ക്രെഡിറ്റ്‌ സ്കോർ കെണിയാണോ?



വീടുവയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കുട്ടികളുടെ  ഉന്നതവിദ്യാഭ്യാസത്തിനും വിവാഹത്തിനും  ബിസിനസിനുമൊക്കെയായി തുടർച്ചയായി വായ്പ ആവശ്യമായിവരുന്നവർ ഇന്നേറെയാണ്.  ബാങ്കുകളും മറ്റ് ധനസ്ഥാപനങ്ങളും  വായ്പ നടപടിക്രമങ്ങൾ കൂടുതൽ ഉദാരമാക്കിയിട്ടുണ്ടെങ്കിലും വായ്പയ്ക്ക് അർഹത നേടുക എന്നത് ഇപ്പോൾ അത്ര ലളിതമായ കാര്യമല്ല.  ക്രെഡിറ്റ് സ്കോർ എന്നറിയപ്പെടുന്ന മൂന്ന് അക്കങ്ങൾ അതിൽ നിർണായ പങ്കാണ് വഹിക്കുന്നത്. ഒരു വ്യക്തി വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾ അയാളുടെ വായ്പകളുടെയും തിരിച്ചടവിന്റെയും ചരിത്രം പരിശോധിച്ച് അയാൾക്ക് ഇപ്പോൾ വായ്പയ്ക്കുള്ള യോ​ഗ്യത വിലയിരുത്തുന്നതിന് കൊടുക്കുന്ന മാർക്കാണ് "ക്രെഡിറ്റ് സ്കോർ'.  അതുകൊണ്ടുതന്നെ ക്രെഡിറ്റ് സ്കോർ ഇപ്പോൾ പലരുടെയും ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. മാർക്ക് കുറഞ്ഞാൽ 
വായ്പ പോകും ക്രെഡിറ്റ് സ്‌കോർ നിശ്ചയിക്കുന്നതിനുള്ള  മാനദണ്ഡങ്ങൾ പലതും സ്‌കോർ നൽകുന്ന കമ്പനികൾ കൃത്യമായി പാലിക്കാത്തതും അങ്ങേയറ്റം ഉദാസീനമായി കൈകാര്യം ചെയ്യുന്നതുംമൂലം അർഹർക്കുപോലും ബാങ്ക് വായ്പകൾ കിട്ടാത്ത സ്ഥിതിയായിട്ടുണ്ട്.  ഉദാരമായി ലഭിക്കാൻ സാധ്യതയുള്ള വിദ്യാഭ്യാസ വായ്പപോലും  ക്രെഡിറ്റ് സ്‌കോറിന്റെ പേരിൽ നിഷേധിക്കപ്പെടാമെന്നതിനാൽ  ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ ഉറപ്പായും ക്രെഡിറ്റ് സ്‌കോർ പരിശോധിച്ച് തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തിക്കേണ്ടതാണ്. 1. ആരാണ് ക്രെഡിറ്റ് സ്‌കോർ തയ്യാറാക്കുന്നത്? വായ്പയ്ക്ക്  അപേക്ഷിച്ചാൽ ബാങ്ക് ആദ്യം  നോക്കുന്നത് അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറാണ്.  കടം വാങ്ങിയത് തിരിച്ചുതരുന്ന കാര്യത്തിൽ ഈ അപേക്ഷകനെ എത്രമാത്രം വിശ്വസിക്കാം എന്നാണ് ഇതിലൂടെ ബാങ്കുകൾ വിലയിരുത്തുന്നത്. സ്വതന്ത്ര ഏജൻസികളായ ക്രെഡിറ്റ് ബ്യൂറോകളാണ് സ്കോർ നിശ്ചയിച്ച് ബാങ്കുകളെയും ധനസ്ഥാപനങ്ങളെയും അറിയിക്കുന്നത്. