കടലാഴങ്ങളിൽ ഇരുണ്ട ഓക്സിജൻ



സമുദ്രത്തിന്റെ അത്യഗാധതയിൽ സൂര്യപ്രകാശം കടന്നെത്താത്ത ഭാഗത്ത് ഓക്സിജൻ ഉൽപ്പാദനം.  സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ നിർമിക്കപ്പെടുന്ന ഓക്സിജൻ, ഡാർക്ക് ഓക്സിജൻ എന്നാണ്‌ അറിയപ്പെടുന്നത്. ഭൂമിയിലെ ഓക്സിജൻ ഉൽപ്പാദനത്തെക്കുറിച്ചും ജീവന്റെ ഉത്ഭവത്തെക്കുറിച്ചും ഇന്നോളമുള്ള പല ധാരണകളെയും തിരുത്തിക്കുറിച്ചേക്കാവുന്ന കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത് സ്കോട്ടിഷ് അസോസിയേഷൻ ഫോർ മറൈൻ സയൻസ് ഗവേഷകരാണ്. പ്രൊഫ. ആൻഡ്രൂ സ്വീറ്റ്മാന്റെ നേതൃത്വത്തിൽ നടന്ന ഗവേഷണം വഴിത്തിരിവാകുകയാണ്‌. പസഫിക് സമുദ്രത്തിൽ 4000 മീറ്റർ ആഴത്തിൽ ക്ലാറിയോൺ ക്ലിപ്പർടോൺ ഭാഗത്തു നടന്ന പഠനമാണ് ഡാർക്ക് ഓക്സിജൻ രഹസ്യങ്ങളിലേക്ക് വെളിച്ചംവീശിയത്‌. നേച്ചർ ജിയോസയൻസ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം ശാസ്‌ത്രലോകം ചർച്ച ചെയ്യുകയാണ്. സമുദ്രത്തിന്റെ  അടിത്തട്ടിലുള്ള പ്രകൃതിദത്ത പോളിമെറ്റാലിക് നൊഡ്യൂളുകൾ എന്നറിയപ്പെടുന്ന ധാതുനിക്ഷേപത്തിന്റെ ഇലക്ട്രിക് വോൾട്ടേജ് അളന്ന ഗവേഷകർ അക്ഷരാർഥത്തിൽ അമ്പരന്നു. ഇവയിലെ വിവിധ പോയിന്റുകളിലെ ഇലക്ട്രിക് ചാർജ് വ്യത്യാസം അഥവാ വോൾട്ടേജ് കണക്കാക്കിയപ്പോഴതാ അത്ഭുതം. കടൽ വെള്ളത്തെ വൈദ്യുതവിശ്ലേഷണ പ്രക്രിയയിലൂടെ ഹൈഡ്രജനും ഓക്സിജനുമാക്കി മാറ്റാൻ സാധിക്കുന്നത്ര വോൾട്ടേജ്. ഏതാണ്ട്  0.95 വോൾട്ട് വരെ. ഈ ലോഹ നൊഡ്യൂളുകൾ ബാറ്ററികൾ പോലെ പ്രവർത്തിച്ചാണ് ജലത്തെ വിഘടിപ്പിക്കുന്നതെന്ന്‌ ഗവേഷകസംഘം പറയുന്നു. കടൽത്തട്ടിൽ സമ്പർക്കത്തിലിരിക്കുന്ന ലോഹ നൊഡ്യൂളുകൾ അനേകം ബാറ്ററിപോലെ പ്രവർത്തിക്കുകയും ജലത്തിന്റെ വൈദ്യുതവിശ്ലേഷണം സാധ്യമാകുകയും ചെയ്യും. കടൽത്തട്ടിൽനിന്നു ശേഖരിച്ച ഉരുളക്കിഴങ്ങ്‌ വലുപ്പത്തിലുള്ള ലോഹ നൊഡ്യൂൾ സാമ്പിളിന്റെ വോൾട്ടേജ് കണക്കാക്കിയപ്പോൾ അത് ഒരു എഎ സൈസ് ബാറ്ററിയുടെ വോൾട്ടേജിന്‌ തുല്യമായിരുന്നു. മാറിമറിയുമോ ധാരണകൾ സസ്യങ്ങൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡും ഉപയോഗിച്ച് ആഹാരനിർമാണം (കാർബോ ഹൈഡ്രേറ്റ് നിർമാണം) നടത്തുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. ഈ സമയത്ത് ഓക്സിജൻ പുറത്തുവിടും. ഇതുവരെയുള്ള ധാരണയനുസരിച്ച് കടലിലെ സസ്യപ്ലവകങ്ങളാണ് (ഫൈറ്റോ പ്ലാങ്ക്ടണുകൾ) ഓക്സിജന്റെ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്. ബാക്കി കരയിലെ ഹരിതസസ്യങ്ങളും. സമുദ്രത്തിന്റെ അഗാധതയിൽനിന്നുള്ള ഡാർക്ക് ഓക്സിജൻ നിർഗമനം ഈ കണക്കിൽ ഉൾപ്പെട്ടിരുന്നില്ല. ആദ്യകാലത്ത് ഭൗമാന്തരീക്ഷത്തിൽ സ്വതന്ത്രാവസ്ഥയിൽ ഓക്സിജൻ ഉണ്ടായിരുന്നില്ല. ഏതാണ്ട് 350 കോടി വർഷംമുമ്പ് കടലിലെ സൂക്ഷ്മ പ്ലവകങ്ങൾ പ്രകാശസംശ്ലേഷണം തുടങ്ങിയതോടെ ഓക്സിജനും പുറത്തുവിടാൻ തുടങ്ങി. എന്നാൽ, സൂക്ഷ്മ പ്ലവകങ്ങൾ പ്രകാശസംശ്ലേഷണം ആരംഭിച്ച കാലത്ത് പുറത്തുവിടുന്ന ഓക്സിജൻ സ്വതന്ത്രമായി അന്തരീക്ഷത്തിൽ നിലനിന്നിരുന്നില്ല. ഏതാണ്ട് 250 കോടി വർഷംമുമ്പ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ ചിത്രംതന്നെ മാറ്റിവരച്ച ഗ്രേറ്റ് ഓക്സിജനേഷൻ ഇവന്റ് (ഗ്രേറ്റ് ഓക്സിഡേഷൻ ഇവന്റ്) ആണ് അന്തരീക്ഷത്തിൽ തന്മാത്രാ ഓക്സിജന്റെ അളവ്‌ വർധിക്കാനും അത് നഷ്ടമായിപ്പോകാതെ സ്ഥിരമായി നിലനിൽക്കാനും കാരണമായത്. കടലിലെ സയനോ ബാക്ടീരിയകളാണ് (ബ്ലൂ ഗ്രീൻ ആൽഗകൾ) ഇതിൽ പ്രധാന പങ്കുവഹിച്ചതെന്നും ഗവേഷണങ്ങൾ പറയുന്നു. ഏതാണ്ട് 250 കോടി വർഷംമുമ്പ് ആരംഭിച്ച് 160 കോടി വർഷംമുമ്പ് അവസാനിച്ച പാലിയോ പ്രോട്ടറോസോയിക് യുഗത്തിലാണ് അന്തരീക്ഷ ഓക്സിജന്റെ അളവ് പ്രധാനമായും വർധിച്ചത്. എന്നാൽ, ഡാർക്ക് ഓക്സിജൻ ചരിത്രംകൂടി പരിഗണിക്കുമ്പോൾ ഇതിൽ എന്തൊക്കെ മാറ്റംവരുമെന്നറിയാൻ കാത്തിരിക്കാം. പ്രകാശസംശ്ലേഷണമില്ലാതെ കടലിന്റെ അടിത്തട്ടിലെ അസാധാരണ ഓക്സിജൻ നിർഗമനത്തെക്കുറിച്ച് 2013-ൽ തന്നെ സൂചന കിട്ടിയിരുന്നെങ്കിലും പ്രകാശസംശ്ലേഷണത്തിന്റെ വിദൂര സാധ്യതപോലും അവിടെ ഇല്ലാത്തതുകൊണ്ട് അത്‌  അവഗണിക്കുകയായിരുന്നുവെന്ന് ആൻഡ്രൂ സ്വീറ്റ്മാൻ പറയുന്നു. എന്നാൽ, അവിടെ എന്തോ മഹാരഹസ്യം ഒളിഞ്ഞിരിക്കുന്നുവെന്ന തോന്നൽ ക്രമേണ ശക്തമായതോടെ ഈ ഗവേഷണത്തിലേക്ക് തിരിയുകയായിരുന്നു. പ്രകാശത്തിന്റെ അഭാവത്തിൽ ചില സൂക്ഷ്മജീവികളുടെ ഉപാപചയ പ്രവർത്തന ഫലമായി ഓക്സിജൻ ഉൽപ്പാദിപ്പിക്കപ്പെടുമെന്ന് നേരത്തേതന്നെ കണ്ടുപിടിച്ചിരുന്നു. ഇതിനൊരുദാഹരണമാണ്  കാൻഡിഡേറ്റസ് മെതിലോമിറാബിലിസ് ഓക്സിഫെറ ബാക്ടീരിയ. എന്നാൽ,  കടൽത്തട്ടിൽ ലോഹ നൊഡ്യൂളുകളാൽ സമ്പന്നമായ ഭാഗത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഡാർക്ക് ഓക്സിജന്‌ തെളിവുലഭിക്കുന്നത് ഇതാദ്യമാണ്‌. സാധ്യതകൾ വിശാലം മനുഷ്യൻ മറ്റ് ഗോളങ്ങളിൽ ചേക്കേറാൻ ഒരുങ്ങുന്ന ഗവേഷണങ്ങളിലും ഭൗമേതര ജീവൻ തിരയുന്ന പഠനങ്ങളിലും നിർണായകമാണ് പുതിയ കണ്ടെത്തൽ. അങ്ങകലെയുള്ള ഏതെങ്കിലും ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളിലോ സൂര്യപ്രകാശത്തിന്റെയും ജൈവപ്രക്രിയകളുടെയും അഭാവത്തിൽ ഓക്സിജൻ സമൃദ്ധമായ അന്തരീക്ഷം ഉണ്ടായിക്കൂടേ എന്നതും  വലിയ സാധ്യതയാണ്. Read on deshabhimani.com

Related News