ആതിരയ്‌ക്ക് കൂട്ടുണ്ട്, നാടാകെ
ചാത്തന്നൂർ അനാഥത്വത്തിന്റെ നൊമ്പരത്താലല്ല, ഒരു നാടാകെ കൂടെയുണ്ടെന്നതിന്റെ ഉൾക്കരുത്തിൽ ആതിര സ്‌കൂളിലെത്തും. കളിച്ചുല്ലസിച്ച് നടക്കേണ്ട പ്രായത്തിലാണ് ഈ പത്തുവയസ്സുകാരി ഒറ്റപ്പെട്ടുപോയത്. അച്ഛനും അമ്മയും അമ്മൂമ്മയും കോവിഡിനിരയായി. ഉള്ളിലെ സങ്കടത്തിരകളെ കണ്ണുകളിൽ ഒളിക്കാൻ ശ്രമിച്ച ആതിരയ്‌ക്ക് തണലൊരുക്കുകയാണ് പഞ്ചായത്തും ഒരു ഗ്രാമവും. പൂതക്കുളം പഞ്ചായത്തിലെ പുത്തൻകുളം ചാലിൽ ലക്ഷംവീട് കോളനിയിലെ മുരളിയുടെയും അനിതയുടെയും മകളാണ് ആതിര. ചിറക്കര ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥി. കർണാടകത്തിൽ കൂലിപ്പണിയെടുത്തിരുന്ന മുരളി കഴിഞ്ഞ വർഷം മരിച്ചു. കോവിഡ് രണ്ടാം തരംഗത്തിൽ മാർച്ച് അവസാനം ആതിരയും അനിതയുടെ സഹോദരന്റെ മകളും പോസിറ്റീവായി. ഇരുവരും രോഗമുക്തരായെങ്കിലും അനിതയെയും അമ്മ ചന്ദ്രികയെയും രോഗം പിടികൂടി. കൊല്ലം ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മെയ് അഞ്ചിന് അനിത മരിച്ചു. വൃക്ക രോഗിയായിരുന്നു അനിത. അഞ്ചു ദിവസത്തിനുശേഷം അമ്മൂമ്മയും കോവിഡിനിരയായി. കരഞ്ഞുകലങ്ങിയ ദിവസങ്ങളിലാണ് അമ്മാവൻ ബാബുവിന്റെ തണലിലേക്ക് ആതിരയെത്തുന്നത്. വൈകാതെ പഞ്ചായത്തും നാടും കരുതലുമായി ഒപ്പംനിന്നു. ആതിരയുടെ വിദ്യാഭ്യാസവും മറ്റു ചെലവുകളും ഏറ്റെടുത്തു. ആതിരയ്ക്ക് പഠനമുറി സജ്ജമാക്കാനുള്ള പ്രവർത്തനം വാർഡ് അംഗം ലൈലാ ജോയിയുടെ നേതൃത്വത്തിൽ തുടങ്ങി. പുസ്‌തകങ്ങളും വസ്‌ത്രവും എത്തിച്ചു. ആതിരയ്‌ക്ക് പഠിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ പറഞ്ഞു. Read on deshabhimani.com