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഇക്വിഫാക്‌സ്, എക്‌സ്പീരിയൻ,  ട്രാൻസ് യൂണിയൻ സിബിൽ,  ക്രിഫ് ഹൈ മാർക്ക്  എന്നീ നാല് വായ്പവിവര കമ്പനികളാണ് ഇന്ത്യയിൽ ഇതിനായി പ്രവർത്തിക്കുന്നത്. 2. എത്രയാണ് മികച്ച ക്രെഡിറ്റ് 
സ്‌കോർ?‌ 300 മുതൽ 900 വരെ മാർക്കാണ് ഇന്ത്യൻ കമ്പനികൾ ക്രെഡിറ്റ് സ്കോറായി നൽകുന്നത്. ഇതിൽ 300 ഏറ്റവും താഴ്ന്ന മാർക്കും 900 ഏറ്റവും നല്ല മാർക്കുമായി കണക്കാക്കുന്നു. 750നുമുകളിൽ മാർക്ക് വാങ്ങുന്നവരെ "നല്ല കുട്ടി’കളയാണ് കാണുന്നത്. ഇവർക്കാണ് പൊതുവേ കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭിക്കുക. അതിനാൽ സ്കോർ എപ്പോഴും  ഈ പോയിന്റിനുമുകളിൽ  നിലനിർത്തുന്നതാണ് നല്ലത്. 3. എന്തൊക്കെയാണ് ക്രെഡിറ്റ് സ്‌കോറിൽ പ്രതിഫലിക്കുക? ഇടപാടുകാർക്ക് നൽകിയിട്ടുള്ള വായ്പകളെ റിസർവ് ബാങ്ക് മാർഗനിർദേശമനുസരിച്ച് നല്ലത്, ചീത്ത, നിഷ്‌ക്രിയ ആസ്തി (​ഗുഡ്, ബാഡ്, നോൺ പെർഫോമിങ് അസറ്റ്) എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. വായ്പയുടെ മാസ അടവ് തുടർച്ചയായി മൂന്നുതവണ മുടക്കിയാൽ ബാങ്ക് അത്തരം വായ്പകൾ നിഷ്‌ക്രിയ ആസ്തി അഥവാ എൻപിഎ എന്ന ഗണത്തിൽപ്പെടുത്തും. തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടുള്ള വായ്പ എന്നാണ് ഇതിനർഥം. ഇത്തരത്തിൽ വായ്പതവണ മുടങ്ങുന്നതെല്ലാം വായ്പ എടുത്തയാളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തും.  അതുപോലെ പുതിയ വായ്പ എടുത്ത് പഴയ വായ്പ തിരിച്ചടയ്ക്കുന്ന ക്രെഡിറ്റ് റീസ്ട്രക്ചറിങ്,  വായ്പ എഴുതിത്തള്ളൽ തുടങ്ങിയവയും ക്രെഡിറ്റ് റിപ്പോർട്ടിൽ ഇടം പിടിക്കും. ഇങ്ങനെവന്നാൽ പുതിയ വായ്പകൾ കിട്ടാൻ പ്രയാസമായിരിക്കും. അഥവാ കിട്ടിയാൽ പലിശ കൂടുതൽ കൊടുക്കേണ്ടി വന്നേക്കാം. 4. എപ്പോഴാണ് ക്രെഡിറ്റ് 
