അരങ്ങിനോട് എന്ത് മറുപടി പറയും
അരങ്ങിന് കണ്ണീരിന്റെ രുചി കൂടിയുണ്ടെന്ന് ആരാണ് പറഞ്ഞത്? ഒരു വേള മുന്നിൽ ആർsത്തിരമ്പുന്ന കാണികളുടെ കൈയടികൾ ഹൃദയം നിറയ്ക്കുമ്പോൾ, മറ്റൊരിക്കൽ മറന്നുവച്ച വാക്കുകൾ നാടകത്തിന്റെ ഒഴുക്ക് ഭേദിച്ചപ്പോൾ, അപ്പോൾ .... അപ്പോഴെല്ലാം, പൊറ്റ കെട്ടിയ കണ്ണീരുപ്പ് തിരശ്ശീലയിൽ പടരവേ ഉയിർപ്പ് അരങ്ങ് എന്ന തീരാസ്വപ്‌നങ്ങളിൽ മാത്രം. പക്ഷേ, ഇവിടെ നിലച്ചു പോയത് ഏതാനും മണിക്കൂറുകൾക്കു മുമ്പ് അരങ്ങിൽ തുടിച്ച രണ്ടു ഹൃദയങ്ങളാണ്. രണ്ട് ജീവിതങ്ങളാണ്. തീരാനോവ് കണ്ണൂർ കേളകം മലയാംപടിയിൽ വാഹനാപകടത്തിൽ മരിച്ച നടിമാരായ ജെസി മോഹൻ, അഞ്ജലി ഉല്ലാസ് എന്നിവർ അരങ്ങിന് നോവായി മാറുന്നു. കായംകുളം ദേവ കമ്യൂണിക്കേഷൻസിന്റെ ‘വനിതാ മെസ്’ എന്ന നാടകത്തിലായിരുന്നു ഇരുവരും അഭിനയിച്ചത്. കടന്നപ്പള്ളി തെക്കേക്കര റെഡ് സ്റ്റാർ നാടകോത്സവത്തിന്റെ രണ്ടാം ദിവസം നാടകം അവതരിപ്പിച്ചു. നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് നാടകം ഏറ്റുവാങ്ങിയത്. രാത്രി 7 . 45ന് നാടകം തുടങ്ങി 9.45ന് അവസാനിച്ചു. തുടർന്ന് ശനിയാഴ്ച വയനാട് സുൽത്താൻബത്തേരി സംസ്ഥാന പ്രൊഫഷണൽ നാടക മേളയിലേക്ക് പോകാനുള്ള യാത്രയിലായിരുന്നു അവർ. പൾസ് കേരള അക്കാദമി ഓഫ് എൻജിനിയറിങ്ങും ബത്തേരി നഗരസഭയും പ്രസ് ക്ലബും ചേർന്നാണ് സുൽത്താൻബത്തേരി ടൗൺ ഹാളിൽ നാടകം സംഘടിപ്പിച്ചിരുന്നത്. അതിനായുള്ള യാത്രയിലായിരുന്നു നാടക സംഘം. കേളകം മലയാം പടിയിലെ ചെങ്കുത്തായ കുന്നിൽനിന്ന് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞാണ് അപകടം. 14 പേരായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. ദീർഘദൂര യാത്രയായതിനാൽ രണ്ടു ഡ്രൈവർമാരുമുണ്ടായിരുന്നു. നാടകത്തിൽ അഭിനയിച്ച അതിരുങ്കൽ സുഭാഷ്, ബിന്ദു സുരേഷ് എന്നിവർക്കെല്ലാം കാര്യമായി പരിക്കേറ്റു. ഇനി മാസങ്ങളോളം നീണ്ടുനിൽക്കുന്ന ചികിത്സ ഇവർക്ക് വേണം. മറ്റുകലാകാരന്മാരുടെയും അവസ്ഥ ഇതുപോലെ തന്നെ. സർക്കാർ സഹായം കൂടെയുണ്ട് എന്നതാണ് ഏറെ പ്രതീക്ഷ. പ്രദേശത്തെ സിപിഐ എം പ്രവർത്തകരുടെ സഹായവും കണ്ണൂരിൽ നിന്നും ലഭിച്ചു. സംവിധായകൻ രാജീവൻ മമ്മിള്ളി പറഞ്ഞു. അവൻ കാത്തിരിക്കുന്നു 31കാരിയായ അഞ്ജലി മൂന്ന് വർഷം മുമ്പാണ് കായംകുളം ദേവ കമ്യൂണിക്കേഷൻസിലെത്തുന്നത്. ആറു വിരലുള്ള കുട്ടി, ചന്ദ്രികാ വസന്തം തുടങ്ങിയ നാടകങ്ങളിൽ മുമ്പ് അഭിനയിച്ചിരുന്നു. കെ പി എസിയുടെ ‘ഈഡിപ്പസ്’ നാടകത്തിലും ശ്രദ്ധേയമായ വേഷം ചെയ്‌തു. മുതുകുളം തെക്ക് ഹരിശ്രീ ഭവനത്തിൽ ഉല്ലാസാണ് അഞ്ജലിയുടെ ഭർത്താവ്. മൂന്നരവയസ്സുകാരൻ മകൻ ഡ്രോണിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയില്ലെന്ന് ഉല്ലാസ് പറയുന്നു. സമരവഴിയിലൂടെ ജീവിതം ജീവിതാനുഭവങ്ങളോടുള്ള സമരത്തിലായിരുന്നു 58 കാരിയായ ജെസി മോഹൻ. 40 വർഷമായി വിവിധ നാടക സംഘങ്ങളിൽ അഭിനയിക്കുന്നു. കൊല്ലം യവന, കൊല്ലം ആവിഷ്‌കാര, ഓച്ചിറ നാടകരംഗം, ചിറയിൻകീഴ് അനുഗ്രഹ എന്നീ സമിതികളിലെല്ലാം അഭിനയിച്ചിരുന്നു. മലയാള സിനിമയിലെ ആലുംമൂടന്റെ സഹോദരിയുടെ മകളാണ്. കൊല്ലം യവന തിയറ്റേഴ്സിൽ അഭിനയിക്കുമ്പോഴാണ് പ്രശസ്ത നടൻ തേവലക്കര മോഹനുമായി പ്രണയത്തിലായത്. പിന്നീട് വിവാഹ ശേഷവും ഇരുവരും ചേർന്ന് നിരവധി കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ചു. തുടർന്ന് ഒട്ടേറെ സമിതികളിൽ അഭിനയിച്ചു. മകൾ സ്വാതിയുടെ പേരിൽ തിയറ്റർ ഗ്രൂപ്പ് തുടങ്ങിയെങ്കിലും വിജയിക്കാനായില്ല. ഏറെ നാളായി ഓച്ചിറ വലിയകുളങ്ങരയിലുള്ള ഇടത്തിട്ട പടീറ്റതിൽ (വിശ്വഭവനം) വീട്ടിൽ വാടകയ്ക്കു താമസിച്ചു. ഇതിനിടെയാണ് തേവലക്കര മോഹന് കരൾ രോഗം ബാധിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്ക് പണം വേണം. നാടകമല്ലാതെ മറ്റൊന്നും മുന്നിലില്ല. അപ്പോഴും നാടകം തുടർന്നു. അഞ്ചുമാസം മുമ്പ് മോഹൻ മരിച്ചു. പക്ഷേ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ജെസി വീണ്ടും അരങ്ങിലെത്തുകയായിരുന്നു. മകൾ സ്വാതിയും മരുമകൻ അനുവിനും ആ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. പ്രേംനസീർ സുഹൃത് സമിതി അവാർഡ്, രാജൻ പി ദേവ് പുരസ്കാരം, കെസിബിസി അവാർഡ്, എൻ ബി ത്രിവിക്രമൻ പിള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ‘ഈ പിറന്നാൾ ആഘോഷിക്കാൻ അമ്മയുണ്ടായില്ല. നവംബർ 19നായിരുന്നു അമ്മയുടെ ജന്മദിനം’. മകൾ സ്വാതിയുടെ വാക്കുകൾ കണ്ണീരിൽ മുറിയുന്നു. കാളിദാസ കലാകേന്ദ്രയിൽ അഭിനയിക്കുന്ന വേളയിൽ വിദേശത്തും നാടകം ചെയ്യാൻ അവസരം ലഭിച്ചത് ആഹ്ലാദകരമായ ഓർമയായി അമ്മ പറയാറുണ്ട്. മൂന്ന് വയസ്സിൽ ബാലതാരമായി അരങ്ങിലെത്തി. പിന്നീട് പതിനാലാം വയസ്സിൽ തരംഗം