പോലും കൂട്ടിയിടിക്കുള്ള സാധ്യത ചില ശാസ്ത്രജ്ഞർ തള്ളിക്കളയുന്നുമുണ്ട്‌. അന്ന് ഭൂമിയുടെ ഉപരിതലത്തിൽനിന്ന് 30,000 കിലോമീറ്ററിൽ കുറയാത്ത അകലത്തിലൂടെ അപോഫിസ് കടന്നുപോകും. ഇത് പക്ഷേ അത്ര നിസ്സാരമായി കാണാവുന്ന അകലമല്ല. ഭൂസ്ഥിര ഉപഗ്രഹങ്ങളെക്കാൾ അടുത്തുകൂടിയാകും അന്ന് ഇത്‌ കടന്നുപോകുക. ഭൂമിയുടെ ഗുരുത്വാകർഷണവും നിർണായകമാണ്‌. നിലവിൽ കണക്കാക്കിയിരിക്കുന്ന പാതയിൽ സഞ്ചരിച്ചാൽ അപോഫിസ് ഭൂമിക്ക് ഒരു പ്രശ്നവും ഉണ്ടാക്കാതെ കടന്നുപോകും. എന്നാൽ മറ്റേതെങ്കിലും ചെറിയ ഉൽക്കകളുമായി  അതിനുമുമ്പ് കൂട്ടിയിടിച്ചാൽ സഞ്ചാരപാതയ്ക്ക് വ്യതിയാനം വന്നേക്കാം. ആ പുതിയ പാത ഒരു പക്ഷേ ഭൂമിക്ക് കൂടുതൽ അകലെക്കൂടിയാകാം. അല്ലെങ്കിൽ കൂടുതൽ അടുത്തുകൂടിയുമാകാം. ഒരുപക്ഷേ ഭൂമിയുമായി കൂട്ടിയിടിക്കാനും മതി. ഉൽക്കകളും സ്‌പെയ്‌സ്‌ ഡസ്റ്റും ഭൂമിക്കുപുറത്ത് ബഹിരാകാശത്തുകൂടി പല വലുപ്പത്തിലുള്ള നിരവധി കല്ലുകളും മറ്റും നിരന്തരം സഞ്ചരിക്കുന്നുണ്ട്‌. ഉൽക്കകൾ എന്നാണ് ഇവയെ പൊതുവിൽ വിളിക്കുക. ഉൽക്കകൾ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് വലിയ പാറക്കല്ലുകളാകും . പക്ഷേ ബഹുഭൂരിപക്ഷം ഉൽക്കകൾക്കും വലിയ വലിപ്പമൊന്നും ഇല്ല. മൺതരിയേക്കാൾ വലിപ്പം കുറഞ്ഞ കുഞ്ഞുതരികളാണ്‌ കൂടുതലും. എന്തിനേറെ കണ്ണുകൊണ്ട് കാണാൻ കഴിയാത്തത്ര ചെറുതായ മൈക്രോ ഉൽക്കകൾ വരെയുണ്ട്. ഇവയെ സ്‌പെയ്‌സ് ഡസ്റ്റ് അഥവാ ബഹിരാകാശത്തെ പൊടി എന്നു വിളിക്കുന്നതാണ് കൂടുതൽ അഭികാമ്യം. എന്തായാലും മൈക്രോമീറ്റർ മുതൽ കിലോമീറ്ററുകൾ വലിപ്പമുള്ള പാറക്കല്ലുകളാണ് ബഹിരാകാശത്തുകൂടി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ചിലത് സൂര്യനെ ചുറ്റിയാകും സഞ്ചാരം, ചിലതാകട്ടെ ഭൂമിയെ ചുറ്റിയും. ഇതല്ലാതെ ചന്ദ്രനെയും മറ്റു ഗ്രഹങ്ങളെയും ചുറ്റിസഞ്ചരിക്കുന്ന വസ്തുക്കളും അനേകമുണ്ട്. ഇങ്ങനെയുള്ള സഞ്ചാരത്തിനിടയിൽ ഇവയിൽ പലതും ഭൂമിക്കരികിലൂടെ കടന്നുപോകാറുണ്ട്. ചിലതാകട്ടെ ഭൂമിയുമായി കൂട്ടിയിടിക്കാറുമുണ്ട്. രസകരമായ കാര്യമെന്തെന്നാൽ ഇത്തരം കൂട്ടിയിടികളില്ലാത്ത ഒരു ദിവസംപോലും കടന്നുപോകുന്നില്ല എന്നതാണ്. പക്ഷേ ഇവയിൽ ബഹുഭൂരിപക്ഷവും ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്തിച്ചേരാറില്ല. അന്തരീക്ഷത്തിൽവച്ചുതന്നെ  കത്തിയമരും. വലിയ ഊർജം വലിയ ഊർജം വഹിക്കുന്നവയാണ് ഉൽക്കകൾ. വലിപ്പമല്ല, വേഗതയാണ് ഇവയ്ക്ക് ഊർജം