വലത് ചേർന്നോടുന്ന മാധ്യമ വണ്ടികൾ - ഡോ. ഷിബു ബി എഴുതുന്നു



സർഗാത്മക സംവാദങ്ങളിലൂടെ പൊതുജനാഭിപ്രായങ്ങൾ രൂപീകരിക്കുകയും അവയെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനാധിപത്യ പ്രക്രിയയെ ചലനാത്മകമായി നിലനിർത്തിയ മാധ്യമ സൃഷ്ടിയായ ബൂർഷ്വാ പൊതുമണ്ഡലം, പൊതുവ്യവഹാരങ്ങളെ നിർമിക്കുകയും രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന, മധ്യവർഗമൂല്യങ്ങളെ താലോലിക്കുന്ന ജനാധിപത്യവിരുദ്ധ പൊതുമണ്ഡലമായി രൂപാന്തരപ്പെട്ടതിന്റെ യൂറോപ്യൻ ചരിത്രമാണ്, ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം എന്ന ഗ്രന്ഥത്തിൽ ഹേബർമാസ് പറയുന്നത്. 1962ൽ ബൂർഷ്വാ പൊതുമണ്ഡലം എന്ന ആശയം അവതരിപ്പിച്ചപ്പോൾ സമൂഹത്തിൽ വ്യത്യസ്ത മേഖലകളിലുള്ള വ്യക്തികളെ കൂട്ടിയിണക്കാനും പൊതുജനാഭിപ്രായം രൂപീകരിക്കാനുമുള്ള മാധ്യമങ്ങളുടെ സവിശേഷ സാധ്യതയെക്കൂടിയാണ് യുർഗെൻ ഹേബർമാസ് സൂചിപ്പിച്ചത്. വിവരവിനിമയത്തിന്റെയും രാഷ്ട്രീയ സംവാദത്തിന്റെയും ഓർഗനുകളായ പത്രമാധ്യമങ്ങൾക്ക് ആധുനിക ജനാധിപത്യ ദേശസങ്കല്പത്തിന്റെ രൂപീകരണപ്രക്രിയയിലുള്ള അനിഷേധ്യമായ പങ്കിനെക്കുറിച്ച്‌ ഗൗരവതരമായ അന്വേഷണമാണ് അദ്ദേഹം നടത്തുന്നത്. യുറോപ്യൻ നവോത്ഥാനത്തിന്റെ ഭാഗമായി 1700കളിലെ വ്യവസായപൂർവ ക്യാപിറ്റലിസ്റ്റ്‌ സമൂഹത്തിൽ രൂപം കൊണ്ട പൊതുമണ്ഡലം ഹോബ്സ്, ഇമ്മാനുവേൽ കാന്റ്, ജോൺ ലോക്ക് തുടങ്ങിയ പൊളിറ്റിക്കൽ ലിബറലിസ്റ്റ്‌ സൈദ്ധാന്തികരുടെ ദർശനങ്ങളിൽനിന്നും ചൈതന്യമുൾക്കൊണ്ട്‌ വളരുകയും കോഫീ ഹൗസുകളിലും മറ്റും നടക്കുന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും കരുത്താർജിക്കുകയും പത്രങ്ങളുടെയും ജേർണലുകളുടെയും ആവിർഭാവത്തോടെ പ്രോജ്വലിക്കുകയും എന്നാൽ കാലക്രമേണ ക്യാപിറ്റലിലിസ്റ്റ്‌ താല്പര്യങ്ങളിൽപ്പെട്ടു നൈതികമായും ധാർമികമായും അധഃപതിക്കുകയും ചെയ്തു എന്ന് ഹേബർമാസ് നിരീക്ഷിക്കുന്നു. സക്രിയമായ പങ്കാളിത്ത  ബൂർഷ്വാ പൊതുമണ്ഡലം മാസ്സ് മീഡിയയാലും ഉപരിവർഗതാല്പര്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ക്യാപിറ്റലിസ്റ്റ്‌ വ്യവസായ സമൂഹത്തിനു വഴിമാറി. രാഷ്ട്രീയ സാമ്പത്തിക മാധ്യമ മേഖലയിലെ ഉപരിവർഗം പൊതുജനാഭിപ്രായത്തെ നിയന്ത്രണവിധേയമാക്കിയും സംവാദത്തെയും ചർച്ചകളെയും ചിന്തകളെയും അട്ടിമറിച്ചും വ്യവസ്ഥയുടെ സൂക്ഷ്മസ്പന്ദനങ്ങളെവരെ നിയന്ത്രിക്കുന്നു. സർഗാത്മക സംവാദങ്ങളിലൂടെ പൊതുജനാഭിപ്രായങ്ങൾ രൂപീകരിക്കുകയും അവയെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തുകൊണ്ട് ജനാധിപത്യ പ്രക്രിയയെ ചലനാത്മകമായി നിലനിർത്തിയ മാധ്യമ സൃഷ്ടിയായ ബൂർഷ്വാ പൊതുമണ്ഡലം പൊതുവ്യവഹാരങ്ങളെ നിർമിക്കുകയും രൂപപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന, മധ്യവർഗമൂല്യങ്ങളെ താലോലിക്കുന്ന ജനാധിപത്യവിരുദ്ധ പൊതുമണ്ഡലമായി രൂപാന്തരപ്പെട്ടതിന്റെ യൂറോപ്യൻ ചരിത്രമാണ് ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം എന്ന ഗ്രന്ഥത്തിൽ ഹേബർമാസ് പറയുന്നത്. സമാനമായ ഒരു സാഹചര്യം കൂടുതൽ സങ്കീർണവും പ്രക്ഷുബ്ധവുമായ അവസ്ഥയിൽ ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്നുണ്ട് എന്ന് മാധ്യമചരിത്രത്തിന്റെ സ്ഥൂലവായനയിൽ തന്നെ ആർക്കും ബോധ്യപ്പെടും. ജാത്യാധികാര ബന്ധങ്ങൾ ശക്തമായി നിലനിന്ന ഇന്ത്യൻ സാമൂഹ്യഘടനയുടെ ജഡാവസ്ഥ അല്പമെങ്കിലും ചലനാത്മകമാകുന്നത്‌ കൊളോണിയൽ വിദ്യാഭ്യാസത്തിന്റെയും മിഷനറി പ്രവർത്തനങ്ങളുടെയും ഭാഗമായാണ്. ചരിത്രപരമായ കാരണങ്ങളാൽ ജ്ഞാനലബ്‌ധി നിഷേധിക്കപ്പെട്ട ഒരു വലിയ സമൂഹം അറിവിന്റെയും സ്വത്വബോധത്തിന്റെയും നവലോകത്തിലേക്കു കാലെടുത്തുവയ്ക്കുന്നത്‌ കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ഫലമായാണ്. അറിവുനേടിയ ഇന്ത്യൻ ജനത അടിമജീവിതത്തിന്റെ അന്തസ്സില്ലായ്മയെ തിരിച്ചറിയുകയും ഒരേ സമയം സാമ്രാജ്യത്വ അധിനിവേശത്തെയും ആഭ്യന്തര ജാതിവിവേചനത്തെയും വെല്ലുവിളിക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ കൊച്ചുകൊച്ചു കൂട്ടായ്മകൾക്കും അമ്പലങ്ങളിലെയും പള്ളികളിലെയും മറ്റും ഒത്തുചേരലുകൾക്കുമപ്പുറത്ത്‌ സർവരെയും ഒരു പൊതുചരടിൽ ബന്ധിപ്പിക്കുന്ന ചർച്ചകളുടെയും സംവാദങ്ങളുടെയും രാഷ്ട്രീയ അന്തരീക്ഷം സംജാതമായത് പത്രങ്ങളുടെ ആഗമനത്തോടെയാണ്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലുമായി പുറത്തിറങ്ങിയ പത്രങ്ങളും ലഘുലേഖകളും ഇന്ത്യൻ ദേശീയ വികാരത്തെ രൂപപ്പെടുത്തുകയും നാൾക്കുനാൾ അതിനെ പ്രബലപ്പെടുത്തുകയും ചെയ്തു. ഇന്ത്യയിൽനിന്നും പുറത്തിറങ്ങിയ ആദ്യ പത്രം 1780ൽ പ്രസിദ്ധീകരണം ആരംഭിച്ച ‘ബംഗാൾ ഗസറ്റ്‌’ എന്ന ഇംഗ്ലീഷ് പത്രമാണ്. ആദ്യ പത്രം എന്ന അക്കാദമിക പരിഗണകൾക്കപ്പുറത്ത്‌ മറ്റെന്തെങ്കിലും പ്രാധാന്യം, കമ്പനി ഉദ്യോഗസ്ഥന്മാരുടെ ചെയ്തികളെക്കുറിച്ച്‌ പരദൂഷണം  നടത്തിയിരുന്ന ബംഗാൾ ഗസറ്റിന്  അവകാശപ്പെടാനില്ല. