‘അൺ ഐഡന്റിഫൈഡ്‌’ ; ഒടുവിൽ വിലാസമറ്റ്

കുടുംബത്തിലെ ഒമ്പതുപേർ നഷ്ടപ്പെട്ട അരുണും അനൂപും മേപ്പാടി 
മാരിയമ്മൻ ക്ഷേത്ര ട്രസ്റ്റിന് കീഴിലുള്ള പൊതുശ്മശാനത്തിൽ 
അച്ഛനമ്മമാരുടെ അന്ത്യകർമങ്ങൾ ചെയ്യുന്നു. ഫോട്ടോ/ മിഥുൻ അനില മിത്രൻ


ചൂരൽമല   അന്ത്യചുംബനം നൽകേണ്ടവർ അരികിലില്ലാതെ, പ്രിയപ്പെട്ടവരുടെ യാത്രാമൊഴിക്ക്‌ കാത്തുനിൽക്കാതെ അവർ മണ്ണിലേക്ക്‌ മടങ്ങുകയാണ്‌. മണ്ണിൽപുതഞ്ഞ്‌ മിടിപ്പ്‌ നിലക്കുംവരെയും വിലാസവും വേരുകളുമുണ്ടായിരുന്ന  74 മനുഷ്യരാണ്‌  ‘അൺ ഐഡന്റിഫൈഡ്‌’ എന്ന രേഖപ്പെടുത്തലോടെ കൂട്ടക്കുഴിമാടങ്ങളിൽ അന്ത്യനിദ്രയിലമരുക. ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും ജീവിതരീതികൾക്കുമപ്പുറം  മരണം അവരെ തുല്യരാക്കി. ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരിൽ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളിൽ മൂന്നെണ്ണം വെള്ളിയാഴ്‌ച കൽപ്പറ്റ മുനിസിപ്പൽ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മുട്ടിൽ പഞ്ചായത്ത്‌ ശ്‌മശാനത്തിൽ 17 പേരുടെ സംസ്‌കാരത്തിന്‌ വെള്ളിയാഴ്‌ച സന്നാഹങ്ങളെല്ലാം പൂർത്തിയാക്കിയെങ്കിലും ദുരന്തത്തിനിരയായവരുടെ ബന്ധുക്കൾ ഒരു തവണകൂടി തിരിച്ചറിയാൻ അവസരം വേണമെന്ന്‌ ആവശ്യപ്പെട്ടതിനാൽ തീരുമാനം മാറ്റി.  തിരിച്ചറിഞ്ഞില്ലെങ്കിലും, ഉരുൾവിഴുങ്ങിയ പ്രിയപ്പെട്ടവർ അതിലുണ്ടായേക്കാമെന്ന തോന്നലിൽ  ദുരിതബാധിതരിൽ അവശേഷിക്കുന്നവർ കണ്ണീരടക്കിയും ഇടയ്‌ക്കൊന്ന്‌ വിതുമ്പിയും പൊട്ടിക്കരഞ്ഞും നാട്‌ അവരുടെ അന്ത്യയാത്രയിൽ ഒപ്പം ചേർന്നു.  ചൂരൽമല ദുരന്തത്തിൽ മരണമടഞ്ഞവരിൽ ഇതുവരെ  തിരിച്ചറിയാത്തവരെയാണ്‌ കുഴിമാടങ്ങളിൽ അടക്കം ചെയ്യുക. ആവശ്യമെങ്കിൽ റീ പോസ്‌റ്റ്‌മോർട്ടവും ജനിതക പരിശോധനയും വേണ്ടിവരുന്നത്‌ പരിഗണിച്ചായിരുന്നു മണ്ണിൽ മറവുചെയ്യുന്നത്‌. മുട്ടിൽ ശ്‌മശാനത്തിൽ ഇരുപതോളം കുഴിമാടങ്ങളാണ്‌ സജ്ജമാക്കിയത്‌. ഏറെ കാത്തിരിപ്പിന്‌ ശേഷം രാത്രി വൈകിയതാണ്‌ സംസ്‌കാരം പിന്നത്തേക്ക്‌ മാറ്റിയത്‌. ഇക്കാര്യത്തിൽ ശനിയാഴ്‌ച തീരുമാനമെടുക്കും. ആറടി നീളവും ആഴവുമുള്ള കുഴിമാടങ്ങളാണ്‌ മുട്ടിലിലും കൽപ്പറ്റയിലും ഒരുക്കിയത്‌. തിരിച്ചറിയാത്ത മൃതദേഹം സംസ്‌കരിക്കുന്നതിന്‌ വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്‌, എടവക, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ സൗകര്യമൊരുക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. തിരിച്ചറിയാത്ത 74 മൃതദേഹം മേപ്പാടിയിലെ വിവിധ മോർച്ചറികളിൽ സൂക്ഷിച്ചിട്ടുണ്ട്‌. ശരീരഭാഗങ്ങൾ വേർപെട്ടതിനാലും വികൃതമായതിനാലുമാണ്‌ തിരിച്ചറിയൽ അസാധ്യമായത്‌. നൂറുകണക്കിന്‌ സന്നദ്ധപ്രവർത്തകരാണ്‌ പുലർച്ചെമുതൽ മുട്ടിലിൽ കുഴിമാടം ഒരുക്കാനെത്തിയത്‌. മുട്ടിൽ മഹല്ല്‌ കമ്മറ്റി, പൾസ്‌, ഡിവൈഎഫ്‌ഐ, മുട്ടിൽ ശിവക്ഷേത്രം, സ്പർശം എന്നിവയുടെ   പ്രവർത്തകർ കുഴിമാടമൊരുക്കാനെത്തി. കാപ്പിച്ചെടികൾ മുറിച്ചുനീക്കിയാണ്‌ തോട്ടമുടമ നിതിൻ മേനോൻ ശ്മശാനത്തിലേക്ക്‌ വഴിയുണ്ടാക്കിയത്‌. 56 ചിതകൾ ; ഒന്നിന്‌ പിറകെ മറ്റൊന്ന്  മൂന്നുനാളായി മേപ്പാടി ടൗണിന്‌ കോട മൂടിയ പ്രതീതിയാണ്‌. കോടയല്ല, ടൗണിനോട്‌ ചേർന്നുള്ള മേപ്പാടി ശ്‌മശാനത്തിലെ അണയാത്ത ചിതകളിൽനിന്നുള്ള പുകയാണ്‌ ആകാശത്തെ മൂടുന്നത്‌. ഒരേ സമയം പല ചിതകളിൽ തീയാളുന്നുണ്ട്‌ ഇവിടെ. മൃതദേഹങ്ങൾ എത്തുമ്പോഴേക്കും വിറകടുക്കി രാമച്ചവും ചന്ദനത്തിരിയും വിരിച്ച്‌ പല ചിതകൾ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നു.   മൂന്നുദിവസത്തിനിടെ 56 മൃതശരീരങ്ങളാണ്‌ ഇവിടെ ദഹിപ്പിച്ചത്‌. വെള്ളിയാഴ്‌ച മാത്രം 12. മേപ്പാടി മുത്തുമാരിയമ്മൻ ക്ഷേത്രത്തിന്റേതാണ്‌ പൊതുശ്‌മശാനം. നൂറോളം സന്നദ്ധപ്രവർത്തകർ രാപകലില്ലാതെ ഇവിടെ കർമനിരതരായുണ്ട്‌. തിരിച്ചറിഞ്ഞ മൃതദേഹങ്ങളാണ്‌ ഇവിടെ ദഹിപ്പിക്കുന്നത്‌. നെഞ്ചുപിടയുന്ന രംഗങ്ങൾക്കാണ്‌ ശ്‌മശാനം സാക്ഷിയാകുന്നത്‌. Read on deshabhimani.com

Related News