നൽകുന്നത്. സെക്കൻഡിൽ 70 കിലോമീറ്റർവരെയൊക്കെ വേഗതയിൽ സഞ്ചരിക്കുന്ന പാറക്കല്ലുകളുണ്ട്. ഇവയുടെ ഊർജത്തെക്കുറിച്ച് ഏകദേശധാരണ കിട്ടാൻ ഒരു കണക്കു പറയാം. സെക്കൻഡിൽ 20 കിലോമീറ്റർ വേഗതയിൽ പോകുന്ന ഒരു പൊടിത്തരിയെ പരിഗണിക്കാം. ഒരു ഗ്രാമിന്റെ ആയിരത്തിൽ ഒരു അംശം മാത്രമേ ഈ പൊടിക്ക് മാസുള്ളൂ. പക്ഷേ അതിന്റെ ഊർജം വളരെ വലുതാണ്. 200 ജൂൾ ഊർജവും പേറിയാണ് അത്തരമൊരു കണിക സഞ്ചരിക്കുക. 200 ജൂൾ എന്നാൽ എത്രത്തോളം ഊർജം വരും. 2 കിലോഗ്രാം ഉള്ള ഒരു കല്ല് 10 മീറ്റർ മുകളിൽനിന്നും നമ്മുടെ കാലിലേക്ക് വീഴുന്നത്‌ ഉദാഹരണമായി കാണുക. ഏതാണ്ട് 200 ജൂൾ ഊർജമുണ്ടായിരുന്ന കല്ലാണ്  കാലിൽ വീണത്. അതേ ആഘാതം ഉണ്ടാക്കാൻ ഒരു ഗ്രാമിന്റെ ആയിരത്തിൽ ഒരംശം മാസുള്ള ഒരു ഉൽക്കയ്ക്ക്‌ കഴിയുമെന്ന്‌ ചുരുക്കം! ഒരു ഗ്രാം മാസുള്ള ഉൽക്കയാണെങ്കിലോ. 2000 കിലോഗ്രാം കല്ല് 10 മീറ്റർ മുകളിൽനിന്ന് വീണാലുള്ള ഊർജം! അപ്പോൾ സെക്കൻഡിൽ 30 കിലോമീറ്റർ വേഗതയുമുള്ള അപോഫിസിന്റെ ഊർജം എത്ര വലുതായിരിക്കും. ഭൂമിയുമായി കൂട്ടിയിടിച്ചാൽ ഉള്ള അവസ്ഥ ചിന്തിക്കാൻപോലുമാകില്ല. ബഹിരാകാശ പേടകങങൾക്ക്‌ കേടുപാടുകൾ ഒക്കെ ഉണ്ടാക്കാൻ മണൽത്തരിയുടെ വലിപ്പമുള്ള ഒരു ഉൽക്കയുടെ കൂട്ടിയിടി മതി. ബഹിരാകാശപേടകങ്ങളുടെ ഗ്ലാസ് മുതൽ ലോഹംവരെയുള്ള എന്തിലും സുഷിരങ്ങൾ സൃഷ്ടിക്കാൻപോലും ഇത്തരം മൈക്രോ ഉൽക്കകൾക്കാവും. രസകരമായ കാര്യം ഇത്തരത്തിലുള്ള അനേകലക്ഷം ഉൽക്കകളാണ് ഓരോ ദിവസവും ഭൂമിയിലെത്തുന്നതെന്നാണ്. ഇങ്ങനെ ഒരു വർഷം ആകെ ഭൂമിയിലെത്തുന്ന ഉൽക്കകളുടെ മാസ് ഒരു ലക്ഷം ടൺ വരെയൊക്കെ വരും! അന്തരീക്ഷ കവചം ഇത്രയൊക്കെ ഊർജം പേറിയ ഉൽക്കകൾ ഭൂമിയിലേക്ക്‌ വന്നിട്ടും ഭൂമിക്ക് ഒന്നും പറ്റാത്തത് അന്തരീക്ഷമുളളതിനാലാണ്‌. വളരെ വേഗതയിൽ ഇങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക്‌ കയറുന്ന ഉൽക്കകൾ വായുതന്മാത്രകളുമായിട്ടുള്ള നിരന്തര കൂട്ടിയിടിമൂലം ചൂടാവും.  ഉൽക്കയെ ഉരുക്കി ബാഷ്പമാക്കാൻ ഉള്ളത്രയും ചൂട്. അങ്ങനെ ഭൂമിയുടെ അന്തരീക്ഷത്തിൽവച്ചുതന്നെ ചെറു ഉൽക്കകളെല്ലാം കത്തിത്തീരും. നല്ല പ്രകാശവും അപ്പോൾ പുറത്തുവരും. കൊള്ളിമീനുകളായി രാത്രിയാകാശത്തിൽ കാണുന്നത് ഇത്തരം കത്തിയമരലുകളാണ്. 50 മുതൽ 80 കിലോമീറ്റർവരെ ഉയരത്തിൽവച്ചാവും മിക്കവയും ഇങ്ങനെ എരിഞ്ഞമരുന്നത്.  