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ പുറത്തിറങ്ങിയ ആദ്യകാല പ്രസിദ്ധീകരണങ്ങൾ മത ഉദ്‌ബോധനങ്ങൾ നടത്തിയിരുന്ന മിഷനറി സ്വഭാവത്തിലുള്ളതായിരുന്നു. എന്നാൽ ഇന്ത്യൻ ജനതയുടെ മനസ്സിൽ സ്ഥിതിസമത്വം, ശാസ്ത്രബോധം, മതനിരപേക്ഷത തുടങ്ങിയ ആധുനിക കാഴ്ചപ്പാടുകളുടെയും ദേശീയതയുടെയും ബീജാവാപം നടത്തി ജാതിമത ചട്ടക്കൂടുകളെ അസ്ഥാനത്താക്കി ചലനാത്മകമായ ഒരു പൊതുമണ്ഡലം രൂപപ്പെടുത്തിയത് ദേശീയപ്രസ്ഥാനത്തിന്റെ അമരക്കാരും ഉത്പതിഷ്ണുക്കളുമായവർ ആരംഭിച്ച പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ്. അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പടനയിച്ച റാം മോഹൻ റോയ് ആണ് അതിൽ പ്രമുഖൻ. ബംഗാളി ഭാഷയിൽ ‘സമ്പദ് കൗമുദി’, പേർഷ്യൻ ഭാഷയിൽ ‘മിറാറ്റ്‌ ഉൽ അക്ബർ’ എന്നീ പത്രങ്ങളാണ് റാം മോഹൻ റോയുടെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിച്ചത്.“നമ്മുടെ ദേശക്കാരുടെ ബൗദ്ധികവും ധാർമികവുമായ പുരോഗതി ആഗ്രഹിക്കുന്നവരുടെ സഹായവും സഹകരണവും” തേടിക്കൊണ്ടാണ് അദ്ദേഹം സമ്പദ് കൗമുദി ആരംഭിക്കുന്നത്. സതി എന്ന അനാചാരത്തിനെതിരെ പോരാടാൻ തന്റെ പത്രത്തിന്റെ താളുകൾ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു. അതോടൊപ്പം ഇന്ത്യൻ ദേശീയതയെ ഉയർത്തിപ്പിടിക്കുവാനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചൂഷണ സമ്പ്രദായങ്ങളെ വിമർശനാത്മകമായി വിലയിരുത്താനും പരിശ്രമിച്ചു. ബാലഗംഗാധര തിലകൻ, മഹാത്മാ ഗാന്ധി, ബിബിൻ ചന്ദ്ര പാൽ, ദാദാഭായ് നവറോജി തുടങ്ങിയ പ്രമുഖ നേതാക്കളും തങ്ങളുടെ ആശയ പ്രചാരണത്തിനായി പത്രങ്ങൾ ആരംഭിക്കുന്നുണ്ട്. തിലകൻ മറാത്തി ഭാഷയിൽ ‘കേസരി’,  ഇംഗ്ലീഷിൽ ‘മറാത്ത’ എന്നീ പത്രങ്ങൾ തുടങ്ങി. ഗാന്ധി സൗത്ത് ആഫ്രിക്കയിൽവച്ച് തന്നെ പത്രപ്രവർത്തനത്തിന്റെ രാഷ്ട്രീയ മൂല്യം തിരിച്ചറിയുകയും ‘ഇന്ത്യൻ ഒപ്പീനിയൻ’ എന്ന പത്രം ആരംഭിക്കുകയും ചെയ്തു. ഹരിജൻ, യങ് ഇന്ത്യ തുടങ്ങിയ പത്രങ്ങൾ അദ്ദേഹം ഇന്ത്യയിൽനിന്നും പ്രസിദ്ധീകരിച്ചു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനും ക്രിയാത്മകമായ ഒരു പൊതുമണ്ഡലം ഒരുക്കുന്നതിൽ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലുമായി ഇറങ്ങിയ പത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്‌. നിൽ ദർപൻ, ദി ഹിന്ദു, പാട്രിയറ്റ്‌, ഇന്ത്യൻ മിറർ, ദി പയനിയർ, അമൃത് ബസാർ പത്രിക തുടങ്ങിയ പത്രങ്ങൾക്ക്‌ അക്കാലത്ത്‌ വലിയ വായനസമൂഹത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനും ക്രിയാത്മകമായ ഒരു പൊതുമണ്ഡലം ഒരുക്കുന്നതിൽ ഇന്ത്യൻ പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലുമായി ഇറങ്ങിയ പത്രങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്‌. നിൽ ദർപൻ, ദി ഹിന്ദു, പാട്രിയറ്റ്‌, ഇന്ത്യൻ മിറർ, ദി പയനിയർ, അമൃത് ബസാർ പത്രിക തുടങ്ങിയ പത്രങ്ങൾക്ക്‌ അക്കാലത്ത്‌ വലിയ വായനസമൂഹത്തെ ആകർഷിക്കാൻ കഴിഞ്ഞിരുന്നു. മലയാളത്തിൽ മലയാള മനോരമ, മാതൃഭൂമി, കൗമുദി, സ്വദേശാഭിമാനി തുടങ്ങിയ പത്രങ്ങളും, കോളനിവിരുദ്ധവും ജാതിവിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ച, മലയാളി സമൂഹത്തെ ആധുനികവൽക്കരിച്ച പത്രങ്ങളാണ്. ആധുനിക വിദ്യാഭ്യാസം നേടിയ ദേശീയ ഉപരിവർഗ ബൂർഷ്വാ ബുദ്ധിജീവികളെയാണ് പ്രധാനമായും അത്തരം പത്രങ്ങൾ സ്വാധീനിച്ചത് എങ്കിലും സമരോത്സുകരായ സാധാരണക്കാരിലേക്കും കോളനിവിരുദ്ധവും ജാതിവിരുദ്ധവുമായ സന്ദേശങ്ങൾ വ്യാപിക്കാൻ അത്തരം ഇടപെടലുകൾ സഹായകരമായി. കൊളോണിയൽ കാലഘട്ടത്തിലെ പത്രപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. 1878ലെ വെർണക്കുലർ പ്രസ് ആക്ട്, 1908ലെ ന്യൂസ് പേപ്പർ ആക്ട്, 1910ലെ പ്രസ് ആക്ട്, 1911ലെ പ്രെവെൻഷൻ ഓഫ് സെഡിഷ്യസ് മീറ്റിംഗ്‌സ് ആക്ട് തുടങ്ങിയ കരിനിയമങ്ങൾ സ്വതന്ത്ര പത്രപ്രവർത്തനത്തെയും അതുവഴി സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയ പ്രചാരണങ്ങളെയും തടയുവാൻ വേണ്ടി സമയാസമയങ്ങളിൽ ബ്രിട്ടീഷ് അധികാരികൾ നടപ്പിലാക്കി. അധികാര കേന്ദ്രത്തിനെതിരെ ഉയർത്തുന്ന ചെറിയ ചോദ്യങ്ങൾപോലും അസഹിഷ്ണുതയോടെയേ അവർ നോക്കിക്കണ്ടിരുന്നുള്ളൂ. ബ്രിട്ടീഷുകാരായ പത്ര ഉടമകൾക്കുപോലും ഇക്കാര്യത്തിൽ അയവുണ്ടായിരുന്നില്ല. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്ന കൽക്കട്ട ജേർണൽ എന്ന പത്രത്തിന്റെ സ്ഥാപകൻ സർ ജെയിംസ് സിൽക്ക് ബുക്കിൻഹാമിനെ ഇന്ത്യയിൽനിന്നും നാടുകടത്തുകയും അദ്ദേഹത്തിന്റെ പത്രം അടച്ചുപൂട്ടുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിപൂർണ പിന്തുണ അന്ന് തന്റെ പത്രപ്രവർത്തന സംരംഭങ്ങളിൽറാം മോഹൻ റോയിക്കു ലഭിച്ചിരുന്നു. അധികാരികൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുകയാണ് പത്രപ്രവർത്തകന്റെ പ്രാഥമിക ഉത്തരവാദിത്വം എന്ന് വിശ്വസിച്ചിരുന്ന ജെയിംസ് ബുക്കിൻഹാമുമായിട്ടുള്ള അടുപ്പം നിമിത്തം റോയി ബ്രിട്ടീഷുകാരുടെ സംശയത്തിന്റെ നിഴലിലായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ പ്രസ്സിനെതിരേ കൊളോണിയൽസർക്കാർ 1823 ൽ കൊണ്ടുവന്ന പ്രസ് ഓർഡിനൻസിനോടുള്ള പ്രതിഷേധ സൂചകമായി മിറാറ്റ് ഉൽ അക്ബർ റോയ് അടച്ചുപൂട്ടി. 