ചങ്ങനാശേരിയിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തി. അമ്മയും അച്ഛനും എന്നും നാടകത്തിനു വേണ്ടി ജീവിച്ചു. സ്വന്തമായി വീടുപോലുമില്ല. മരിച്ചാൽ അടക്കം ചെയ്യാൻ ഒരിടം വേണം എന്നായിരുന്നു അച്ഛന്റെ ഏക ആഗ്രഹം. അച്ഛന്റെ വേർപാടിനുശേഷം അതേയിടത്തുതന്നെ അടക്കണമെന്ന് അമ്മ ഇടയ്‌ക്ക് പറയാറുണ്ട്. പക്ഷേ ഇത്ര പൊടുന്നനേ.... ഈ യാത്രയ്ക്ക് പോകാൻ എന്നെയും വിളിച്ചിരുന്നു. എനിക്ക് പോകാനായില്ല. അമ്മ പോയി. മടങ്ങി വരാത്ത വിധം.’ സ്വാതി പറഞ്ഞു. വനിതാമെസ് പെണ്ണ് നടത്തുന്ന പോരാട്ടങ്ങളാണ് വനിതാമെസ് പറയുന്നത്. പൊതുരംഗത്തേക്ക് സ്‌ത്രീകൾ എത്തുമ്പോൾ കുടുംബവും സമൂഹവും അവരെ ഏതു രീതിയിൽ കാണുന്നുവെന്ന് ഹാസ്യപ്രധാനമായി നാടകം പറയുന്നു. ചിരിച്ചും ചിന്തിപ്പിച്ചുമാണ് ഓരോ രംഗവും പിന്നിടുന്നത്. അഞ്ജലി ഉല്ലാസും ജെസി മോഹനും അച്ചുവും ഇന്ദ്രാണിയുമായി അരങ്ങിലെത്തി. വനിത എന്ന യുവതിയും മകൾ അച്ചുവും പാചകക്കാരി ഇന്ദ്രാണിയും നടത്തുന്ന വനിതാ മെസാണ് നാടകത്തിന്റെ കഥാതന്തു. മേരിയെന്ന വയോധികയായും ജെസി അരങ്ങിലെത്തി. പ്രദീപ്‌കുമാർ കാവുംതറ രചിച്ച നാടകത്തിന്റെ സംവിധാനം രാജീവൻ മമ്മിളിയാണ്. ദേവ കമ്യൂണിക്കേഷൻ ഈ വർഷം അരങ്ങിലെത്തിച്ച നാടകത്തിന്റെ ആറാമത്തെ വേദിയാണിത്. ഈ വർഷം എഴുപത്തഞ്ചോളം ബുക്കിങ് നാടകത്തിന് ലഭിച്ചു. മുതുകുളം ശ്രീനാരായണ മന്ദിരത്തിൽ ഒന്നിനാണ് പൂജ കഴിഞ്ഞ് നാടകം അരങ്ങേറിയത്. സിപിഐ എം അഞ്ചരക്കണ്ടി ഏരിയ സമ്മേളനത്തിന്റെ ഭാഗമായാണ് കണ്ണൂരിൽ നാടകം ആദ്യം അവതരിപ്പിച്ചത്. അഭിനേതാക്കളുടെ ചികിത്സ കഴിഞ്ഞുവരാൻ മാസങ്ങൾ വേണ്ടി വരുമെന്നതിനാൽ ഏറ്റെടുത്ത വേദികളിലെല്ലാം പകരം നാടകങ്ങൾ നൽകുകയാണെന്ന് രാജീവൻ മമ്മള്ളി പറയുന്നു. ഡ്രാമാ ചേമ്പറിന് കീഴിലുള്ള നാടകസംഘങ്ങൾ, നടീനടന്മാരുടെ സംഘടനയായ ഡാം, ടെക്നിക്കൽ അസിസ്റ്റന്റ് സംഘടനയായ അണിയറക്കൂട്ടം, കോതമംഗലം ബോധി, - കോറസ് മാണിയാട്ട്,- പാസ് പതാരം (കരുനാഗപ്പള്ളി ) എന്നീ സംഘടനകളെല്ലാം നാടകോത്സവങ്ങൾ നടത്തി ലഭിക്കുന്ന പണം സമിതിയിലെ ചികിത്സാ സഹായത്തിനായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക സഹായത്തിന് വഴിതുറന്ന് ഒട്ടേറെപ്പേർ കൂടെയെത്തുന്നു. പക്ഷേ, നഷ്‌ടമായ ആ രണ്ട് ജീവിതങ്ങൾക്ക്, അരങ്ങിനോട് എന്തു മറുപടി പറയും. Read on deshabhimani.com