കിറ്റുണ്ട്‌, അര ലക്ഷം ടെസ്‌റ്റ്‌ നടത്താം



സംസ്ഥാനത്ത്‌ 50, 000ലധികം കോവിഡ്‌ പരിശോധന നടത്താനുള്ള കിറ്റുകൾ ലഭ്യമാണെന്ന്‌ ആരോഗ്യവകുപ്പ്‌. വിവിധ ജില്ലകളിൽ 46,000 പിസിആർ റീ ഏജന്റുകളും 15,400 ആർഎൻഎ എക്‌സ്‌ട്രാക്‌ഷൻ കിറ്റുകളും ലഭ്യമാണ്‌. 2,000 കിറ്റുകൾ അടുത്തദിവസംതന്നെ എത്തും. പ്രവാസികളും മറ്റ് സംസ്ഥാനത്ത്‌ കുടുങ്ങിയ മലയാളികളും തിരികെയെത്തുമ്പോൾ പരിശോധന കൂടുതൽ വ്യാപകമാക്കേണ്ടിവരും. കെഎംഎസ്‌സിഎൽ‌ വഴി കൂടുതൽ കിറ്റുകളും റീ ഏജന്റുകളും ലഭ്യമാക്കാനും നടപടിയാകുന്നു. രണ്ട്‌ മാസത്തിനിടെ 27,956 സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു‌. രോഗബാധയുടെ ആദ്യഘട്ടത്തിൽ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധിച്ച്‌ പുണെയിലേക്കയച്ച്‌ സ്ഥിരീകരിക്കേണ്ടിയിരുന്നു. നിലവിൽ സർക്കാർ മേഖലയിൽ 14ഉം സ്വകാര്യമേഖലയിൽ രണ്ടും പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.  സമൂഹവ്യാപനം കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ, അതിഥിത്തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാഗ്രൂപ്പിൽനിന്ന് 875 സാമ്പിൾ ശേഖരിച്ചു. 801 പേരുടെ ഫലം നെഗറ്റീവായി. ഞായറാഴ്‌ച  3,101 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ 2,682 എണ്ണം നെഗറ്റീവായി. റാൻഡം പരിശോധന വ്യാപകമാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ആന്റിബോഡി കിറ്റ്‌ ഉപയോഗിച്ചുള്ള റാൻഡം പരിശോധനയ്‌ക്ക്‌ ഓരോ ജില്ലയിലും പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. അതിനിടെ ആന്റിബോഡി പരിശോധന വേണ്ടെന്ന്‌ ഐസിഎംആർ നിർദേശിച്ചു. ഇതോടെ റാൻഡം പിസിആർ പരിശോധന നടത്താനാണ്‌ സർക്കാർ തീരുമാനം. രാജീവ്‌ ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ആന്റിബോഡി ടെസ്‌റ്റ്‌ കിറ്റിനും ഇതുവരെ ഐസിഎംആർ അനുമതി നൽകിയിട്ടില്ല. Read on deshabhimani.com

Related News