1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വതന്ത്ര പത്രപ്രവർത്തനം വീണ്ടും വെല്ലുവിളിയിലായപ്പോൾ ഗാന്ധി ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്: ‘‘അടിച്ചമർത്തലിന്റെ ഭീഷണിയിൽ വിട്ടുവീഴ്ചചെയ്തു പത്രം പ്രസിദ്ധീകരിക്കുന്നതിനേക്കാൾ നല്ലത് പത്രം പുറത്തിറക്കാതിരിക്കുന്നതാണ്”. 1942 ൽ ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വതന്ത്ര പത്രപ്രവർത്തനം വീണ്ടും വെല്ലുവിളിയിലായപ്പോൾ ഗാന്ധി ഇങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്: ‘‘അടിച്ചമർത്തലിന്റെ ഭീഷണിയിൽ വിട്ടുവീഴ്ചചെയ്തു പത്രം പ്രസിദ്ധീകരിക്കുന്നതിനേക്കാൾ നല്ലത് പത്രം പുറത്തിറക്കാതിരിക്കുന്നതാണ്”. രാഷ്ട്രീയപ്രബുദ്ധതയുള്ള ഒരു പൊതുമണ്ഡലത്തിന്റെ സൃഷ്ടിക്ക് കൊളോണിയൽ കാലത്തെ പത്രങ്ങൾ സുധീരം നിലയുറപ്പിച്ചിരുന്നു എങ്കിലും സ്വാതന്ത്ര്യാനന്തരം ഒരു ബദൽ ആഖ്യാനസൃഷ്‌ടിക്കുള്ള സ്ഥൈര്യവും ധീരതയും കാലക്രമേണ നമ്മുടെ മാധ്യമ ലോകത്തിനു നഷ്ടമാകുന്നതിനാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. നഗരങ്ങളിലും ചില ഗ്രാമങ്ങളിലുമായി പ്രവർത്തിച്ചിരുന്ന ചെറുകിട പ്രസ്സുകൾ വമ്പൻ മീഡിയ ഹൗസുകളുടെ ആവിർഭാവത്തിനു വഴിമാറിയതോടെ മൂലധനശക്തികൾ മാധ്യമരംഗം കീഴടക്കുകയും കോർപറേറ്റ് താല്പര്യങ്ങൾക്കു മുൻഗണന ലഭിക്കുകയും ചെയ്തു. അധഃസ്ഥിതരുടെയും പാർശ്വവൽക്കരിക്കപ്പെടുന്നവരുടെയും ശബ്ദങ്ങൾ രേഖപ്പെടുത്താതെ പോവുകയും വ്യാജസമൃദ്ധിയുടെ അതിശയോക്തിപരമായ അവതരണങ്ങൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുകയും ചെയ്യുന്നു. പ്രസിദ്ധ മാധ്യമ പ്രവർത്തകനായ പി സായ്‌നാഥ് തന്റെ നീറോസ് ഗസ്റ്റ്സ് എന്ന ഡോക്യുമെന്ററിയിൽ ഇങ്ങനെ രോഷം കൊള്ളുന്നു: ‘‘ലാക്മയുടെ ബ്യൂട്ടി പേജിയന്റ് കവർ ചെയ്യാൻ 512 പ്രമുഖ മാധ്യമ പ്രവർത്തകർ എത്തിയപ്പോൾ അവിടെ നിന്നും ഒരു മണിക്കൂർ മാത്രം അകലെയുള്ള വിദർഭയിൽ ആയിരക്കണക്കിന് കർഷകർ ആത്മഹത്യ ചെയ്യുന്നത് റിപ്പോർട്ട്‌ ചെയ്യാൻ ആരുമുണ്ടായിരുന്നില്ല”.  ഇവിടെയാണ് മാധ്യമങ്ങളുടെ സമകാലിക മുൻഗണനകൾ നമ്മൾ തിരിച്ചറിയേണ്ടത്. ഭരണകൂടവും സാമ്പത്തിക ക്രമവും മൂലധനതാല്പര്യങ്ങളും അധികാരബന്ധങ്ങളും സങ്കീർണമായി സമന്വയിക്കുന്ന നൈതിക ശൂന്യതയുടെ ഇടമായി മാധ്യമലോകം മാറിപ്പോയിരിക്കുന്നു എന്നതാണ് വാസ്തവം. കോർപറേറ്റ് താല്പര്യങ്ങളും കുത്തക താല്പര്യങ്ങളും മാധ്യമലോകത്തെ വിഴുങ്ങുമെന്ന്‌ മുൻധാരണയുള്ളതുകൊണ്ടുകൂടിയായിരുന്നു നെഹ്‌റു പ്രസ് കമ്മീഷനെ നിയോഗിക്കുന്നത്. മാധ്യമ മുതലാളിമാരുടെ തിട്ടൂരങ്ങൾക്കു വശംവദരാവാത്ത ഒരു പത്രപ്രവർത്തന സംസ്കാരം ഇന്ത്യയിൽ ഉണ്ടാവണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ 1952‐ 54 ലെ പ്രസ് കമ്മീഷൻ റിപ്പോർട്ട്‌  പ്രകാരം തന്നെ സ്വതന്ത്ര ഇന്ത്യയിൽ ന്യൂസ്‌പേപ്പർ ഉടമസ്ഥതയുടെ കാര്യത്തിൽ വൻതോതിലുള്ള കേന്ദ്രീകരണം (കോൺസ്ട്രഷൻ) സംഭവിക്കുന്നുണ്ട് എന്ന് വ്യക്തമായിരുന്നു. ഏതാനും ചില തൽപ്പരകക്ഷികളുടെ കൈയിൽ മാത്രം ഇന്ത്യൻ മാധ്യമലോകം കേന്ദ്രീകരിക്കപ്പെടുന്നത് തടയാൻ വേണ്ട നിർദേശങ്ങൾ പ്രസ് കമ്മീഷൻ മുന്നോട്ടുവച്ചു. എങ്കിലും 1982 ലെ പ്രസ് കമ്മീഷനും സമാനമായ, എന്നാൽ കൂടുതൽ കുത്തകവൽക്കരിക്കപ്പെട്ട മാധ്യമ ആവാസവ്യവസ്ഥയെയാണ് പഠനവിധേയമാക്കേണ്ടിവന്നത്. ഇത്തവണ പത്രമാധ്യമരംഗത്തെ ഇതരവ്യവസായങ്ങളിൽനിന്നും പരിപൂർണമായും വിടുതൽ ചെയ്യണമെന്ന നിർദേശമാണ് പ്രസ് കമ്മീഷൻ പ്രകടിപ്പിച്ചത്. അതായത്‌ ഒരാൾ മാധ്യമ മുതലാളി ആയിരിക്കെത്തന്നെ ഇതര വ്യവസായങ്ങളിലും മുതൽ മുടക്കുകയും സ്വന്തം വ്യവസായ താല്പര്യങ്ങൾ നേടിയെടുക്കാൻവേണ്ടി തന്റെ മാധ്യമത്തെ ഉപയോഗിക്കുകയും ചെയ്യുന്ന അനഭിലഷണീയമായ അവസ്ഥ ഒഴിവാക്കുന്നതാണ് ഹിതകരം എന്നാണ് കമ്മീഷൻ പറയുന്നത്. എന്നാൽ വ്യക്തിജീവിതവും സാമൂഹ്യജീവിതവും ആഗോളമായി നിരന്തരം കമ്പോളവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്ത്‌ ക്യാപിറ്റലിസ്റ്റ്‌ സമ്പദ് വ്യവസ്ഥയുടെ പ്രചാരകരായും പ്രയോക്താക്കളായും വർത്തിക്കാൻ മാത്രമേ  മഹാഭൂരിപക്ഷം മാധ്യമങ്ങൾക്കും കഴിയുന്നുള്ളൂ എന്നതാണ് പരമാർഥം. മിക്ക മാധ്യമങ്ങളും അവരുടെ വരുമാനത്തിനായി അതിന്റെ വരിക്കാരുടെ വരിസംഖ്യയെയല്ല മറിച്ച്‌ പരസ്യങ്ങളെയാണ് ആശ്രയിക്കുന്നത് എന്ന് നമുക്കറിയാം. പരസ്യദാതാക്കൾ പിണങ്ങിയാൽ അത് മാധ്യമ പ്രവർത്തനത്തെ ബാധിക്കും. മലയാളത്തിലെ ഒരു പ്രമുഖ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഒരു നോവലുമായി ബന്ധപ്പെട്ട്‌ അത് ഹിന്ദുവിരുദ്ധമാണെന്ന വിവാദമുണ്ടായപ്പോൾ ഒരു പ്രമുഖ ജൂവല്ലറിക്കാർ പത്രത്തിലെ പരസ്യം പിൻവലിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പത്രാധിപർ വാരികയിൽനിന്നും നോവൽ പിൻവലിക്കുകയും ചെയ്തു. കോവിഡ് കാലത്ത്‌ ഇന്ത്യൻ ജനത അനുഭവിച്ച ദുരിതങ്ങൾ ചില മാധ്യമങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തപ്പോൾ അത്തരം മാധ്യമങ്ങളിൽനിന്നും ഗവണ്മെന്റ് പരസ്യങ്ങൾ പിൻവലിക്കുകയും അതിന്റെ ഫലമായി മാധ്യമങ്ങളിലെ കോവിഡ് വാർത്തകളുടെ വിമർശനസ്വരം ഇല്ലാതാവുകയും ചെയ്തു എന്ന് സായ്‌നാഥ് ഒരു പ്രഭാഷണത്തിൽ പറയുന്നുണ്ട്. കമ്പോളത്തെ നിലനിർത്താനും ആയാസരഹിതമായി പ്രവർത്തിക്കാനുമുള്ള വേദിയൊരുക്കുകയാണ് ആഗോളവൽകൃത ലോകത്തിൽ മാധ്യമങ്ങളുടെ ധർമം എന്ന് നൈതികലേശമന്യേ  ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതിനായി മാധ്യമങ്ങൾ “ജനാധിപത്യപ്രക്രിയയിൽ ഇടപെടുകയും വാർത്തകളുടെ ഒഴുക്കിനെ നിയന്ത്രിക്കുകയും പൊതു ആശയവിനിമയങ്ങളെ അധികാര താല്പര്യങ്ങൾക്കുവേണ്ടി മാനേജ് ചെയ്യുകയും പൊതുസംവാദങ്ങളിലെ ബദൽ ശബ്ദങ്ങളെ പുറന്തള്ളുകയും ചെയ്യുന്നു” എന്ന് മാധ്യമ പണ്ഡിതൻ റോബർട്ട് പിക്കാർഡ് ആശങ്കപ്പെടുന്നുണ്ട്. മാധ്യമ മേഖലയിൽ നടക്കുന്ന വൻതോതിലുള്ള ഒലിഗോപൊലി (ഒരു കൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ)യുടെ ആവിർഭാവം വാർത്തകളെയും കമ്പോളത്തെയും ഭരണകൂടത്തെയും ചൊല്പടിക്കുനിർത്താനും കോർപറേറ്റ് ശക്തികളെ സജ്ജരാക്കുന്നു. വ്യത്യസ്ത മാധ്യമ വ്യവസായങ്ങളിൽ ഒരേസമയം നിക്ഷേപം നടത്തിക്കൊണ്ടാണ് (ക്രോസ്സ്‌ മീഡിയ ഓണർഷിപ്)പ്രധാനമായും മാധ്യമഭീമന്മാർ സമൂഹം എന്തു വായിക്കണം, കേൾക്കണം, കാണണം എന്നതിൽ വലിയ  സ്വാധീനം ചെലുത്തുന്നത്. അനുരാധ ഭട്ടാചാർജിയും അനുഷി  അഗർവാളും പ്രധാനപ്പെട്ട ഇന്ത്യൻ മാധ്യമ കമ്പനികളുടെ അധികാരത്തെക്കുറിച്ച്‌ നടത്തിയ പഠനത്തിൽ ബി സി സി എൽ ഗ്രൂപ്പ്‌, ജാഗ്രൺ ഗ്രൂപ്പ്‌, ഹിന്ദുസ്ഥാൻ ടൈംസ്  ഗ്രൂപ്പ്‌, ഇന്ത്യ ടുഡേ ഗ്രൂപ്പ്‌, നെറ്റ്‌വർക്ക് 18 ഈനാട് ഗ്രൂപ്പ്‌, റീലിൻസ് ഇൻഡസ്ട്രീസ്, സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡ്, സൺ നെറ്റ്‌വർക്ക് എന്നീ വൻകിട മാധ്യമസ്ഥാപനങ്ങൾ എവ്വിധമാണ് ഒരേസമയം വിവിധങ്ങളായ മാധ്യമസംരംഭങ്ങളിൽ ഏർപ്പെടുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഉദാഹരണത്തിന് ബി സി സി എൽ ഗ്രൂപ്പിന് വിവിധങ്ങളായ മീഡിയ ഔട്‌ലെറ്റുകളിലും പ്രസിദ്ധീകരണങ്ങളിലും സാന്നിധ്യമുണ്ട്. മ്യൂസിക്കിലും സിനിമയിലും സാമ്പത്തിക സേവനങ്ങളിലും ഇവെന്റ്‌ മാനേജ്മെന്റിലും റിയൽ എസ്റ്റേറ്റ് മേഖലയിലും മറ്റുമായി വലിയ വ്യവസായ സാമ്രാജ്യമാണ് ഗ്രൂപ്പിനുള്ളത്. ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നായ ടൈംസ് ഓഫ് ഇന്ത്യ ഈ ഗ്രൂപ്പിന്റേതാണ്. കൂടാതെ ഫെമിന, ഫിലിംഫെയർ തുടങ്ങിയ മാഗസിനുകളും അവർ പ്രസിദ്ധീകരിക്കുന്നു. 17 പ്രാദേശികഭാഷ വാർത്താചാനലുകളുള്ള നെറ്റ്‌വർക്ക് 18 ഈനാട് ഗ്രൂപ്പിന് മാധ്യമമേഖലയോടൊപ്പം തന്നെ പെട്രോളിയം, ടെലികമ്യൂണിക്കേഷൻ, ഊർജം, റിയൽ എസ്റ്റേറ്റ്, ഇ കോമേഴ്‌സ് തുടങ്ങിയ മേഖലകളിലുൾപ്പെടെ ശക്തമായ സാന്നിധ്യമുണ്ട്. ഒലിഗോ പോളിയുടെയും ക്രോസ്സ് മീഡിയ ഉടമസ്ഥതയുടെയും ഫലമായി മുതലാളിത്തത്തിന് കൈവരിക്കാനാവുന്ന സമഗ്രാധികാരം അവരെ വ്യവസായ ഗ്രൂപ്പിന്റെയോ രാഷ്ട്രീയ കക്ഷികളുടേയോ ഏജന്റുമാരോ അതിന്റെ തന്നെ അനുബന്ധമോ ആക്കി മാറ്റും എന്ന്  ഇവർ നിരീക്ഷിക്കുന്നു. ഉദാഹരണത്തിന് സൺ നെറ്റ്‌വർക്ക്  സ്ഥാപകനായ കലാനിധി മാരൻ ഡി എം കെ നേതാവും മുൻ കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രിയുമായ ദയാനിധി മാരന്റെ സഹോദരനും മുൻ കേന്ദ്രമന്ത്രി മുരസൊലി മാരന്റെ മകനുമാണ്. വൻ കോളിളക്കമുണ്ടാക്കിയ 2 ജി സ്പെക്ട്രം കേസുമായി ബന്ധപ്പെട്ടു രണ്ടുപേർക്കുമെതിരെയും മറ്റ് മുതിർന്ന ഡി എം കെ നേതാക്കൾക്കെതിരെയും നടന്ന അന്വേഷണങ്ങൾ ഭരണകൂടവും മാധ്യമ വ്യവസായതാല്പര്യങ്ങളും തമ്മിലുള്ള അവിഹിത കൂട്ടുകെട്ടിന് ഉദാഹരണമാണ്.  NDTV യിൽ സംഭവിക്കുന്ന മാറ്റത്തെയും നമുക്ക് ഈ രീതിയിൽ വിലയിരുത്താം. 2017 നു ശേഷം നിധി രസ്‌ദാനും സാമ്പത് പത്രയും തമ്മിലുണ്ടായ വാഗ്വാദത്തിനുശേഷം ബിജെപി നേതാക്കൾക്ക് NDTV  സ്റ്റുഡിയോയിൽ ക്ഷണമുണ്ടായിരുന്നില്ല. എന്നാൽ സ്ഥാപനം അദാനി ഏറ്റെടുത്തതിനുശേഷം പല ബിജെപി നേതാക്കളെയും അവർ ഇന്റർവ്യൂ ചെയ്തുതുടങ്ങിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂൺ എന്ന നിലയിൽ പൊതുജനാഭിപ്രായത്തിന്റെ കാവലാളുകളായ മാധ്യമങ്ങൾ തങ്ങളുടെ രാഷ്ട്രീയദൗത്യം പൂർണമായും വിസ്മരിച്ചുകൊണ്ട്‌ അധികാരവ്യവസ്ഥയുമായി അവിഹിതച്ചങ്ങാത്തത്തിലേർപ്പെടുന്ന അറപ്പുളവാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സ്വതന്ത്രവും സത്യസന്ധവുമായ ഇടപെടലുകളിലൂടെ അധികാരകേന്ദ്രങ്ങളെ അസ്വസ്ഥരാക്കേണ്ടവർ തങ്ങളുടെ അടിയന്തര നേട്ടങ്ങൾക്കായി അധികാരത്തിലിരിക്കുന്നവരുടെ പാദസേവചെയ്തുകൊണ്ടിരിക്കുന്നു. മൂലധനതാല്പര്യങ്ങളോടും അധികാരകേന്ദ്രങ്ങളോടുമുള്ള മാധ്യമങ്ങളുടെ വിനീതവിധേയത്വം ആത്യന്തികമായി ആഗോളതലത്തിൽ തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് ഇന്ധനമാവുന്നുണ്ട് എന്നത്‌ ഒരു യാഥാർഥ്യമാണ്. ഇന്ത്യയിൽനിന്നു മാത്രമല്ല ടർക്കിയിൽനിന്നും ഇസ്രയേലിൽനിന്നും ഹങ്കറിയിൽനിന്നും മറ്റും കേൾക്കുന്ന വാർത്തകൾ ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആശങ്കയിലാക്കുന്നു. മൂലധനതാല്പര്യങ്ങളോടും അധികാരകേന്ദ്രങ്ങളോടുമുള്ള മാധ്യമങ്ങളുടെ വിനീതവിധേയത്വം ആത്യന്തികമായി ആഗോളതലത്തിൽ തീവ്ര വലതുപക്ഷരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്ക് ഇന്ധനമാവുന്നുണ്ട് എന്നത്‌ ഒരു യാഥാർഥ്യമാണ്. ഇന്ത്യയിൽനിന്നു മാത്രമല്ല ടർക്കിയിൽനിന്നും ഇസ്രയേലിൽനിന്നും ഹങ്കറിയിൽനിന്നും മറ്റും കേൾക്കുന്ന വാർത്തകൾ ഏതൊരു ജനാധിപത്യ വിശ്വാസിയെയും ആശങ്കയിലാക്കുന്നു. പുതിയ മാധ്യമനിയന്ത്രണങ്ങൾ കൊണ്ടുവന്നും വിമർശിക്കുന്നവരെ ഭരണകൂട സംവിധാനമുപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയും വഴങ്ങുന്നവർക്കും സ്തുതിപാഠകർക്കും ആനുകൂല്യങ്ങളും ഇളവുകളും ചെയ്തുകൊണ്ടുമാണ് വലതുപക്ഷ പോപ്പുലിസ്റ്റ്‌ ഭരണകൂടങ്ങൾ മാധ്യമങ്ങളെ വരുതിയിലാക്കുന്നതു. വിക്ടർ ഓർബന്റെ നേതൃത്വത്തിൽ വലതുപക്ഷ സർക്കാർ അധികാരത്തിലിരിക്കുന്ന ഹങ്കറിയിൽ ഏതാണ്ട് 80 ശതമാനം മാധ്യമങ്ങളും ഭരണപക്ഷ കക്ഷികളുടെയോ അവരുടെ അനുയായികളുടെയോ ഉടമസ്ഥതയിലാണ്. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ വെള്ളപൂശാൻ എളുപ്പം സാധിക്കുന്നു. ഇസ്രയേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു അദ്ദേഹത്തിനനുകൂലമായ രീതിയിൽ വാർത്തകൾ നൽകിയ രണ്ടു പ്രധാനപ്പെട്ട മാധ്യമസ്ഥാപനങ്ങൾക്കു വേണ്ടി റെഗുലേറ്ററി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതിന്റെ പേരിൽ വിചാരണ നേരിട്ടിട്ടുണ്ട്. ഡൊണാൾഡ് ട്രംപ് റിപ്പബ്ലിക്കൻ പാർടിയെ വിമർശിക്കുന്ന പത്രങ്ങളുമായി സഹകരിച്ചിരുന്നില്ല. വലതുപക്ഷ പോപ്പുലിസ്റ്റ്‌ ഭരണകൂടങ്ങൾ അധികാരത്തിലിരിക്കുന്ന രാജ്യങ്ങളിലെ വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സ് ഏറെ താഴെയാണെന്നുകാണാം. ഭരണകൂടത്തെ എതിർക്കുന്ന മാധ്യമങ്ങളെ കെട്ടിച്ചമച്ച കേസിൽ കുടുക്കിയും പത്രപ്രവർത്തകരെ അവരുടെ വീടുകളിലും ഓഫീസുകളിലും റെയ്‌ഡ് ചെയ്തും ഭീഷണിപ്പെടുത്തുന്ന അനുഭവങ്ങൾ  നമ്മുടെ രാജ്യത്ത്  പുതിയ നോർമൽ ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. തീവ്രമായും മാധ്യമവൽക്കരിക്കപ്പെട്ട ലോകത്തിൽ പൗരന്മാരിൽ ദേശത്തെക്കുറിച്ചുള്ള സങ്കല്പം രൂപപ്പെടുന്നത് പ്രധാനമായും പത്രത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളുടെ സ്‌ക്രീൻ ഇമേജുകളിലൂടെയുമാണ്. ഇമേജുകളെയും വാർത്തകളെയും സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നതിലൂടെ ദേശസങ്കല്പത്തെ തന്നെ കപടമായി  നിർമിക്കാനും പ്രസരിപ്പിക്കാനും കഴിയും. കേരളത്തിലെ മതനിരപേക്ഷ പൊതുസമൂഹത്തെക്കുറിച്ച്‌  അഭിമാനിക്കുന്ന മലയാളിയോട്  കേരള സ്റ്റോറി കണ്ട ഇതര സംസ്ഥാനക്കാരൻ പ്രതികരിക്കുന്നത്  “നിങ്ങളുടെ മതനിരപേക്ഷത എന്നാൽ മുസ്ലിം പ്രീണനമല്ലേ” എന്നായിരിക്കും. ഹിന്ദുത്വയുടെ വക്താക്കൾ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളോളമായി ഇന്ത്യയിൽ അനുവർത്തിച്ചുപോരുന്ന പ്രചാരണ തന്ത്രവും ഇതുതന്നെയാണ്. പത്രങ്ങളെയും വാർത്താചാനലുകളെയും സിനിമാവ്യവസായത്തെപ്പോലും അനുക്രമം വരുതിയിലാക്കുകയും തങ്ങളുടെ ഇംഗിതത്തിനനുസരിച്ചുള്ള വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കാനും അല്ലാത്തവയെ തമസ്കരിക്കുവാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് അരിച്ചെടുത്ത ഒരു ദേശസങ്കല്പത്തെ ഹിന്ദുത്വയുടെ വക്താക്കൾ ഇന്ത്യൻ ജനതയിലേക്കു സന്നിവേശിപ്പിക്കുന്നത്. ഉദാഹരണത്തിന് ബിജെപിയുടെ രാജ്യസഭാ പ്രതിനിധിയായ വി വിജയേന്ദ്ര പ്രസാദ് (രാജമൗലിയുടെ പിതാവ്) തിരക്കഥയെഴുതുന്ന ബ്രഹ്മാണ്ഡ ചിത്രമായ  ഭഗ്‌വധ്വജ് ആർഎസ്എസിന്റെ ചരിത്രമാണ് പറയുന്നത്. ഇതേ വിജയേന്ദ്രപ്രസാദാണ് ബാഹുബലി സീരീസിന്റെയും RRR ന്റെയും പേനയുന്തിയത്. മേം അഠൽ ഹും, ഡോ.  ഹെഡ്ഗെവാർ, മേം ദീൻ ദയാൽ ഹും, ഗാന്ധി ഗോഡ്സെ ഏക് യുധ് തുടങ്ങി വരാനിരിക്കുന്ന ഒട്ടേറെ സംഘപരിവാർ  സിനിമകളുടെ ഗണത്തിലാണ് ഭഗ്‌വധ്വജ് എന്നാണ് ദി ഹിന്ദു റിപ്പോർട്ട്‌ ചെയ്യുന്നത്. പൊതുവെ സമൂഹത്തിൽ ആധിപത്യമുള്ള ഉഗ്ര പുരുഷ, ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെ ഉപജീവിച്ചാണ് ഇന്ത്യൻ പോപ്പുലർ സിനിമകൾ കൈയടിയും കറൻസിയും നേടുന്നത് എന്ന് നമുക്കറിയാം. എന്നാൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ സിനിമാ മേഖലയിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് ആശങ്കയോടെ കാണേണ്ടതുണ്ട്. RRRന്റെ ആഗോള സ്വീകാര്യത സവർണ മൗലിക വാദവും കൾച്ചറൽ എലീറ്റിസ്റ്റ് മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണോ എന്ന് അക്കാദമികമായും വിമർശനാത്മകമായും പരിശോധിക്കപ്പെടേണ്ടതുണ്ട്. RRRന്റെ ആഗോള സ്വീകാര്യത സവർണ മൗലിക വാദവും കൾച്ചറൽ എലീറ്റിസ്റ്റ് മുതലാളിത്തവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണോ എന്ന് അക്കാദമികമായും വിമർശനാത്മകമായും പരിശോധിക്കപ്പെടേണ്ടതുണ്ട്. കാഴ്ചയുടെ കാർണിവൽ മായാലോകം സൃഷ്ടിച്ച് ഹിന്ദുത്വ ദേശീയതയെ പ്രതിരോധ ദരിദ്രമായ തലച്ചോറുകളിൽ കുത്തിവയ്‌ക്കാനുള്ള ഇത്തരം നീക്കങ്ങളെ രാഷ്ട്രീയ ജാഗ്രതയോടെ സമീപിക്കേണ്ടതുണ്ട്. നവഉദാരവൽക്കരണത്തിന്റെ സാഹചര്യത്തിൽ കമ്പോളത്തിന്റെ അക്രമോത്സുകമായ വളർച്ചയുടെ ഭാഗമായി രൂപംകൊണ്ട യുക്തിശൂന്യവും അതിവൈകാരികവുമായ ഒരു സാമൂഹ്യക്രമത്തെയും അതിന്റെ ഉപോല്പന്നമായ പോപ്പുലിസ്റ്റ്‌ രാഷ്ട്രീയസംഘാടനങ്ങളെയും കാർണിവൽ സംസ്കാരത്തെയും തന്ത്രപരമായി സ്വാധീനിച്ചുകൊണ്ടാണ് തീവ്രവലതുപക്ഷ രാഷ്ട്രീയ അജണ്ടകൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. ന്യൂനപക്ഷവിരുദ്ധവും ദളിത്/ആദിവാസി വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ പ്രചാരണ ഉള്ളടക്കങ്ങളാണ് ഹിന്ദുത്വ അനുബന്ധ മാധ്യമങ്ങൾ, ബൗദ്ധിക പ്രതിരോധം അടിയറവുപറഞ്ഞ ജനതയ്‌ക്കുമേൽ വിളമ്പുന്നത്. അപരവൽക്കരണവും വിദ്വേഷ പ്രചാരണവും ദിനം പ്രതിയെന്നോണം പ്രിന്റ് / ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പ്രേക്ഷണം ചെയ്തുകൊണ്ടാണ് തീവ്രഹിന്ദുത്വ താല്പര്യങ്ങൾ മേൽക്കൈ നേടുന്നത്. ഗുജറാത്ത് കലാപം മുതൽ മണിപ്പൂർ കലാപം വരെയുള്ള സാമുദായിക കലാപങ്ങളിൽ ന്യൂനപക്ഷങ്ങളെ ലാക്കാക്കി നടത്തിപ്പോരുന്ന മാധ്യമ പ്രചാരണം പ്രത്യക്ഷത്തിൽ തന്നെ പക്ഷപാതപരവും വിദ്വേഷം വമിക്കുന്നതുമാണ്. ഗുജറാത്ത് കലാപകാലത്ത് പ്രാദേശികഭാഷാ പത്രങ്ങളും ചാനലുകളും മുസ്ലിം വിരോധം ആളിക്കത്തിച്ചതിനേക്കുറിച്ച്‌ എഡിേറ്റഴ്‌സ് ഗിൽഡ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത് സർക്കാർ പുറപ്പെടുവിച്ച ഔദ്യാഗിക പ്രസ് റിലീസിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ട ഗോധ്ര സംഭവത്തെ ‘മനുഷ്യത്വ രഹിത കൂട്ടക്കൊല’, ‘നേരത്തെ ആസൂത്രണം ചെയ്ത മനുഷ്യത്വ രഹിതമായ ഭീകരപ്രവർത്തനത്തിന്റെ ഹിംസാത്മകമായ പ്രവൃത്തി’ തുടങ്ങിയ പദാവലികളിൽ സൂചിപ്പിച്ചപ്പോൾ അനുബന്ധമായി ഉണ്ടായ മുസ്ലിം വംശഹത്യയെ ‘അസ്വസ്ഥത’(disturbance), ‘ഹിംസാത്മകമായ അസ്വസ്ഥത’ (violent disturbance) തുടങ്ങിയ മൃദൂക്തികളിലാണ് രേഖപ്പെടുത്തിയത് എന്ന് ആകാർ പട്ടേൽ, ദിലീപ് പഡ്ഗാവോൻകർ, ജി ബി വർഗീസ് തുടങ്ങിയവർ ഉൾപ്പെട്ട സമിതി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ എഡിേറ്റഴ്‌സ് ഗിൽഡിന്റെ വസ്തുതാപഠന റിപ്പോർട്ടിനെതിരെ തീവ്രവലതുപക്ഷത്തുനിന്നും വലിയ വിമർശനമാണുണ്ടായത്. മണിപ്പൂരിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട എഡിറ്റേഴ്സ് ഗിൽഡിന്റെ പ്രതിനിധികൾക്കെതിരെ, ഹിന്ദുത്വ അനുകൂല പ്രാദേശിക മാധ്യമങ്ങളെയും മണിപ്പൂർ സർക്കാരിനെയും വിമർശിച്ചതിന്റെ പേരിൽ സംഘർഷം വഷളാക്കാൻ കാരണക്കാരായി എന്ന് ആരോപിച്ച്‌ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതും ഹിന്ദുത്വ രാഷ്ട്രീയത്തിന് മാധ്യമ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയുടെ നേർസാക്ഷ്യങ്ങളാണ്. ഇന്ത്യൻ മാധ്യമങ്ങളുടെ മുസ്ലിം അപരവത്കരണത്തിന്റെ സമകാലിക ഉദാഹരണമാണ് കോവിഡ് 19 വ്യാപനത്തിന്റെ സമയത്ത് തബ്‌ലീഗ്‌ ജമാഅത് നിസാമുദീൻ മർകസിൽ സംഘടിപ്പിച്ച വൻ പൊതുയോഗത്തെ  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി. കോവിഡ്19ന്റെ പെട്ടെന്നുണ്ടായ വർധനവിനെയും തബ്‌ലീഗ്‌ ജമാഅത് സംഘടിപ്പിച്ച മതസമ്മേളനത്തെയും ബന്ധപ്പെടുത്തി ആഴ്ചകളോളം വലതുപക്ഷമാധ്യമങ്ങൾ ചർച്ചചെയ്യുകയും പ്രസ്തുത  സംഭവത്തെ ‘കൊറോണ ജിഹാദ്’ എന്ന് പോലും വിളിച്ച്‌ അപലപിക്കുകയും ചെയ്തു. ഇന്ത്യൻ മുസ്ലിങ്ങളുടെ ദേശസ്നേഹത്തെ സംശയബുദ്ധ്യാ നിരീക്ഷിക്കുന്ന ഇത്തരം മാധ്യമങ്ങൾ വർഗീയ അടിസ്ഥാനത്തിൽ പൗരസമൂഹത്തെ വിഭജിക്കുന്നതിൽ ഹിന്ദുത്വ ശക്തികൾക്ക് വലിയ പിന്തുണ നൽകുന്നുണ്ട്. വയനാട് പാർലമെന്റ്‌ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിയോടൊപ്പം പാറിയ മുസ്ലിം ലീഗിന്റെ കൊടിയെ പാകിസ്ഥാന്റേതായി ചിത്രീകരിക്കുന്നതിലും ഹിന്ദുത്വ ചായ്‌വുള്ള മാധ്യമങ്ങളും സംഘപരിവാറിന്റെ സോഷ്യൽ മീഡിയഗ്രൂപ്പുകളും ശ്രമിച്ചത് നമ്മൾ കണ്ടു. ഇങ്ങനെ ദേശദ്രോഹികളെ പാകിസ്ഥാനിലേക്ക് നാടുകടത്താൻ ആഹ്വാനം  ചെയ്യുന്ന, അദാനിക്കെതിരെ ഗൂഢാലോചന മണക്കുന്ന, മുസ്ലിം സെറ്റിൽമെന്റുകൾ ഇടിച്ചുനിരത്തുന്ന ബുൾഡോസറിൽ കയറി ‘ധീരനായ’ ഡ്രൈവറെ ഇന്റർവ്യൂ ചെയ്യുന്ന, റോഹിൻഗ്യൻ അഭയാർഥികളെ തീവ്രവാദികളായി അവതരിപ്പിക്കുന്ന, മോദിവിമർശകരെ ദേശവിരുദ്ധരായി പ്രഖ്യാപിക്കുന്ന, 16 മാസത്തോളം സമരമുഖത്ത് ആർജവത്തോടെ നിലയുറപ്പിച്ച കർഷകരെ ഖാലിസ്ഥാൻ വാദികളായി ചിത്രീകരിക്കുന്ന, ശബരിമലയിലെ സ്ത്രീപ്രവേശനം കമ്യൂണിസ്റ്റ് അജണ്ടയാണെന്നു തീർപ്പുകൽപ്പിക്കുന്ന വാർത്താ അവതാരകർ  തീവ്രഹിന്ദുത്വ രാഷ്ട്രീയത്തെ സമൂഹപൊതുബോധത്തിൽ ഉറപ്പിച്ചെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. ലോക്‌നിതി പ്രോഗ്രാമിന്റെ ഭാഗമായി സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റിസ് നടത്തിയ പഠനത്തിൽ മാധ്യമ ഉപഭോഗവും ബിജെപിക്കു ലഭിക്കുന്ന പിന്തുണയും തമ്മിൽ ബന്ധമുണ്ട് എന്ന് പറയുന്നുണ്ട്. റിപ്പബ്ലിക്ക് ചാനലിന്റെയും ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെയും ഉപഭോക്താക്കളാണ് കൂടുതലും ബിജെപി ചായ്‌വ് കാണിക്കുന്നത്‌ എന്നും പഠനം സൂചിപ്പിക്കുന്നു. അധികാരത്തിന്റെ ഇടനാഴിയിൽ അവിഹിത കൂട്ടുകെട്ടുണ്ടാക്കി ഭരണകൂടത്തിന്റെ തലോടലും പരിലാളനയും ഏറ്റുവാങ്ങുന്ന മുഖ്യധാര മാധ്യമങ്ങൾ അതിനാടകീയമായ വാർത്താവതരണത്തിലൂടെയും അതിവൈകാരികമായ സംവാദങ്ങളിലൂടെയും അടിസ്ഥാന മാധ്യമ ധാർമികതയെ കാറ്റിൽപ്പറത്തുക മാത്രമല്ല നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ ഘടനയിൽ വലിയ വിള്ളലുകൾ  സൃഷ്‌ടിക്കുന്നുമുണ്ട്. പ്രകോപനപരമായ സംവാദങ്ങൾ സംഘടിപ്പിക്കുന്ന 14ഓളം വാർത്ത അവതാരകരോട്  INDIA  ബ്ലോക്ക്‌ നിസ്സഹകരിക്കാൻ തീരുമാനമെടുത്തത് ഈ പശ്ചാത്തലത്തിലാണ്. മാധ്യമപണ്ഡിതരും സാമൂഹ്യചിന്തകരുമായ മാക്‌സ്‌വെൽ മകോമ്ബ്സും ഡൊണാൾഡ് ഷായും 1968ൽ വികസിപ്പിച്ച അജണ്ട സെറ്റിങ് സിദ്ധാന്തം എങ്ങനെയാണ് മാധ്യമങ്ങൾ വാർത്തകൾക്കു നൽകുന്ന മുൻഗണന പൊതുബോധത്തെ സ്വാധീനിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. മാധ്യമങ്ങൾ ഒരു പ്രത്യേക വാർത്തക്ക് ഇതരവാർത്തകളേക്കാൾ പ്രാധാന്യം നൽകുമ്പോൾ  അതേ വാർത്ത പ്രാധാന്യമുള്ളതായി പ്രേക്ഷകർ വിലയിരുത്തുന്നു എന്നാണ് അജണ്ട സെറ്റിങ് സിദ്ധാന്തം പറയുന്നത്. ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, ദളിത് / ന്യൂനപക്ഷ പീഡനങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയ കാതലായ വിഷയങ്ങളെ അവഗണിക്കുകയും പ്രതിമ നിർമാണത്തിനും പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിനും അയോധ്യയിലെ മന്ദിരനിർമാണത്തിലെ പൂജാദികർമങ്ങൾക്കും മുൻഗണന കൊടുക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യാജ ദേശസങ്കല്പത്തെ സൃഷ്ടിക്കാനും നിലനിർത്താനും വലതുപക്ഷ മാധ്യമങ്ങൾക്കു കഴിയുന്നുണ്ട്. ആകാശവാണിയുടെ കോഴിക്കോട് പ്രാദേശികനിലയത്തിൽപ്പോലും വാരണാസിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടത് മുഖ്യവാർത്തയാവുന്നത്‌ അതുകൊണ്ടാണ്. ഫ്രെയ്‌മിങ്, പ്രൈമിങ് തുടങ്ങിയ ജേർണലിസ്റ്റ്  തന്ത്രങ്ങൾ കാര്യക്ഷമമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മാധ്യമങ്ങൾ ഹിന്ദുത്വത്തിനുവണ്ടി പ്രചാരവേല നടത്തുന്നത്. പ്രേക്ഷകരുടെ മനസ്സിൽ അനുബന്ധമായ ചിന്തകളും ഇമേജുകളും ഉണർത്തുന്ന രീതിയിൽ ഇമേജുകളും വാർത്തകളും അവതരിപ്പിക്കുന്നതിനെയാണ് ഫ്രെയിമിങ് എന്നതുകൊണ്ട് അർഥമാക്കുന്നത്. പ്രേക്ഷകർ നടത്തുന്ന വിധിനിർണയം അവരുടെ മനസ്സിലേക്ക് അനുബന്ധമായ സന്ദർഭങ്ങളും ബന്ധങ്ങളും കടന്നുവരുന്നതിന്റെ ആയാസമനുസരിച്ചായിരിക്കും എന്നാണ് പ്രൈമിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിരന്തരവും സജീവവുമായ വാർത്താവതരണത്തിലൂടെ പ്രത്യേകവിഷയത്തെ പ്രേക്ഷകരിൽ ഉറപ്പിച്ചുനിർത്താൻ ഫ്രെയിമിങ്ങിലൂടെ സാധിക്കും. നരേന്ദ്രമോദിയെക്കുറിച്ചുള്ള അതിശയോക്തി കലർത്തിയ വാർത്തകളുടെ നൈരന്തര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ മൂലധനമായി മാറുന്നത് അതുകൊണ്ടാണ്. വാർത്തകളും ഇമേജുകളും അവതരിപ്പിക്കാനുള്ള ഫോക്കസും കോണ്ടെക്സ്റ്റും നിർണയിക്കുന്നതിലൂടെ വാർത്തകളുടെ ഒരു വശം മാത്രം പ്രേക്ഷകന് ലഭിക്കുന്നതിനെയാണ് ഫ്രെയിമിങ് എന്നു പറയുന്നത്. ഉദാഹരണത്തിന് നോട്ടുനിരോധനത്തിന്റെ സമയത്ത് ജനങ്ങൾ അനുഭവിച്ച ദുരിതത്തെയും യാതനകളെയും അവഗണിച്ച വലതുപക്ഷമാധ്യമങ്ങൾ കള്ളപ്പണം ഇല്ലാതാക്കാൻവേണ്ടിയുള്ള ത്യാഗമായാണ് അതിനെ വാഴ്ത്തിയത്. കൊറോണക്കാലത്ത്‌ സമ്പൂർണപരാജയമായിരുന്ന സർക്കാർ മെഷിനറികൾ ചില മാധ്യമങ്ങൾക്ക് കാര്യക്ഷമമായി പ്രവർത്തിച്ചു എന്ന് തോന്നിയതും അതുകൊണ്ടുതന്നെ. പെട്രോൾ, പാചകവാതക വിലവർധന മുതൽ ആൾക്കൂട്ട മർദനവും ഗോരക്ഷകരുടെ ചെയ്തികളും ന്യായീകരിക്കപ്പെടുന്നതും സങ്കുചിതമായ കാഴ്ചപ്പാടിലൂടെ വാർത്തകളെ അവതരിപ്പിക്കുന്ന മീഡിയ തന്ത്രത്തിന്റെ ഭാഗമായാണ്. 2018 നവംബറിൽ ബിബിസി സമർപ്പിച്ച ഒരു പഠന റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ വ്യാജവാർത്തകളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ വർധന 200 ശതമാനമാണ്. അതിൽത്തന്നെ തീവ്രദേശീയതയുമായി ബന്ധപ്പെട്ട വാർത്തകളാണ് മുന്നിൽനിൽക്കുന്നത്  എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോണുകളുടെ വ്യാപനത്തോടെ വ്യാജവാർത്തകളും അതിവൈകാരിക ഭാവത്തോടെ അവതരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചാരണവും അനിയന്ത്രിതമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. ഇന്ത്യയിൽ പത്തിൽ ഏഴുപേർക്ക് മൊബൈൽ ഫോൺ ഉണ്ടെന്നാണ് ഏകദേശ കണക്ക്. അതിൽ മൂന്നിൽ രണ്ടുപേരും സ്മാർട്ട് ഫോൺ ഉപഭോക്താക്കളാണ്. ഇതിൽ മഹാഭൂരിപക്ഷം പേരും അതുവഴി സാമൂഹ്യമാധ്യമങ്ങളുടെ ഉപയോക്താക്കളുമാണ്. വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ഒരു സമാന്തരലോകത്തുകൂടിയാണ് ഇന്ന് നമ്മൾ ജീവിക്കുന്നത്. ഉറവിടമേതെന്നറിയാത്ത വാർത്തകളെ അവയുടെ ആധികാരികതപോലും പരിശോധിക്കാതെ ഉൾക്കൊള്ളുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന രീതി അത്യന്തം അപകടകരമാണ്. വർഗീയപ്രചാരണത്തിനും വംശീയവും ജാതീയവും കുടിയേറ്റ വിരുദ്ധവും സെക്സിസ്റ്റുമായ വാർപ്പുമാതൃക നിർമിതിക്കും ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്രതലമാണ് സോഷ്യൽ മീഡിയയുടേത്. ആഭാസകരമായ കമന്റുകളിലൂടെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും  എതിർചേരിയിലുള്ളവരെ എവ്വിധേനയും തറപറ്റിക്കാനുള്ള ശ്രമമാണ് പലപ്പോഴും വലിയ സംഘർഷങ്ങളിലേക്കു നയിക്കുന്നത്. വർഗീയപ്രചാരണത്തിനും വംശീയവും ജാതീയവും കുടിയേറ്റ വിരുദ്ധവും സെക്സിസ്റ്റുമായ വാർപ്പുമാതൃക നിർമിതിക്കും ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പ്രതലമാണ് സോഷ്യൽ മീഡിയയുടേത്. ആഭാസകരമായ കമന്റുകളിലൂടെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും  എതിർചേരിയിലുള്ളവരെ എവ്വിധേനയും തറപറ്റിക്കാനുള്ള ശ്രമമാണ് പലപ്പോഴും വലിയ സംഘർഷങ്ങളിലേക്കു നയിക്കുന്നത്. മഹരാഷ്ട്രയിലെ സതാര ജില്ലയിൽ 80ഓളം വരുന്ന സംഘം പള്ളിയിൽ കയറി ആക്രമിച്ചു നൂറുൽ ഹസ്സൻ എന്ന എൻജിനീയറെ വകവരുത്തിയത്‌ ശ്രീരാമനെക്കുറിച്ചും ശിവജിയെക്കുറിച്ചും വാട്‌സാപ്പിൽ മറ്റാരോ ഷെയർ ചെയ്തു എന്നാരോപിക്കുന്ന സന്ദേശത്തിന്റെ പ്രകോപനത്തിലാണ്. ഹരിയാനയിലെ നൂഹിൽ നടന്ന വർഗീയകലാപം സമാനമായ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ്. അധികാര രാഷ്ട്രീയത്തിൽ പ്രാമുഖ്യമുള്ള പ്രത്യയശാസ്ത്രം അതിന്റെ വിപത്സന്ദേശങ്ങൾ സംഘടിതവും അച്ചടക്കത്തോടെയുമുള്ള സോഷ്യൽ മീഡിയ സെല്ലുകളുടെ പ്രവർത്തനത്തിലൂടെ സമൂഹമനസ്സാക്ഷിയിലേക്കു നിരന്തരം ഒഴുക്കിവിടുന്നു. സിഎഎക്കെതിരെ സമരം നടക്കുമ്പോൾ ബംഗ്ലാദേശ്, പാകിസ്ഥാൻ തീവ്രവാദബന്ധമാണ് സോഷ്യൽ മീഡിയകളിൽ ആരോപിക്കപ്പെട്ടത്‌. സി എ എക്കെതിരെ ബിജെപി നടത്തിയ  #ndiaSupportCAA ക്യാമ്പയ്നുവേണ്ടി 15 മുതൽ 17 ലക്ഷം വരെ ചെലവാക്കി എന്ന് ദി വയർ റിപ്പോർട്ടു ചെയ്യുന്നുണ്ട്. 2014 ഇലക്‌ഷൻ കാലത്ത്‌ ബിജെപി രണ്ടുലക്ഷം മുതൽ മൂന്നു ലക്ഷം വരെ വാട്‌സാപ്പ് ഗ്രൂപ്പുകളും 18000 വ്യാജ ട്വിറ്റർ ഹാൻഡിലുകളും ഉപയോഗിച്ചിരുന്നു എന്ന് സൗത്ത് ഏഷ്യൻ വോയ്സിലെ ഒരു ലേഖനത്തിൽ പറയുന്നു. സിഎഎക്കെതിരെ സമരം നടക്കുമ്പോൾ ബംഗ്ലാദേശ്, പാകിസ്ഥാൻ തീവ്രവാദബന്ധമാണ് സോഷ്യൽ മീഡിയകളിൽ ആരോപിക്കപ്പെട്ടത്‌. സി എ എക്കെതിരെ ബിജെപി നടത്തിയ  #ndiaSupportCAA ക്യാമ്പയ്നുവേണ്ടി 15 മുതൽ 17 ലക്ഷം വരെ ചെലവാക്കി എന്ന് ദി വയർ റിപ്പോർട്ടു ചെയ്യുന്നുണ്ട്. 2014 ഇലക്‌ഷൻ കാലത്ത്‌ ബിജെപി രണ്ടുലക്ഷം മുതൽ മൂന്നു ലക്ഷം വരെ വാട്‌സാപ്പ് ഗ്രൂപ്പുകളും 18000 വ്യാജ ട്വിറ്റർ ഹാൻഡിലുകളും ഉപയോഗിച്ചിരുന്നു എന്ന് സൗത്ത് ഏഷ്യൻ വോയ്സിലെ ഒരു ലേഖനത്തിൽ പറയുന്നു. വർഗീയ ചേരിതിരിവും, പരസ്പരം വെറുപ്പും വിദ്വേഷവും സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിൽ ആശങ്കയും ഭീഷണിയും ഉയർത്തി ദളിത്/സ്ത്രീ / ന്യൂനപക്ഷ വിരുദ്ധ പ്രത്യയശാസ്ത്രത്തെ വിജയകരമാംവണ്ണം അധികാരത്തിലുറപ്പിക്കാൻ ഏറെ വളക്കൂറുള്ള മണ്ണാണ് സോഷ്യൽ മീഡിയ വലതുപക്ഷത്തിനു  പ്രദാനം ചെയ്യുന്നത്. ഉറച്ച രാഷ്ട്രീയ ബോധ്യങ്ങളുടെയും വിമോചന തൃഷ്ണയുടെയും പ്രതിരോധ ഭൂമികയിൽനിന്നാണ് ഇന്ത്യൻ മാധ്യമ പ്രസ്ഥാനം ഉയർന്നുവന്നത്. ഭാഷയിലും സംസ്‌കാരത്തിലും സാമൂഹ്യപദവിയിലും വൈവിധ്യങ്ങൾ പുലർത്തിയ ഒരു സമൂഹത്തിനു വിവരവിനിമയത്തിന്റെയും ചർച്ചയുടെയും സംവാദത്തിന്റെയും പ്രതലമൊരുക്കിക്കൊണ്ട്‌ സക്രിയമായ ഒരു പൊതുമണ്ഡലം സൃഷ്ടിക്കാൻ ഇന്ത്യൻ മാധ്യമങ്ങൾക്കു കഴിഞ്ഞിരുന്നു. എന്നാൽ ക്രമേണ മാധ്യമപ്രവർത്തനം സാംസ്‌കാരിക വ്യവസായത്തിന്റെ മൂലധനതാല്പര്യങ്ങൾക്കു സമ്പൂർണമായി കീഴ്‌പ്പെടുകയും തൽഫലമായി വാർത്തകൾ  ആസ്വാദ്യകരമായ ചരക്കുകളാക്കി വ്യാപനം ചെയ്യപ്പെടാൻ  തുടങ്ങുകയും ചെയ്തു. വ്യക്തികളുടെ വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള വിനോദസാമഗ്രിയായി അങ്ങനെ വാർത്തകൾക്കു രൂപമാറ്റം സംഭവിച്ചു. സാംസ്കാരിക വ്യവസായം അതിനെ ഉപഭോഗം ചെയ്യാനുള്ള ആൾക്കൂട്ടത്തെയും സൃഷ്ടിക്കും എന്ന് തിയോഡോർ അഡോർണോ നിരീക്ഷിച്ചതുപോലെ ചിന്തയും പ്രതിരോധ രാഷ്‌ട്രീയവും നിർവീര്യമാക്കപ്പെട്ട വലതുപക്ഷ പോപ്പുലിസ്റ്റ്‌  തീവ്രനിലപാടുകളുടെ വളർച്ചക്കാണ് ഇത് വഴിയൊരുക്കിയത്. ദളിത്/ സ്ത്രീ/ ന്യൂനപക്ഷ/കുടിയേറ്റ  വിരുദ്ധ പ്രത്യയശാസ്ത്രവും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അനുദിനം ഫാസിസ്റ്റ്‌ പ്രവണതകൾ പ്രദർശിപ്പിക്കുന്ന ഭരണകൂടത്തെ സംരക്ഷിച്ചു നിർത്തുന്നു. അവർക്കുവേണ്ടി ഗീബൽസിന്റെയും ഗ്ലേസിയോ ചിയാനോയുടെയും ഇന്ത്യൻ അവതാരങ്ങൾ പത്രത്താളുകളും  ടെലിവിഷൻ സ്‌ക്രീനുകളും  വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷധൂളികളാൽ  നിറയ്ക്കുന്നു. ഇതിനെതിരെ ചിന്ത കൊണ്ടും നൈതിക കൃത്യതകൊണ്ടും പ്രതിരോധം തീർക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങൾ നമ്മൾ കേൾക്കുന്നുണ്ട്. അവരോടൊപ്പം അണിചേരുകയാണ് ഇന്നിന്റെ രാഷ്ട്രീയ ദൗത്യം. . AnuradhaBhattacharjee, AnushiAgrawal.  Mapping the Power of Major Media Companies in India, Economic and Political weekly, Aug 2018 Jelvin Jose. The politicisation of Social Media in India, South Asian Voices, July 13, 2021 Reba Chaudburi.The Story of the Indian Press, Economic and Political weekly, March 12, 1955 TheodreAdorno, Max Horkheimer. The Culture Industry: Enlightenment as Mass Deception, 1944  UsharaniNarayana, PritiKapoor. Indian Media Framing of the Image of Muslims An Analysis of News Coverage of Muslims in English Newspapers of India, MEDIA ASIA, VOL 38 NO 3, 2011 MEDIA IN INDIA: Access, Practices, Concerns and Effects, Published by Lokniti - Centre for the Study Developing Societies (CSDS), 2022. (ദേശാഭിമാനി വാരികയിൽ നിന്ന്)   Read on deshabhimani.com

Related News