അമരസ്‌മരണ ; കോമ്രേഡ്‌ സീതാറാം അമർ രഹേ...



ന്യൂഡൽഹി ഭായ്‌ വീർസിങ്‌ മാർഗിലെ എകെജി ഭവന്‌ മുന്നിലെ വലിയ വേപ്പുമരങ്ങൾക്ക്‌ ചുവട്ടിൽ നാല്‌ ചെറിയകൂടാരങ്ങൾ. അതിലൊന്നിലെ പേടകത്തിൽ റോസാദളങ്ങൾക്കുമീതെ പാർടി പതാക പുതച്ച്‌ പ്രിയ സഖാവ്‌. ചിലർ മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ചു. ചിലർ വിതുമ്പലടക്കാൻ പാടുപെട്ടു. പലരുടെയും കണ്ണുകളിൽ സ്‌മരണകളുടെ വേലിയേറ്റം. തളംകെട്ടിയ മൗനത്തെ കീറിമുറിച്ച്‌ ജെഎൻയു വിദ്യാർഥികളുടെ മുദ്രാവാക്യം വിളി. കോമ്രേഡ്‌ സീതാറാം അമർ രഹേ... പ്രിയ സഖാവിനെ ഒരുനോക്ക്‌ കാണാൻ, അന്ത്യാഭിവാദ്യമർപ്പിക്കാൻ ശനിയാഴ്ച രാവിലെ മുതൽ എകെജി ഭവനിലേക്ക്‌ ജനപ്രവാഹമായിരുന്നു. തൊഴിലാളികൾ, വിദ്യാർഥികൾ, ബുദ്ധിജീവികൾ, രാഷ്ട്രീയനേതാക്കൾ, മാധ്യമപ്രവർത്തകർ, ജനപ്രതിനിധികൾ, വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാർ–-സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ... എല്ലാവർക്കും ഒരുപോലെ പ്രിയപ്പെട്ടവനായിരുന്നു യെച്ചൂരി. വിപ്ലവഗാനങ്ങൾ ആലപിച്ചാണ്‌ ചിലർ പ്രിയസഖാവിന്‌ വിടചൊല്ലിയത്‌. പ്രസിദ്ധ ചരിത്രകാരി റൊമില ഥാപ്പർ ആദരാഞ്‌ജലി അർപ്പിച്ച്‌ യെച്ചൂരിയുടെ ഭാര്യ സീമാ ചിഷ്‌തിയെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിച്ചു. പ്രൊഫ. ജി എൻ സായ്‌ബാബ വീൽചെയറിൽ എത്തി അന്ത്യാഞ്‌ജലി അർപ്പിച്ചു. ഓഫീസിലെ സഖാക്കളും സുരക്ഷാ ജീവനക്കാരും അദ്ദേഹത്തോട്‌ വിടചൊല്ലി. പകൽ മൂന്നോടെ, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളും കുടുംബാംഗങ്ങളും അന്തിമോചാരമർപ്പിക്കാൻ കടന്നുവരണമെന്ന അനൗൺസ്‌മെന്റ്‌ മുഴങ്ങി. അവർ ഒഴിച്ചുള്ളവരെല്ലാം പുറത്തേക്കിറങ്ങിയപ്പോൾ യെച്ചൂരിയുടെ മൃതദേഹം എയിംസിലേക്ക്‌ കൊണ്ടുപോകാനുള്ള ആംബുലൻസ്‌ സജ്ജമായി. യെച്ചൂരിയുടെ ഫോട്ടോകൾ പതിച്ച പ്ലക്കാർഡുകളും ബാനറുകളുമായി നൂറുകണക്കിനാളുകൾ വിലാപയാത്രയിൽ അണിനിരന്നു. കേരളം, പശ്‌ചിമബംഗാൾ, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌, ഹിമാചൽപ്രദേശ്‌, ഹരിയാന, തെലങ്കാന, പഞ്ചാബ്‌, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രിയസഖാവിന്‌ അന്ത്യാഞ്ജലി നേരാനെത്തി. നേപ്പാൾ മുതൽ പലസ്തീൻ വരെ സീതാറാം യെച്ചൂരിക്ക്‌ വിവിധ ലോക രാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു അന്ത്യാഞ്‌ജലി അർപ്പിക്കാൻ എ കെ ജി ഭവനിലേക്ക്‌ ഒഴുകിയെത്തിയ വിദേശരാജ്യങ്ങളുടെ പ്രതിനിധികളുടെ പ്രതികരണങ്ങൾ. നേപ്പാൾ മുൻ പ്രധാനമന്ത്രി മാധവ്‌കുമാർ നേപ്പാൾ, ഇന്ത്യയിലെ ചൈനീസ്‌ സ്ഥാനപതി ഷുഹെയ്‌ ഹോങ്ക്‌, റഷ്യൻ സ്ഥാനപതി ഡെനിസ്‌ അലിപ്പോവ്‌, വിയറ്റ്‌നാം സ്ഥാനപതി ന്യുയെൻ താൻ ഹയ്‌, സിറിയൻ സ്ഥാനപതി ഡോ. ബാസിം അൽ ഖാത്തിബ്‌, പലസ്‌തീൻ സ്ഥാനപതി അദ്‌നാൻ അബു അൽഹയ്‌ജ, ക്യൂബൻ സ്ഥാനപതി (ചാർജ്‌ ഡി അഫേഴ്‌സ്‌) ആബേൽ  അബെല്ലേ ഡെസ്‌പൈഗ്‌നെ തുടങ്ങിയവർ അന്ത്യാഞ്‌ജലി അർപ്പിച്ചശേഷം സന്ദർശക