സ്‌കോർ പരിശോധിക്കേണ്ടത്? ക്രെഡിറ്റ് സ്കോർ - ഒരിക്കൽ  750നുമുകളിൽ വന്നെന്നുകരുതി പിന്നീട് പരിശോധിക്കാതിരുന്നാൽ ചിലപ്പോൾ "പണി' കിട്ടും. മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കുന്നതാണ് നല്ല ശീലം.  വായ്പ എടുക്കുന്നതിന് ആറുമാസംമുമ്പ്  നിർബന്ധമായും പരിശോധിക്കണം. തെറ്റായി കുറഞ്ഞ  സ്കോറാണ് നൽകിയിരിക്കുന്നതെങ്കിൽ പരാതി നൽകി അത് പരിഹരിക്കാൻ അവസരമുണ്ട്. അതല്ല നിങ്ങളുടെ വീഴ്ചകളാണ് പ്രശ്‌നമെങ്കിൽ ആറുമാസംകൊണ്ട് അത് പരിഹരിച്ച് കുടിശ്ശിക തീർത്ത് സ്കോർ മെച്ചപ്പെടുത്താം. 5. ക്രെഡിറ്റ് സ്കോർ  
മെച്ചപ്പെടുത്താൻ എന്ത് ചെയ്യണം? വായ്പകളുടെ മാസതവണകൾ മുടങ്ങാതെ അടയ്ക്കണം. ഒരുദിവസം വൈകിയാൽപോലും അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും.  സാരമില്ല പിഴ നൽകിയാൽ മതിയല്ലോ എന്ന് വിചാരിക്കരുത്. ഒരിക്കൽ  മുടങ്ങിയാലോ വൈകിയാലോ  ഉണ്ടാകുന്ന മോശം  പ്രതിച്ഛായ വർഷങ്ങളോളം ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിക്കും. അതിനാൽ  അടുത്തമാസം രണ്ടുതവണയുംകൂടി ഒരുമിച്ച് അടയ്ക്കാം എന്നാണ് ചിന്തയെങ്കിൽ അക്കാര്യം ബാങ്കിനെ നേരത്തേ ധരിപ്പിക്കണം. അതുപോലെ ചെക്ക് കലക്‌ഷന് അയക്കാതിരിക്കാൻ പറ്റുമോ എന്നുനോക്കണം. ഒരിക്കൽ ചെക്ക്  അക്കൗണ്ടിൽ വന്ന് പണമില്ലാത്തതിനാൽ മടങ്ങിയാൽ അതും ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. പുതുക്കേണ്ട വായ്പകളാണെങ്കിൽ  നിശ്ചിത തീയതിയിൽത്തന്നെ പുതുക്കുകയും വേണം. 6. വായ്പയ്ക്ക് ജാമ്യംനിന്നാൽ ക്രെഡിറ്റ് സ്കോർ കുറയുമോ? വായ്പകൾക്ക് ജാമ്യംനിന്നതുകൊണ്ട് ക്രെഡിറ്റ് സ്കോർ കുറയില്ല. എന്നാൽ, വായ്പയെടുത്തയാൾ തിരിച്ചടവ് കുടിശ്ശിക വരുത്തിയാൽ അത് ജാമ്യം നൽകുന്നയാളുടെ ക്രെഡിറ്റ് സ്കോറിനെ  ബാധിക്കും. 7. ക്രെഡിറ്റ് കാർഡ് ഉപയോ​ഗം ക്രെഡിറ്റ്  സ്കോർ 
മോശമാക്കുമോ? ക്രെഡിറ്റ് കാർഡ് ഉപയോഗം ക്രെഡിറ്റ് സ്കോറിനെ  പ്രതികൂലമായി ബാധിക്കില്ലെങ്കിലും തിരിച്ചടവ്  ബാധ്യത കൂടുന്നത് നല്ലതല്ല. കൂടുതൽ എണ്ണം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതും നിയന്ത്രിക്കണം. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യം തീയതിക്കുതന്നെ അടയ്ക്കുന്നതാണ് നല്ലത്.  