തിരിഞ്ഞുനോട്ടമായി ശിഷ്യരുടെ ആദരം



2021ൽ കോവിഡ്‌ കാലത്ത്‌ സി ടി കുര്യന്റെ നവതിയോടനുബന്ധിച്ച്‌ സുഹൃത്തുക്കളും ശിഷ്യരും ഓൺലൈനായി സംഘടിപ്പിച്ച ആദരം അദ്ദേഹത്തിന്റെ അക്കാദമിക്‌ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടമായിരുന്നു. ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിലെ മുൻ വിദ്യാർഥികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളായി. മുഖ്യമന്ത്രി പിണറായി വിജയനും അതിൽ പങ്കെടുത്തു. സമർപ്പിതനായ അധ്യാപകനായിരുന്നു അദ്ദേഹമെന്ന്‌ ശിഷ്യർ ഓർമിച്ചു. ലോകത്തെ മാറ്റാനുള്ള വഴികൾ തേടിയുള്ള അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എല്ലാ അർഥത്തിലും നീതിയും ന്യായവും തുല്യതയുമുള്ള ഒരു സമൂഹമായിരുന്നു സ്വപ്നം. മദ്രാസ്‌ ക്രിസ്‌ത്യൻ കോളേജിൽ അദ്ദേഹത്തിന്റെ വിദ്യാർഥിയായിരുന്ന കേരള പ്ലാനിങ്‌ ബോർഡ്‌ ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനായിരുന്നു അധ്യക്ഷൻ. ഇന്ത്യൻ സാമ്പത്തികപ്രശ്‌നങ്ങളെക്കുറിച്ച്‌ 1970കളിൽ കേട്ട സി ടി കെയുടെ (സി ടി കുര്യൻ) ക്ലാസുകൾ വിശദമായ അനുഭവമായിരുന്നുവെന്ന്‌ രാമചന്ദ്രൻ ഓർത്തു. കൃഷി, ഭൂപരിഷ്‌കരണം, പൊതുമേഖല തുടങ്ങി വിഷയം ഏതുമാകട്ടെ, വിശകലനങ്ങളാൽ സമ്പുഷ്‌ടമായിരുന്നു ക്ലാസുകൾ. ഇന്ത്യൻ സമ്പദ്‌രംഗത്തെ അസമത്വവും അനീതിയും ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ സാമ്പത്തിക പ്രക്രിയകൾ മനസ്സിലാക്കാൻ സി ടി കെ തന്റെ വിദ്യാർഥികളെ പ്രാപ്‌തരാക്കി. മദ്രാസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ ജൂനിയർ ഫാക്കൽറ്റി അംഗമായി താൻ എത്തിയപ്പോൾ അദ്ദേഹമായിരുന്നു ഡയറക്‌ടറെന്നും രാമചന്ദ്രൻ പറഞ്ഞു. പ്രൊഫ. കുര്യൻ ഇന്ത്യൻ പ്രാദേശിക വികസനപ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനുള്ള മാർഗദർശിയായിരുന്നുവെന്നാണ്‌ സുഹൃത്തായ സാമ്പത്തികവിദഗ്ധൻ അമിയ കുമാർ ബാഗ്ചി പറഞ്ഞത്‌. 1975-ൽ മോസ്‌കോയിൽ നടന്ന യോഗത്തിൽ കുര്യനും താനും ഇന്ത്യയിൽനിന്നുള്ള ഐസിഎസ്എസ്ആർ സംഘത്തിൽ അംഗങ്ങളായിരുന്നു. ഇന്ത്യ മുതലാളിത്തേതര വികസനപാതയാണ് പിന്തുടരുന്നത് എന്ന സോവിയറ്റ് ‘രേഖ’യ്‌ക്കെതിരെ ഇന്ത്യൻ സംഘം ശക്തമായി വാദിച്ചു. ഒരറ്റത്ത് വർധിച്ചുവരുന്ന ദാരിദ്ര്യവും മറ്റേ അറ്റത്ത് അതിസമ്പന്നരും ഉൾപ്പെടെയുള്ള എല്ലാ പ്രശ്‌നങ്ങളുമായി ഇന്ത്യ യഥാർഥത്തിൽ മുതലാളിത്ത പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഇന്ത്യൻ സംഘം ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ "ഗരീബി ഹഠാവോ' പദ്ധതിയുടെ പൊള്ളത്തരത്തെ ആദ്യം വിമർശിച്ചവരിൽ ഒരാളായിരുന്നു കുര്യനെന്നും ബാഗ്‌ചി ഓർത്തു. ജാപ്പനീസ്‌ സാമ്പത്തിക ചരിത്രകാരൻ സുകാസ മിസുഷിമ, "ദ ഹിന്ദു' മുൻ എഡിറ്റർ എൻ റാം, വെങ്കടേഷ്‌ അത്രേയ, എം എ ഉമ്മൻ, ഇ രഘുകുമാർ, പ്രൊഫ. സുർജിത്, ആർ ഗോപിനാഥ്‌, എസ്‌ നെൽസൺ, കെ നാഗരാജ്‌, ജോൺ ഹാരിസ്‌, എം അത്യൽ തുടങ്ങിയവരും കുര്യന്റെ സംഭാവനകൾ എടുത്തുപറഞ്ഞു. Read on deshabhimani.com

Related News