ഡയറിയിൽ യെച്ചൂരിയെ കുറിച്ചുള്ള സ്‌മരണകൾ പങ്കിട്ടു. ഏകാധിപത്യത്തിന്‌ എതിരായ നേപ്പാളി ജനതയുടെ പോരാട്ടങ്ങൾക്ക്‌ വലിയ പിന്തുണ നൽകിയ നേതാവായിരുന്നു യെച്ചൂരിയെന്ന്‌ മാധവ്‌കുമാർ നേപ്പാൾ കുറിച്ചു. മനുഷ്യത്വം മുഖമുദ്രയാക്കിയ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു യെച്ചൂരിയുടേതെന്ന്‌ സിറിയൻ സ്ഥാനപതി ഡോ. ബാസിം അൽ ഖാത്തിബ്‌ ചൂണ്ടിക്കാട്ടി. സിറിയയുടെ അഭ്യുദയകാംക്ഷിയും അടു ത്ത സുഹൃത്തുമായിരുന്നു. തത്വാധിഷ്‌ഠിത നിലപാടുകൾ ആയുധമാക്കി അവശജനവിഭാഗങ്ങൾക്കുവേണ്ടി പോരാടി. ഇത്തരം സഹോദരൻമാരെ നഷ്ടപ്പെടുമ്പോഴാണ്‌ ജീവിതം കഠിനമാണെന്ന യാഥാർഥ്യം വെളിപ്പെടുന്നത്‌–- സിറിയൻ സ്ഥാനപതി കൂട്ടിച്ചേർത്തു.ചൈനീസ്‌ ജനതയുടെ അടുത്ത സുഹൃത്തായ യെച്ചൂരിയുടെ അകാലവിയോഗത്തിൽ തീവ്രദുഃഖമുണ്ടെന്ന്‌ ചൈനീസ്‌ സ്ഥാനപതി ഷുഹെയ്‌ഹോങ്ക്‌ രേഖപ്പെടുത്തി. ഇന്ത്യ–-ചൈന ബന്ധം കൂടുതൽ ശക്തമാക്കാൻ യെച്ചൂരി നൽകിയ വിലപ്പെട്ട സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യെച്ചൂരി മറ്റുള്ളവരുടെ 
വാക്കുകളിൽ റഷ്യ–- ഇന്ത്യൻ സൗ​ഹൃദത്തിൽ വിലപ്പെട്ട സംഭാവനകൾ നൽ‌കിയ യെച്ചൂരിയുടെ വിയോ​ഗം സിപിഐ എമ്മിന് മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തിനുതന്നെ നഷ്ടമാണ്. ഡെന്നീസ് അലിപ്പോ (റഷ്യൻ 
അംബാസഡർ) വരുംതലമുറയിലെ രാഷ്ട്രീയക്കാർക്ക്‌ വലിയ പ്രചോദനമാണ് സഖാവ് സീതാറാം യെച്ചൂരി. രാഷ്ട്രീയഭേദമന്യെ മനുഷ്യനെ മനുഷ്യനായി കണ്ട് ഒരേപോലെ ബ​ഹുമാനിക്കുകയും സ്നേഹിക്കുകയും ആ​ദരിക്കുകയും ചെയ്തു. കനിമൊഴി എംപി (ഡിഎംകെ നേതാവ്‌) രാഷ്ട്രീയപാർടികൾ തമ്മിൽ മാത്രമല്ല ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നിലും യെച്ചൂരിയുടെ പങ്ക് വലുതായിരുന്നു. നേപ്പാൾ ജനതയുടെ പ്രശ്നങ്ങളിൽ വലിയ അനുകമ്പയുണ്ടായിരുന്നു. 
 മാധവ് കുമാർ നേപ്പാൾ 
(നേപ്പാൾ‌ മുൻ പ്രധാനമന്ത്രി ) സീതാറാം യെച്ചൂരിയുടെ വിയോ​ഗം രാജ്യത്തിന് നികത്താനാകാത്ത നഷ്ടമാണ്‌. ശരദ് പവാർ (എൻസിപി അധ്യക്ഷൻ) നമുക്കെല്ലാവർക്കും പ്രചോദനം നൽകുന്ന, പകരം വെയ്‌ക്കാനില്ലാത്ത നേതാവായിരുന്നു സീതാറാം യെച്ചൂരി. രാജ്യത്തിന്‌ നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാട്. (മനീഷ്‌ സിസോദിയ എഎപി നേതാവ്) പ്രിയസുഹൃത്ത്‌ സീതാറാം യെച്ചൂരിക്ക്‌ അന്ത്യാഞ്‌ജലി അർപ്പിച്ച്‌ അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എക്‌സിൽ കുറിച്ച കവിത ‘സീതാറാം യെച്ചൂരി അദ്ദേഹം ഒരു സാധാരണ രാഷ്ട്രീയക്കാരനായിരുന്നില്ല സാധാരണ 
മനുഷ്യനുമായിരുന്നില്ല ഞാൻ അദ്ദേഹത്തിന്‌ വിട പറയുമ്പോൾ തിരിച്ചറിയുന്നു–- രാഷ്ട്രീയത്തിൽ ഇങ്ങനെയും 
    ചിലരുണ്ട്‌ കരുതൽ മനോഭാവവും വെല്ലുവിളിക്കാൻ ധൈര്യവുമുള്ളവർ അവശ ജനങ്ങൾക്കായി പോരാടുന്നവർ ദരിദ്രർക്കുവേണ്ടി അടരാടുന്നവർ വിശപ്പും ആർത്തിയുമുള്ള രാഷ്ട്രീയക്കാരനെ പോലെയല്ല അദ്ദേഹം’      Read on deshabhimani.com

Related News