ക്രെഡിറ്റായി ഉപയോ​ഗിക്കാവുന്ന തുകയ്ക്ക് കാർഡ് കമ്പനി ഒരു പരിധി നിശ്ചയിച്ചിട്ടുണ്ടാകും.  ഇതിന്റെ പരമാവധിവരെ തുടർച്ചയായി  ഉപയോ​ഗിക്കുന്നത് സാമ്പത്തിക അച്ചടക്കം ഇല്ലാത്തതിന്റെ ലക്ഷണമായാണ് ക്രെഡിറ്റ് റേറ്റിങ് കമ്പനി കണക്കാക്കുക. അതുകൊണ്ട് കൈയിൽ പണമുള്ളപ്പോഴും റിവാർഡ് പോയിന്റിനുവേണ്ടി ക്രെഡിറ്റ് കാർഡ് അമിതമായി ഉപയോഗിക്കുന്നത് കുറയ്ക്കണം. 8. പല ബാങ്കുകളിൽ വായ്പയ്ക്ക് അപേക്ഷിച്ചാൽ ക്രെഡിറ്റ് സ്‌കോർ കുറയുമോ?  ക്രെഡിറ്റ് സ്കോർ മോശമായതുകൊണ്ട് ഒരു ബാങ്ക് വായ്പ നിഷേധിച്ചാൽ ഉടനെ അടുത്ത ബാങ്കിനെ സമീപിക്കാതിരിക്കുക. വായ്പയ്ക്കായി ഓരോ  സ്ഥാപനങ്ങളെ സമീപിക്കുമ്പോഴും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മോശമായിക്കൊണ്ടിരിക്കും.  അതുപോലെ,  "കിട്ടില്ലെന്നറിയാം എങ്കിലും ഒരു വായ്പ അപേക്ഷ നൽകിനോക്കാം' എന്ന മനോഭാവമുണ്ടെങ്കിൽ അതും ഉടൻ തിരുത്തുക.  ഓരോ തവണ വായ്പ അപേക്ഷ കിട്ടുമ്പോഴും ബാങ്ക് ക്രെഡിറ്റ് റേറ്റിങ് ഏജൻസികളോട് അന്വേഷിക്കും. ഒരാളെക്കുറിച്ച് തുടർച്ചയായി  അന്വേഷണം വന്നാൽ അതും ക്രെഡിറ്റ് റേറ്റിങ്ങിനെ ബാധിക്കും. 9.വായ്പ ക്ലോസ് ചെയ്താൽ 
ക്രെ‍ഡിറ്റ് സ്കോർ മെച്ചപ്പെടില്ലേ? വായ്പകൾ അടച്ചുതീർത്താൽമാത്രം പോരാ. ബാങ്കിന്റെ രേഖകളിൽ അതു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. നിങ്ങൾ പണമെല്ലാം അടച്ചിട്ടുണ്ടാകും. പക്ഷേ, ബാങ്ക് വായ്പ ക്ലോസ് ചെയ്തില്ലെങ്കിൽ ക്രെഡിറ്റ് സ്കോർ മോശമാകും. ഇങ്ങനെ, ഭവനവായ്പ കൃത്യമായി അടച്ചുതീർത്തിട്ടും ബാങ്ക് യഥാസമയം അത് രേഖപ്പെടുത്താത്തതിനാൽ പിന്നീട്  മക്കൾക്ക് വിദ്യാഭ്യാസ വായ്പപോലും കിട്ടാതെപോയ പലരുണ്ട്. 10. നിങ്ങളുടേതല്ലാത്ത 
കാരണത്താൽ ക്രെഡിറ്റ് സ്‌കോർ 
കുറഞ്ഞാൽ എന്തുചെയ്യണം? ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ വെബ്‌സൈറ്റിൽനിന്ന് വർഷത്തിലൊരിക്കൽ  ക്രെഡിറ്റ് സ്‌കോർ  സൗജന്യമായി ഡൗൺലോഡ് ചെയ്യാം.  അതുനോക്കി ഏത് വായ്പ ഇടപാടാണ് സ്‌കോർ മോശമാക്കിയത് എന്ന് മനസ്സിലാക്കുക.  ശരിയായ വിവരം ക്രെഡിറ്റ് റേറ്റിങ് ഏജൻസിയെ ധരിപ്പിക്കാൻ വായ്പ നൽകിയ ബാങ്കിന് രേഖാമൂലം പരാതി  നൽകുക. അതിനുശേഷം ഇതിന്റെ പകർപ്പുസഹിതം ഇക്കാര്യം ക്രെഡിറ്റ് റേറ്റിങ്ങിൽ ഉൾപ്പെടുത്താൻ ക്രെഡിറ്റ് റേറ്റിങ് സ്ഥാപനത്തോട് രേഖാമൂലം ആവശ്യപ്പെടുക. 30 ദിവസത്തിനുള്ളിൽ പരിഹാരമായില്ലെങ്കിൽ ബാങ്കിനും ക്രെഡിറ്റ് റേറ്റിങ് സ്ഥാപനത്തിനും നൽകിയ പരാതിസഹിതം തിരുവനന്തപുരത്തുള്ള ബാങ്കിങ് ഓംബുഡ്മാന് പരാതി നൽകണം. https://cms.rbi.org.in/cms/indexpage.html#eng എന്ന ലിങ്കിലൂടെ ഓംബുഡ്സ്‌മാന് പരാതി നൽകാം. വായ്പ ഇല്ലെങ്കിൽ ക്രെഡിറ്റ് സ്കോറും ഇല്ല "ഞാനിതുവരെ ഒരു വായ്പയും എടുത്തിട്ടില്ല. അതുകൊണ്ട് വായ്പ കുടിശ്ശികയും ഇല്ല. എന്റെ സ്‌കോർ 900 ആയിരിക്കും' എന്ന് പലർക്കും തെറ്റിദ്ധാരണയുണ്ട്. വായ്പയൊന്നും ഇതേവരെ എടുത്തിട്ടില്ലെങ്കിൽ ക്രെഡിറ്റ് സ്‌കോർ പൂജ്യം അല്ലെങ്കിൽ നെ​ഗറ്റീവ് ആയിരിക്കും എന്നതാണ് വാസ്തവം. ബാങ്കുകളുടെ വായ്പ ബിസിനസ് വർധിപ്പിക്കാനാണ്  ക്രെഡിറ്റ് റേറ്റിങ് കമ്പനികളെ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് ക്രെഡിറ്റ് സ്‌കോർ പൂജ്യമായവർക്ക് വായ്പ നൽകാൻ ബാങ്ക്  താൽപ്പര്യവും കാണിക്കില്ല. വർഷങ്ങളായി ഇടപാടുള്ള ബാങ്കുകളിൽനിന്നോ സാലറി അക്കൗണ്ട് ഉള്ള ബാങ്കുകളിൽനിന്നോ ചെറിയ വായ്പകൾ വല്ലതും കിട്ടിയേക്കാം. മറ്റു ബാങ്കുകളിൽനിന്ന് ഭവന, വാഹന വായ്പകൾപോലുള്ളത് കിട്ടാൻ സാധ്യത കുറവാണ്.  അതിനാൽ ഇപ്പോൾത്തന്നെ ചെറിയ വായ്പകൾ എടുത്ത് ക്രെഡിറ്റ് സ്‌കോർ ഉണ്ടാക്കാനാണ് ബാങ്കുകൾ ഉപദേശിക്കുന്നത്. കൈയിൽ പണമുണ്ടെങ്കിൽ സ്ഥിരനിക്ഷേപമിട്ട്‌ അതിന്റെ ഈടിൽ ചെറിയ വായ്പയെടുത്ത് കൃത്യമായി തിരിച്ചടയ്ക്കുകയോ ചെറിയ ഗൃഹോപകരണ വായ്പ എടുത്ത് തിരിച്ചടയ്ക്കുകയോ  ക്രെഡിറ്റ് കാർഡ് എടുത്ത് ഉപയോ​ഗിച്ച്  ബില്ലുകൾ കൃത്യമായി തിരിച്ചടയ്ക്കുകയോ ചെയ്താൽ 6–-12 മാസത്തിനുള്ളിൽ ക്രെഡിറ്റ് സ്‌കോർ ഉയരുമെന്നാണ്  ബാങ്കുകൾ പറയുന്നത്. (പേഴ്സണൽ ഫിനാൻസ് അനലിസ്റ്റും 
എൻട്രപ്രണർഷിപ് മെന്ററുമാണ് ലേഖകൻ)     Read on deshabhimani.com

Related News