വലിപ്പമേറിയ ഉൽക്കകൾ മാത്രമേ കത്തിത്തീരാതെ ഭൂമിയുടെ ഉപരിതലത്തിൽ എത്തൂ. ഇവ വലിയ നാശനഷ്ടം ഉണ്ടാക്കും. ഏതാനും മീറ്ററുകൾ വലിപ്പമുള്ള ഉൽക്കയ്ക്ക് ഒരു ചെറിയ പ്രദേശത്തെ മുഴുവനായും നശിപ്പിക്കാനാവും. പ്രത്യാഘാതങ്ങൾ വേറെയും. ഒരു കിലോമീറ്ററോളം വലിപ്പമുള്ള ഉൽക്ക പതിച്ചാൽ കാലാവസ്ഥയും ജീവലോകവും മാറിമറിയും. വലിയതോതിൽ വംശനാശം വരും. 10 കിലോമീറ്ററൊക്കെ വലിപ്പമുള്ള ഉൽക്കയാണെങ്കിൽപ്പിന്നെ ഈ ഭൂമുഖത്ത് മനുഷ്യരുണ്ടാവില്ല, ബഹുഭൂരിപക്ഷം സ്പീഷീസുകളും ഉണ്ടാവില്ല. വലിപ്പം അതിലും കൂടിയാൽ എന്തു സംഭവിക്കും എന്ന്‌ പ്രവചിക്കാനാവില്ല. നിയർ എർത്ത് ഒബ്ജക്റ്റ് ബഹിരാകാശത്ത്‌ കറങ്ങിനടക്കുന്ന ഇത്തരം വസ്‌തുക്കൾ ഭൂമിയിലേക്ക് വന്നിടിച്ചാലോ എന്ന കാര്യത്തിൽ നമ്മെക്കാളും ആശങ്കയുള്ളവരാണ് ശാസ്ത്രജ്ഞർ. NEO (Near Earth Objects) എന്നാണ് ഭൂമിക്ക്‌ അരികിലൂടെ കടന്നുപോകാൻ സാധ്യതയുള്ള വസ്തുക്കളെ വിളിക്കുന്ന പേര്. ഇങ്ങനെ ഭൂമിക്ക് ഭീഷണിയായേക്കാവുന്ന വസ്തുക്കളെ കണ്ടെത്താൻ സെന്റർ ഫോർ നിയർ എർത്ത് ഒബ്ജക്റ്റ് സ്റ്റഡീസ് എന്നൊരു സ്ഥാപനത്തിന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രൂപം കൊടുത്തിട്ടുണ്ട്.  വർഷങ്ങളായി അവർ ഇത്തരം വസ്തുക്കളെ കണ്ടെത്തുകയും നിരന്തരം നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ഭൂമിയിലും സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം വസ്തുക്കളെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇങ്ങനെ ഒരു വസ്തുവിനെ കണ്ടെത്തിയാൽ അതിന്റെ വേഗത, പാത എന്നിവ മനസ്സിലാക്കാനാവും ആദ്യശ്രമം. ഇതു രണ്ടും കിട്ടിയാൽ ആ വസ്തു ഭൂമിയുടെ അരികിലൂടെ കടന്നുപോകുമോ, ഭൂമിക്ക് അപകടകരമാണോ എന്നൊക്കെ അറിയാൻ കഴിയും. അപോഫിസിനെ തുടർച്ചയായി  ഐഎസ്‌ആർഒ നിരീക്ഷിക്കുന്നുണ്ട്‌. ഉൽക്കാ പഠനത്തിനായി വിപുലമായ സംവിധാനം ഉരുക്കാനുളള തയാറെടുപ്പിലാണ്‌ അവർ. 2 മാസം 47 എണ്ണം ഈ ആഴ്‌ച മുതൽ നവംബർ 14 വരെ ചെറുതും വലുതുമായി 47 നിയർ എർത്ത് ഒബ്ജക്റ്റുകൾ ഭൂമിക്കരികിലൂടെ കടന്നുപോകുന്നുണ്ട്. 2 മീറ്റർ മുതൽ 310 മീറ്റർവരെ വലിപ്പമുള്ള 47 വസ്തുക്കൾ! സെക്കൻഡിൽ 23കിലോമീറ്റർ മുതൽ സെക്കൻഡിൽ ഒരു കിലോമീറ്റർവരെ വ്യത്യസ്തമായ വേഗതയിലാണ് ഇവ കടന്നുപോവുക. ഭൂമിയിൽനിന്ന് ഒരു ലക്ഷം കിലോമീറ്റർമുതൽ 72 ലക്ഷം കിലോമീറ്റർ അകലെക്കൂടിയാവും ഇവയുടെ സഞ്ചാരപാത. https://cneos.jpl.nasa.gov/ca/ എന്ന ലിങ്കിൽ പോയാൽ ഇവയെക്കുറിച്ച് കൂടുതൽ അറിയാനാകും.   Read on deshabhimani.com

Related News